ഉറങ്ങുമ്പോൾ വരെ സാരിയുടുക്കും, അന്ന് വാണിയമ്മ പറഞ്ഞത് മറക്കില്ല; വല്ലാത്തൊരു ഫീലാണ് സാരി: മഞ്ജരി
Mail This Article
അച്ചുവിന്റെ അമ്മയെന്ന മീരാജാസ്മിൻ ചിത്രത്തിലെ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ ഗായികയാണ് മഞ്‍ജരി. നിരവധി പാട്ടുകളിലൂടെ ആരാധകരുടെ കാതിന് കുളിർമയേകിയ പ്രിയ ഗായിക ഫാഷന്റെ കാര്യത്തിലും ഒട്ടും പിറകിലല്ല. സാരിയെ ഏറെ സ്നേഹിക്കുന്ന മഞ്ജരിക്ക് ഏറ്റവുമധികം ധരിക്കാൻ ഇഷ്ടവും കംഫർട്ടും സാരികൾ തന്നെയാണ്. കോട്ടൻ, ഫ്ലോറൽ, ജോർജെറ്റ് തുടങ്ങി വ്യത്യസ്ത ടൈപ്പിലുള്ള അയ്യായിരത്തിലധികം സാരികളുണ്ട് പ്രിയഗായികയ്ക്ക്. സാരിയിൽ തനി നാടനായും, സ്റ്റൈലിഷ് ലുക്കിലുമെല്ലാമെത്തി മഞ്ജരി പലപ്പോഴും ഫാഷൻ ലോകത്തിന്റെ കയ്യടി നേടിയിട്ടുണ്ട്. അമ്മയുടെ സാരികൾ മുതൽ പൈനാപ്പിളിന്റെയും ഓറഞ്ചിന്റെയും നിറമുള്ള സാരികൾ വരെ മഞ്ജരിയുടെ കയ്യിലുണ്ട്. ലോകസാരി ദിനത്തിൽ തന്റെ സാരി വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവക്കുകയാണ് ഗായിക മഞ്ജരി.
അമ്മയുടെ സാരിയിൽ തുടക്കം
പലർക്കും കുട്ടിക്കാലത്ത് കണ്ണാടിയിൽ നോക്കി സാരിയുടുക്കാനും അമ്മയുടെ സാരിയുടുക്കാനുമൊക്കെ വളരെ ഇഷ്ടമാണല്ലോ, ഞാനും അതുപോലെ തന്നെയായിരുന്നു. അമ്മയുടെ സാരിയൊക്കെ കാണുമ്പോൾ അതുടുക്കണമെന്ന് ഒരുപാട് ആഗ്രഹമൊക്കെ ഉണ്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ അമ്മ സാരിയുടക്കുന്നതൊക്കെ നോക്കി നിൽക്കുമായിരുന്നു. എങ്ങനെയാണ് സാരിയുടുക്കുക, സാരിയുടുത്താൽ എങ്ങനെയായിരിക്കും എന്നൊക്കെ അന്നേ ചിന്തിച്ചിരുന്നു. നാട്ടിൽ ഞങ്ങളുടെ വീടിനടുത്ത് ഒരു സാരി മെറ്റീരിയൽ കിട്ടുന്ന കടയുണ്ട്. അവിടെ പലപ്പോഴും അമ്മയുടെ കൂടെ പോയിട്ടുണ്ട്. അമ്മ അവിടെ നിന്ന് സാരിയെടുക്കുന്ന സമയത്തെല്ലാം ഞാനും അത് നോക്കി നിൽക്കാറുണ്ടായിരുന്നു. അവിടെ നിന്ന് മെറ്റീരിയലെല്ലാമെടുത്ത് ഞാൻ എന്റെ ദേഹത്ത് വച്ചു നോക്കുമായിരുന്നു. കണ്ണാടിയില്‍ അതെല്ലാം കാണുമ്പോൾ സന്തോഷമായിരുന്നു.
