‘അൽപ വസ്ത്രം അണിഞ്ഞ് എന്ത് സന്ദേശമാണ് നൽകുന്നത്’; അഹാനയുടെ വസ്ത്രത്തിന് വിമർശനം
Mail This Article
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അഹാന കൃഷ്ണ. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ പുതിയൊരു ഡാൻസ് വിഡിയോയുമായെത്തിയിരിക്കുകയാണ് താരം. വിഡിയോയ്ക്ക് താഴെ ഒരാൾ കുറിച്ച കമന്റാണിപ്പോൾ വൈറലാകുന്നത്.
‘ലട്ടൂ ലട്ടൂ’ എന്ന ഗാനത്തിനാണ് അഹാന ചുവടുവച്ചത്. നിമിഷ നേരം കൊണ്ട് വിഡിയോ വൈറലായി. പലരും അഹാനയുടെ ഡാൻസിനെ പ്രകീർത്തിച്ച് രംഗത്തെത്തി. എന്നാൽ താരത്തിന്റെ വസ്ത്രത്തിനെ വിമർശിച്ചും എത്തിയിരിക്കുകയാണ് ചിലർ. വിമർശനമായി പങ്കുവച്ചൊരു കമന്റാണ് ശ്രദ്ധേയമാകുന്നത്. വിഡിയോയിൽ ജീൻസും ബ്ലാക്ക് സ്ലീവ്‌ലെസ് ടോപ്പുമാണ് അഹാന ധരിച്ചത്.
‘ഈ നടിമാരൊക്കെ ഇതേപോലുള്ള അൽപ വസ്ത്രങ്ങൾ അണിഞ്ഞു ഈ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകാൻ ഉദ്ദേശിക്കുന്നത്? സ്ത്രീയുടെ സൗന്ദര്യം വിറ്റ് കോടികൾ ഉണ്ടാക്കുകയാണ് ഇവിടുത്തെ പാശ്ചാത്യരായ കുത്തക കോർപ്പറേറ്റ് കമ്പനികൾ. അവർ ഉണ്ടാക്കിയ ഇൻസ്റ്റഗ്രാമിൽ നിന്ന് അവർ തന്നെ ഉണ്ടാക്കിയ ഫെയ്ക്ക് അക്കൗണ്ടിൽ നിന്ന് നിങ്ങൾക്ക് ലൈക്ക് തന്ന് നിങ്ങളെ പറ്റിച്ചു മണ്ടിമാരാക്കുന്നു. സ്ത്രീ എന്നും പുരുഷന്റെ വീക്ക്നെസ്സാണ് ആ വീക്ക്നെസ്സിൽ കയറിപ്പിടിച്ചുകൊണ്ട് അവർ കോടികൾ ഉണ്ടാക്കുന്നത്. നിങ്ങൾ എന്താണ് ഉണ്ടാക്കിയത് സഹോദരിമാരെ, കുറെ പുരുഷന്മാരെ സെക്സ്ൽ ഇഞ്ചക്ട് ചെയ്തു എന്നല്ലാതെ’. എന്നാണ് കമന്റ്
അഹാന ഈ കമന്റിന് മറുപടിയൊന്നും നല്‍കിയിട്ടില്ല. എന്നാൽ താരത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തുന്നത്. എന്തിനാണ് ഒരാൾ ഇഷ്ടമുള്ള വസ്ത്രം ധരിക്കുമ്പോൾ ഇങ്ങനെയെല്ലാം പ്രതികരിക്കുന്നതെന്നും, വസ്ത്രം ധരിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും സന്ദേശം നല്‍കാനല്ല വസ്ത്രം ധരിക്കുന്നത്, അതവരുടെ ഇഷ്ടമാണ് എന്നെല്ലാം കമന്റുകളുണ്ട്.