തുടക്കം ബിക്കിനി മത്സരത്തിലൂടെ, വിമർശനമുയർന്നതോടെ സ്വിം സ്യൂട്ട് റൗണ്ട്; ഇന്ത്യ കാത്തിരിക്കുന്നു ലോക സുന്ദരിക്കായി
Mail This Article
വർഷം 1951. ബ്രിട്ടനിൽ ഫെസ്റ്റിവൽ ഓഫ് ബ്രിട്ടൻ നടക്കുന്നു. ടെലിവിഷൻ അവതാരകനായ എറിക് മോർലിയുടെ മനസ്സിൽ ഒരാശയമുദിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി ബിക്കിനി മത്സരം സംഘടിപ്പിച്ചാലോ. അങ്ങനെ ‘ഫെസ്റ്റിവൽ ബിക്കിനി കോൺടെസ്റ്റ്’ എന്ന പേരിൽ മത്സരം നടത്തി. ബ്രിട്ടനിലെ പത്രമാധ്യമങ്ങൾ മത്സരത്തിന് വലിയ കവറേജ് നൽകി. പല രാജ്യങ്ങളിൽനിന്നുള്ള യുവതികൾ മാറ്റുരച്ച മത്സരമായതുകൊണ്ട് ഇതൊരു ലോകസുന്ദരി മത്സരമാണെന്ന് പത്രങ്ങൾ തെറ്റിദ്ധരിച്ചു. ബിക്കിനി മത്സരത്തിൽ ജയിച്ച കെർസ്റ്റിൻ കിക്കി ഹാക്കൻസൻ എന്ന സ്വീഡിഷ് യുവതി അങ്ങനെ ആദ്യത്തെ ലോകസുന്ദരിയായി.
മാധ്യമങ്ങളിൽ വലിയ പ്രചാരം ലഭിച്ചെങ്കിലും ഒട്ടേറെ വിമർശനങ്ങളും എറിക് മോർലിയെ തേടിയെത്തി. ബിക്കിനി സാമൂഹികമര്യാദയ്ക്ക് ചേരുന്ന വസ്ത്രമല്ലെന്നുള്ളതായിരുന്നു പ്രധാന വിമർശനം.
ബിക്കിനി മത്സരം ഒറ്റത്തവണത്തേക്ക് മാത്രം നടത്താം എന്നാണ് എറിക് കരുതിയിരുന്നത്. തൊട്ടടുത്ത വർഷം അമേരിക്ക വിശ്വസുന്ദരി മത്സരം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ മത്സരം മുന്നോട്ടു കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. മാധ്യമങ്ങൾ വിശേഷിപ്പിച്ചപോലെ ‘ലോകസുന്ദരി മത്സരം’ എന്ന പേരിൽ എറിക് മത്സരത്തെ ബ്രാൻഡ് ചെയ്തു. എല്ലാ വർഷവും മത്സരം സംഘടിപ്പിക്കുമെന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാൽ ചില രാജ്യങ്ങൾ ബിക്കിനിയെ എതിർക്കുകയും മത്സരാർഥികളെ അയയ്ക്കാതിരിക്കുകയും ചെയ്തതോടെ ബിക്കിനി റൗണ്ട് മാറ്റി സ്വിം സ്യൂട്ട് റൗണ്ട് കൊണ്ടുവന്നു. 1959 മുതൽ ബിബിസി ലോകസുന്ദരി മത്സരം സംപ്രേഷണം ചെയ്യാനാരംഭിച്ചു.