സാരിയുടുക്കാൻ ഏറെ ഇഷ്ടമായിരുന്നെങ്കിലും ആദ്യമായി സാരിയുടുക്കുന്നത് പ്ലസ്ടുവിന് പഠിക്കുമ്പോഴാണ്. ഫേർവെൽ ദിവസത്തിലാണ് സാരിയുടുത്ത് സ്കൂളിൽ ആദ്യമായി പോകുന്നത്. അന്ന് എനിക്ക് വല്ലാത്തൊരു സന്തോഷമായിരുന്നു. ഒരുപാട് നാളായുള്ള ആഗ്രഹം സഫലമായതിന്റെ സന്തോഷമായിരുന്നു. അമ്മയുടെ സാരിയാണ് അന്നുടുത്തത്. വെള്ളയിൽ ഓറഞ്ച് ബോർഡറുള്ള സാരി. ആ സാരി എനിക്ക് ഏറെ ഇഷ്ടമായിരുന്നു, അതോടൊപ്പം തന്നെ ആദ്യമായി ഉടുക്കുന്ന സാരിയും; അന്ന് വല്ലാത്തൊരു ഫീലായിരുന്നു. ആദ്യമായി സാരി ഉടുത്തത് കൊണ്ട് അന്ന് വളരെ സൂക്ഷമതയോടെയാണ് സാരി കൊണ്ടു നടന്നത്. ഏറെ ശ്രദ്ധ സാരിക്ക് കൊടുത്തിരുന്നു. അന്ന് സാരിയുടുത്തപ്പോൾ എന്തോ വലിയ കാര്യം സാധിച്ച അവസ്ഥയായിരുന്നു.
എന്റെ വല്യമ്മ ഡോക്ടറാണ്. അവർ എപ്പോൾ ആശുപത്രിയിൽ പോകുമ്പോഴും സാരിയാണ് ഉടുക്കാറുള്ളത്. വലിയൊരു സാരി കളക്ഷൻ അവർക്കുണ്ട്. നാട്ടിലാകുന്ന സമയങ്ങളിൽ എപ്പോഴും ഞാൻ അവർ സാരിയുടുക്കുന്നതൊക്കെ നോക്കി നിൽക്കുമായിരുന്നു. എങ്ങനെയാണ് സാരിയുടുക്കുക എന്നത് വല്യമ്മ സാരിയുടുക്കുന്നത് കണ്ടാണ് പഠിച്ചത്. ആദ്യമായി സാരിയുടുത്തപ്പോൾ മാത്രമാണ് അമ്മ എന്നെ സഹായിച്ചത്. പിന്നെയെല്ലാം ഞാന്‍ ഒറ്റയ്ക്ക് തന്നെ ചെയ്യുകയായിരുന്നു.
ഉറങ്ങുമ്പോൾ വരെ ഞാൻ സാരിയുടുക്കും
പുറത്തു പോകുമ്പോൾ മാത്രമാണ് പലർക്കും സാരിയുടുക്കാൻ ഇഷ്ടം. എന്നാൽ എനിക്കങ്ങനെയല്ല. എപ്പോഴും സാരിയുടുത്താൽ അത്രയും നല്ലത്. വീട്ടിൽപോലും സാരിയുടുക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അന്നൊക്കെ സിനിമ കാണുമ്പോൾ അതിലെല്ലാം രാത്രിയിലും സാരിയുടുത്ത് കിടന്നുറങ്ങുന്നതൊക്കെ കാണാറുണ്ട്. അതെല്ലാം കണ്ടിട്ട് ഞാൻ രാത്രിയിൽ സാരിയുടുത്ത് കിടന്നിട്ടുണ്ട്. എന്നാൽ എപ്പോഴും സാരിയായപ്പോൾ വീട്ടുകാരും ഓരോന്നു പറഞ്ഞു തുടങ്ങി. എന്തിനാണ് ഇതെല്ലാം, സാരിയിലെപ്പോഴും കണ്ടാൽ മടുക്കും എന്നൊക്കെ പറഞ്ഞു. പിന്നാലെയാണ് ആ ശീലം ഒഴിവാക്കിയത്. ഇപ്പോഴും ആരുമില്ലാത്തപ്പോൾ ഞാന്‍ വീട്ടിൽ സാരിയുടുക്കാറുണ്ട്.