കൈനിറയെ സമ്മാനം
2017ലെ ജേതാവായ മാനുഷി ഛില്ലർക്ക് 10 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. 40 കോടി രൂപ വിലമതിക്കുന്ന കിരീടം ഒരു വർഷത്തേക്ക് കൈവശം വയ്ക്കാം. മറ്റു സമ്മാനങ്ങൾ: ലോകത്തെവിടെയും സൗജന്യമായി സഞ്ചരിക്കാനുള്ള അവസരം, താമസം, ഭക്ഷണം, സ്പോൺസർമാരിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ, ഒരു വർഷത്തേക്ക് ആവശ്യമായ മേക്കപ് സാധനങ്ങൾ, വസ്ത്രം, ആഭരണങ്ങൾ, പ്രഫഷനൽ സ്റ്റൈലിസ്റ്റിന്റെ സേവനം, സ്വന്തമായി ന്യൂട്രീഷനിസ്റ്റ്, ലോകത്തെ ഏറ്റവും പ്രശസ്തരായ ഫാഷൻ ഡിസൈനർമാരുടെയും ഫൊട്ടോഗ്രഫർമാരുടെയും കൂടെ പ്രോജക്ടുകൾ ചെയ്യാനുള്ള അവസരം, മിസ് വേൾഡ് ഓർഗനൈസേഷന്റെ ബ്രാൻഡ് അംബാസഡർ പദവി.
മത്സരിക്കണോ, കല്യാണം കഴിക്കരുത്
ലോകസുന്ദരി പട്ടത്തിന് മത്സരിക്കാനുള്ള മാനദണ്ഡങ്ങൾ ഇതുവരെ പരിഷ്കരിച്ചിട്ടില്ല. അവിവാഹിത, കുട്ടികൾ ഉണ്ടാവരുത്, 17– 27 പ്രായപരിധി, പ്രതിനിധീകരിക്കുന്ന രാജ്യത്തെ സ്ഥിരം താമസക്കാരി എന്നിവയാണ് യോഗ്യതകൾ.
റൗണ്ടുകൾ
2023ലെ ലോകസുന്ദരി മത്സരത്തിന്റെ ഫൈനൽ ഘട്ടമാണല്ലോ ഇന്ത്യയിൽ നടക്കാനിരിക്കുന്നത്. അവസാന റൗണ്ടിനുമുൻപ് വിവിധ ഘട്ടങ്ങളിൽ വിജയിക്കേണ്ടതുണ്ട്. ഫൈനലിനു മുൻപുള്ള വർഷം അവർ പ്രതിനിധീകരിക്കുന്ന രാജ്യത്തെ നാഷനൽ ടൈറ്റിൽ നേടണം. അതായത്, ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുന്നയാൾ മിസ് ഇന്ത്യ പദവി നേടണം. അല്ലെങ്കിൽ മിസ് വേൾഡ് ഓർഗനൈസേഷൻ രാജ്യങ്ങൾക്കായി സംഘടിപ്പിക്കുന്ന പ്രിലിമിനറി റൗണ്ട് പാസാകണം. ഇത്തരം മത്സരങ്ങൾ ഓരോ രാജ്യത്തും നടത്തുന്നത് മിസ് വേൾഡ് സംഘടനയുടെ ഫ്രാഞ്ചൈസികളാണ്. ഈ മത്സരങ്ങളിലും വിവിധ എലിമിനേഷൻ ഘട്ടങ്ങളുണ്ട്. ഇവയിലെ വിജയികൾ മിസ് വേൾഡിൽ മത്സരിക്കും.
ഏകദേശം ഒരുമാസം നീണ്ട ഇവന്റുകളാണ് ഫൈനൽ ഘട്ടത്തിലുള്ളത്. സംഘടന തന്നെ ചില ഫാസ്റ്റ് ട്രാക്ക് ഇവന്റുകളും അവതരിപ്പിച്ചിട്ടുണ്ട്. അവയിലെ വിജയികൾക്കും ഫൈനലിൽ മത്സരിക്കാം. ഇപ്പോൾ വിധികർത്താക്കൾ ഉപയോഗിക്കുന്ന വിധി നിർണയ രീതിയുടെ പേര് ദ് സ്കോർ ബോർഡ് എന്നാണ്.
പ്രിലിമിനറി, സെമിഫൈനൽ, ഫൈനൽ എന്നീ 3 ഘട്ടങ്ങൾക്കും വ്യത്യസ്തമായ സ്കോറിങ് ഫോർമാറ്റാണുള്ളത്. ഫാസ്റ്റ് ട്രാക്ക് ഇവന്റുകളും പ്രിലിമിനറി ഘട്ടത്തിൽ ബോണസ് പോയിന്റുകൾ നേടാൻ സഹായിക്കുന്നവയാണ്.
പ്രിലിമിനറി
ഈ ഘട്ടത്തിൽ പങ്കെടുക്കുന്നവരുടെ അഴക്, രൂപം, വ്യക്തിത്വം തുടങ്ങിയ വിലയിരുത്തുന്നു. 6 മുതൽ 10 വരെയുള്ള മാർക്കുകളാണ് ഓരോ വിധികർത്താവും നൽകേണ്ടത്.
സെമിഫൈനൽ
പ്രിലിമിനറി, ഫാസ്റ്റ് ട്രാക്ക് മാർക്കുകളുടെ അടിസ്ഥാനത്തിൽ ആദ്യ 15 സ്ഥാനത്തെത്തിയവർ സെമിഫൈനലിൽ മത്സരിക്കും.
ഫൈനൽ
5 പേരാണ് ഫൈനലിൽ മത്സരിക്കുന്നത്. 5 പേരോടും വ്യത്യസ്തമായ ചോദ്യങ്ങൾ ചോദിക്കും. ഇതിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്നയാൾ കിരീടമണിയും.
മിസ് വേൾഡ് മത്സരത്തിലെ ചില ചോദ്യങ്ങളും ഉത്തരങ്ങളും
∙ ഐശ്വര്യ റായ്
ചോദ്യം: ലോകസുന്ദരിക്ക് എന്തൊക്കെ ഗുണങ്ങൾ ഉണ്ടായിരിക്കണമെന്നാണ് നിങ്ങൾ കരുതുന്നത്?
ഉത്തരം: ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എല്ലാ ലോകസുന്ദരിമാരും സഹാനുഭൂതിയുടെ ഉദാത്ത മാതൃകകളാണ്. മനുഷ്യൻ സൃഷ്ടിച്ച രാജ്യത്തിന്റെയും നിറത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം നോക്കിക്കാണാൻ കഴിവുള്ളവർ നമുക്കിടയിലുണ്ട്. അവരാണ് യഥാർഥ ലോകസുന്ദരിമാർ; സത്യമുള്ള, യഥാർഥ വ്യക്തികൾ.
∙ പ്രിയങ്ക ചോപ്ര
ചോദ്യം: അറിവില്ലായ്മ ആനന്ദമാണെങ്കിൽ എന്തിനാണ് നിങ്ങൾ അറിവു തേടുന്നത്?
ഉത്തരം:അറിവില്ലായ്മയെ ആനന്ദമെന്നു വേണമെങ്കിൽ വിളിക്കാം. എന്നാൽ എന്താണ് അറിവില്ലായ്മയെന്ന തിരിച്ചറിവു നമുക്കു തരുന്നത് അറിവാണ്. ലോകത്തെ വിശാലമായ അർഥത്തിൽ കാണാൻ സഹായിക്കുന്നത് അറിവാണ്.
∙ മാനുഷി ഛില്ലർ
ചോദ്യം: നിങ്ങളുടെ അഭിപ്രായത്തിൽ ഏറ്റവും കൂടുതൽ വേതനം അർഹിക്കുന്ന പദവി ഏതാണ്?
ഉത്തരം: അമ്മയെന്ന പദവിക്കാണ് ഏറ്റവും കൂടുതൽ ബഹുമാനം കൊടുക്കേണ്ടത്. പണം കൊണ്ടല്ല ഇതളക്കേണ്ടത്. ഒരാൾക്കു കൊടുക്കുന്ന സ്നേഹവും പരിഗണനയും ഇതിൽ ഉൾപ്പെടും. എന്റെ അമ്മ എനിക്ക് വലിയ പ്രചോദനമാണ്. അതിനാൽ അമ്മയെന്ന പദവിക്കാണ് ഏറ്റവും കൂടുതൽ വില നൽകേണ്ടത്.