സെറ്റ് സാരികളും എനിക്ക് ഏറെ ഇഷ്ടമാണ്. പഴയ മുത്തശിമാർ കഞ്ഞി മുക്കി റെഡിയാക്കിയ സെറ്റ് സാരികളൊക്കെ എനിക്ക് ഏറെ ഇഷ്ടമാണ്. ആ സാരിയുടെ മണം വല്ലാതെ എന്നെ ആകർഷിക്കാറുണ്ട്. അതുപോലെ മുണ്ടും വേഷ്ടിയുമൊക്കെ ഉടുക്കാൻ ഏറെ ഇഷ്ടമാണ്. ആ മണം എന്നും എനിക്ക് നൊസ്റ്റാൾജിയയാണ്.
എന്തൊരു കംഫർട്ടാണ് സാരികൾ
എനിക്ക് ഉടുക്കാൻ ഒരുപാടിഷ്ടമുള്ളൊരു വസ്ത്രമാണ് സാരി. എന്തു ചെയ്യുമ്പോഴും ഏറെ കംഫർട്ട് തരുന്നതും സാരിയാണ്. ഫ്ലോറൽ പ്രിന്റ് സാരികളാണ് ഏറെ ഇഷ്ടം. ജോർജെറ്റ്, ഷിഫോൺ, കോട്ടൻ സാരികളുടെ വലിയ കളക്ഷൻ തന്നെയുണ്ട്. എവിടെ സാരി കണ്ടാലും വാങ്ങാൻ ശ്രമിക്കാറുണ്ട്. പുറത്തു പോകുമ്പോൾ ജോർജെറ്റിൽ ഫ്ലോറൽ പ്രിന്റുള്ള സാരിയാണ് കൂടുതലായും ധരിക്കാറുള്ളത്. ചുവപ്പ്, പച്ച നിറങ്ങളൊക്കെ ഏറെ ഇഷ്ടമാണ്.
സാരികളുടെ വലിയ കളക്ഷൻ തന്നെയുണ്ട്. ഏതാണ്ട് അയ്യായിരത്തോളം സാരികളുണ്ട്. അതിൽ തന്നെ ഏറ്റവും ഇഷ്ടം അമ്മയുടെ സാരികളാണ്. അമ്മ ഉടുത്ത പഴയ സാരികളുടെ ഒരു വലിയ കളക്ഷൻ ഇപ്പോഴുമുണ്ട്. എവിടെ നിന്ന് കണ്ടാലും സാരികൾ ഞാന്‍ വാങ്ങും.
ഇന്ത്യയിൽ പലയിടങ്ങളിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളിലും ഹെറിറ്റേജ് സെന്ററുകളുണ്ട്. അവിടെ എത്തുമ്പോൾ വ്യത്യസ്തങ്ങളായ സാരികൾ വാങ്ങാറുണ്ട്. ബനാന സാരി, പൈനാപ്പിൾ സാരി തുടങ്ങി പഴങ്ങളുടെ എക്സ്ട്രാക്ടിൽ നിന്നുണ്ടാക്കിയ പല സാരികളും നോർത്ത് ഇന്ത്യയിലെ പലയിടങ്ങളിൽ നിന്നും കണ്ടിരുന്നു. അതു കണ്ടപ്പോൾ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അങ്ങനെയുള്ള സാരികളുടെ കളക്ഷനും എനിക്കുണ്ട്. അതുപോലെ, മൂന്ന് സാരി മാലയുമുണ്ട്. 5 മീറ്റർ സാരി നെക്ലേസാക്കി മാറ്റിയതാണ് സാരി മാല.