ലോക സൗന്ദര്യ മത്സരത്തിൽ ഇന്ത്യയുടെ അഭിമാനമായവർ
റീത്ത ഫാരിയ (1966)
ലോക സുന്ദരിപ്പട്ടം നേടുന്ന ആദ്യ ഏഷ്യക്കാരിയും ഇന്ത്യക്കാരിയുമാണ് റീത്ത. മത്സരിക്കുമ്പോൾ മെഡിക്കൽ വിദ്യാർഥിയായിരുന്നു. മുംബൈ സ്വദേശിനിയാണ്. സിനിമയിലും മോഡലിങ്ങിലും അവസരങ്ങൾ ലഭിച്ചെങ്കിലും അതെല്ലാം നിരസിച്ച് അവർ ആതുരശ്രുശ്രൂഷ തിരഞ്ഞെടുത്തു.
യുക്താ മുഖി (1999)
ബെംഗളൂരുവിൽ ജനിച്ചു. സുവോളജിയും കംപ്യൂട്ടർ സയൻസും പഠിച്ച യുക്ത സാമൂഹിക പ്രവർത്തക എന്ന നിലയിലും പ്രശസ്തയാണ്.
ഐശ്വര്യ റായ് (1994)
മംഗളൂരുവിൽ ജനിച്ച ഐശ്വര്യ റായ് 1997ൽ മണിരത്നം സംവിധാനം ചെയ്ത തമിഴ് ചിത്രമായ ഇരുവറിലൂടെ സിനിമയിലെത്തി. ലോകത്തിലെ ഏറ്റവും സുന്ദരി എന്ന വിശേഷണത്തിൽ പ്രശസ്തയായി.
ഡയാന ഹെയ്ഡൻ (1997)
ഹൈദരാബാദിലെ ആംഗ്ലോ ഇന്ത്യൻ കുടുംബത്തിൽ ജനിച്ച ഡയാന നടിയായും മോഡലായും പ്രവർത്തിച്ചു. 2018ൽ അന്നത്തെ ത്രിപുര മുഖ്യമന്ത്രിയായിരുന്ന ബിപ്ലവ് കുമാർ ദേബ് ലോക സുന്ദരിയാകാനുള്ള സൗന്ദര്യം ഡയാനയ്ക്ക് ഇല്ല എന്നു പറഞ്ഞത് വിവാദമായിരുന്നു.
പ്രിയങ്ക ചോപ്ര (2000)
പ്രിയങ്ക ചോപ്രയുടെ മാതാപിതാക്കൾ ഇന്ത്യൻ ആർമിയിലെ ഡോക്ടർമാരായിരുന്നു. പതിമൂന്നാം വയസ്സിൽ യുഎസ്എയിൽ പഠനത്തിനായി എത്തിയ പ്രിയങ്ക വംശീയ വിവേചനം നേരിട്ടു. 2002ൽ പ്രദർശനത്തിനെത്തിയ തമിഴ് ചിത്രം തമിഴനിലൂടെ സിനിമയിലെത്തി. അമേരിക്കൻ പരമ്പരയായ ക്വാണ്ടിക്കോയിലും ബേവാച്ച്, എ കിഡ് ലൈക്ക് ഡേവിഡ് മുതലായ ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു. പത്മശ്രീ, മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
മാനുഷി ഛില്ലർ (2017)
എംബിബിഎസ് വിദ്യാർഥിയായിരുമ്പോഴാണ് ഹരിയാനക്കാരി മിസ്‍ വേൾഡിൽ മത്സരിച്ചത്. അനീമിയയ്ക്കെതിരെയും സ്ത്രീകളുടെ ആർത്തവ ആരോഗ്യത്തിനായും പ്രവർത്തിക്കുന്നു. 2022 ലെ സമ്രാട്ട് പൃഥ്വിരാജാണ് ആദ്യ ചിത്രം. ഗ്രേറ്റ് ഇന്ത്യൻ ഫാമിലി എന്ന ചിത്രത്തിലും അഭിനയിച്ചു.