സുഹാസിനിയെയാണ് സാരിയിൽ എനിക്ക് ഏറെ ഇഷ്ടം. എന്റെ സാരി ഐക്കണായിരുന്നു അവർ. അവരുടുക്കുന്ന ടൈപ്പ് സാരികൾ ധരിക്കാൻ ഇഷ്ടപ്പെട്ടിട്ടുണ്ട്. പിന്നെ മാധവിയുടെ സാരി സെലക്ഷനും ഏറെ ഇഷ്ടമാണ്. ‘പൂമുഖ വാതിക്കൽ സ്നേഹം വിടർത്തുന്ന’ എന്ന ഗാനമൊക്കെ ഏറെ ഇഷ്ടമാണ്. ആ പാട്ടില്‍ സുഹാസിനിയുടെ സാരിയൊക്കെ പ്രിയപ്പെട്ടതാണ്.
ഞാൻ സാരി ഇഷ്ടപ്പെടുന്നത് മാത്രമല്ല, എന്റെ സാരി സെലക്ഷൻ പലർക്കും ഏറെ ഇഷ്ടമാണ്. പലരും അതിനെന്നെ പ്രശംസിച്ചിട്ടുമുണ്ട്. ഒരിക്കൽ ഒരു നീല സിൽക്ക് സാരിയുടുത്തപ്പോൾ ഒരുപാട് പേർ എന്റെയടുത്ത് വന്ന് ആ സാരിയെ പറ്റി പറഞ്ഞിരുന്നു. ഒരിക്കൽ വാണി ജയറാം എന്റെ ഒരു സാരി കണ്ടിട്ട് മനോഹരമായിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അത്രയ്ക്കും സാരി കളക്ഷനുള്ള വാണി ജയറാം എന്റെ സെലക്ഷൻ കൊള്ളാമെന്ന് പറഞ്ഞപ്പോൾ വല്ലാത്ത സന്തോഷമായിരുന്നു.
എക്സ്പെൻസീവ് സാരികൾ എന്തിനാണ്
20 വർഷം മുമ്പ് ഞാൻ എക്സ്പെൻസീവായിട്ടുള്ള സാരികൾ വാങ്ങിയിരുന്നു. ഗോൾഡ് കൊണ്ട് നെയ്ത സാരിയും പിന്നെ ഒരു തത്തപച്ച സാരിയും എനിക്കുണ്ടായിരുന്നു. അന്നതിന് 50,000 രൂപയായിരുന്നു വില. എന്നാൽ അതു വാങ്ങി കുറച്ച് കാലം കഴിഞ്ഞപ്പോഴാണ് എന്തിനാണ് ഇത്രയ്ക്ക് എക്സ്പെൻസീവായ സാരികൾ വാങ്ങുന്നത് എന്ന തോന്നലുണ്ടായത്. വലിയ പണം കൊടുത്ത് വാങ്ങിയിട്ട് വളരെ കുറച്ച് സമയം മാത്രമല്ലേ അതൊക്കെ ഉപയോഗിക്കുന്നത്. ഇത്രയും പൈസ ഉണ്ടെങ്കിൽ അതുകൊണ്ട് മറ്റെന്തെല്ലാം ചെയ്യാം. കൂടുതൽ ചിന്തിച്ചപ്പോഴാണ് ഇനി അങ്ങനെ എക്സ്പെൻസീവ് സാരികൾ വാങ്ങണ്ട എന്ന തോന്നലുണ്ടായത്. എന്നാലും കടയിൽ പോയാൽ ആദ്യം കണ്ണ് പോകുന്നത് എക്സ്പെൻസീവ് സാരിയിലേക്കാണ്. പക്ഷേ, അത് ശരിയല്ല, അതു വാങ്ങണ്ട, എന്ന തോന്നൽ എനിക്കിപ്പമുണ്ട്.
പതിനായിരം രൂപയുടെ സാരിയാണ് വിവാഹത്തിനും അണിഞ്ഞത്. ശരീരത്തിൽ ഒതുങ്ങി നിൽക്കുന്ന ചുവപ്പ് നിറത്തിലുള്ള സാരിയാണ് അന്ന് ഉടുത്തത്. ഹൈ ക്വാളിറ്റിയും ഇക്കണോമിക്കലുമായിട്ടുള്ള സാരികളാണ് എനിക്ക് ഏറെ ഇഷ്ടം. ഇനിയും ഒരുപാട് സാരികൾ വാങ്ങാൻ ഇഷ്ടമുണ്ട്.