സിനി ഷെട്ടി– രാജ്യത്തിന്റെ പ്രതീക്ഷ
കർണാടകയിലെ ഉഡുപ്പി സ്വദേശിയായ സിനി ഷെട്ടിയാണ് മിസ് വേൾഡിൽ ഇന്ത്യയ്ക്കായി ഇത്തവണ മത്സരിക്കുന്നത്. ഹോട്ടൽ ഉടമ സദാനന്ദ ഷെട്ടിയുടെയും ഹേമയുടെയും മകളാണ്. ഭരതനാട്യം നർത്തകിയും മോഡലുമാണ് ഈ ഇരുപത്തിരണ്ടുകാരി.
2008 ലെ മിസ് വേൾഡ് മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായ മലയാളി പാർവതി ഓമനക്കുട്ടൻ അനുഭവം പങ്കുവയ്ക്കുന്നു
പങ്കെടുത്ത മത്സരങ്ങളെല്ലാം ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും അവയെല്ലാം മറക്കാനാകാത്ത വിധം മനോഹരമായിരുന്നു എന്നാണെന്റെ അനുഭവം. ഞാൻ മോഡലിങ് കരിയർ തുടങ്ങിയപ്പോൾ മോഡലിങ് സ്കൂളുകളും പരിശീലന കേന്ദ്രങ്ങളും ഇന്ത്യയിൽ ചുരുക്കമായിരുന്നു. വിദഗ്ധരായ വ്യക്തികളുടെ കീഴിൽ പരിശീലനം നേടാൻ കഴിഞ്ഞു എന്നതാണെന്റെ ഭാഗ്യം. ഫാഷൻ ഡയറക്ടറും കൊറിയോഗ്രഫറുമായ ഹേമന്ദ് ത്രിവേദി, മേക്കപ് വിദഗ്ധരായ ഭരത്–ഡോറിസ്, സ്കിൻ സ്പെഷലിസ്റ്റായ ഡോ. ജമുന പൈ തുടങ്ങിയവരൊക്കെ എന്റെ കരിയറിനെ മാറ്റിയെടുത്തവരാണ്. മത്സരങ്ങളിലെല്ലാം പങ്കെടുക്കാൻ കൃത്യമായ ഭക്ഷണരീതികളും ചിട്ടകളുമുണ്ടായിരുന്നു. ചില സമയങ്ങളിൽ ഇവയൊക്കെ അതികഠിനമായി തോന്നുമെങ്കിലും ലക്ഷ്യത്തെക്കുറിച്ച് ഓർക്കുമ്പോൾ എല്ലാം പോസിറ്റീവായി മാറും.
അപരിചിതമായ സദസ്സിനു മുൻപിൽ എങ്ങനെ സംസാരിക്കണം, ഭക്ഷണം കഴിക്കേണ്ട രീതി, വസ്ത്രധാരണം, ഓരോ വാക്കുകളും ഉച്ചരിക്കുന്ന വിധം, തുടങ്ങിയവയെല്ലാം വളരെ പ്രധാനമാണ്. അന്നത്തെ കാലത്ത് യുട്യൂബും സാമൂഹിക മാധ്യമങ്ങളും സജീവമല്ലായിരുന്നതിനാൽ മാഗസീനുകളിലും ടിവിയിലുമൊക്കെ വന്നിരുന്ന അഭിമുഖങ്ങളിൽനിന്നാണ് പലതും മനസ്സിലാക്കിയിരുന്നത്. ഐശ്വര്യ റായി, സുസ്‌മിത സെൻ തുടങ്ങിയവരൊക്കെ മത്സരങ്ങളിൽ ഉത്തരം നൽകുന്ന രീതിയൊക്കെ കൃത്യമായി ശ്രദ്ധിക്കുമായിരുന്നു. മിസ് ഇന്ത്യയും മിസ് വേൾഡുമൊക്കെ വളരെ വലിയ വേദികളാണെങ്കിലും ആത്മവിശ്വാസവും കഠിനപരിശ്രമവുമുണ്ടെങ്കിൽ ഏതൊരു പെൺകുട്ടിക്കും ഇവ നേടിയെടുക്കാം.