സ്റ്റൈലിഷ് സാരി, മിനിമൽ ആക്സസറീസ്, കണ്ണെഴുതുമ്പോഴും ശ്രദ്ധിക്കണം; പ്രണയദിനത്തിൽ എങ്ങനെ ഒരുങ്ങാം
Mail This Article
പ്രണയം ഉത്സവമാക്കിക്കൊണ്ട് ലോകമെങ്ങും വാലന്റൈൻസ് ദിനത്തിനായി കാത്തിരിക്കുകയാണ്. പ്രണയദിനത്തിൽ സ്റ്റൈലിഷാകാൻ ഏതു തരം വസ്ത്രം ധരിക്കും, എങ്ങനെ മേക്കപ്പ് ചെയ്യും, എന്ത് ആക്സസറി ധരിക്കും എന്നൊക്കെ പലർക്കും സംശയം തോന്നാറുണ്ട്. ഏറ്റവും ആകർഷണീയമായ രീതിയിൽ സ്വയം അവതരിപ്പിക്കാനാണ് എല്ലാവരും ശ്രമിക്കുക. അതിന് ഫാഷൻ ട്രെൻഡുകളെ കുറിച്ച് ധാരണയുണ്ടാവണം. ആഘോഷം എങ്ങനെയുമാകട്ടെ, ചുറ്റും പ്രണയാന്തരീക്ഷം നിറയ്ക്കാൻ പറ്റുന്ന ചില ഫാഷൻ ട്രെൻഡുകൾ പരിചയപ്പെട്ടാലോ?
ബെററ്റ് ക്യാപ്പുകൾ
ഫ്രഞ്ച് ഫാഷൻ ട്രെൻഡുകളുടെ ചുവടുപിടിച്ചെത്തിയ ബെററ്റ് ക്യാപ്പുകൾ ആൾക്കൂട്ടത്തിൽ വേറിട്ടു നിർത്തും. കോട്ട്, ജാക്കറ്റ്, സ്വെറ്റർ എന്നിവയുമായെല്ലാം ബെററ്റ് ക്യാപ് യോജിക്കും. വാലന്റൈൻസ് ഡേയുമായി ബന്ധപ്പെട്ട് ചുവപ്പു നിറത്തിലുള്ള ക്യാപ്പുകളാണ് വിപണി കയ്യടക്കുന്നത്.
സാരി വിത്ത് ബെൽറ്റ്
പരമ്പരാഗത ഇന്ത്യൻ വസ്ത്രമായ സാരിയിൽ സ്റ്റൈലിഷായി തോന്നിപ്പിക്കുന്ന ട്രെൻഡാണ് സാരി വിത്ത് ബെൽറ്റ്. സ്വന്തമായ ഒരു സ്റ്റൈൽ പ്രകടമാക്കാൻ ഈ ട്രെൻഡ് സഹായിക്കും. നോർമൽ ലുക്കിന് അൽപം പകിട്ട് കൂട്ടുന്ന ഒന്നു കൂടിയാണ് ഈ സ്റ്റെൽ.
പേൾ ഇയർ റിങ്സ്
മിനിമൽ ലുക്കിൽ അതിമനോഹരിയായി തോന്നിക്കാൻ ആഗ്രഹിക്കുന്നവർക്ക് പേൾ ഇയർ റിങ്സിനോളം നല്ല ഓപ്ഷൻ വേറെയില്ല. സമകാലീന ഫാഷൻ ട്രെൻഡുകളിൽ പേൾ ഇയർ റിങ്സ് നിറഞ്ഞു നിൽക്കുന്നതും ഇതുകൊണ്ടു തന്നെയാണ്.
വിന്റേജ് ഗ്ലൗസ്
പ്രിയപ്പെട്ട വ്യക്തിക്കൊപ്പം ഒരു വൈകുന്നേരം ഡേറ്റിങ് നടത്തുകയാണെങ്കിൽ നിങ്ങളുടെ ലുക്കിൽ രാജകീയതയും ആകർഷണീയതയും ഒരുപോലെ ചേർക്കാൻ മൃദുവായ വിന്റേജ് ഗ്ലൗസിനു സാധിക്കും. ധരിച്ചിരിക്കുന്ന വസ്ത്രത്തിനോട് ഏറ്റവും ചേർന്നു നിൽക്കുന്ന നിറത്തിലുള്ള ഗ്ലൗസ് തന്നെ തിരഞ്ഞെടുക്കാം.
ഐലൈനർ
ഏതു ലുക്കിലാണെങ്കിലും കണ്ണുകളുടെ ആകർഷണീയത പ്രധാനമാണ്. കൺകോണുകൾ കൂർത്ത ആകൃതിയിൽ ഐലൈനർ എഴുതുന്നത് ആരെയും നിങ്ങളിലേക്ക് കൂടുതൽ ആകർഷിക്കും. വ്യക്തിത്വത്തെ എടുത്തു കാട്ടാനും ഈ ലുക്ക് സഹായിക്കും.
ചുവപ്പു നിറത്തിലുള്ള വസ്ത്രങ്ങൾ
പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്ക് വാലന്റൈൻസ് ദിനത്തിൽ ചുവപ്പു വസ്ത്രങ്ങൾ ഒഴിവാക്കാനാവില്ല. എന്നാൽ നിറത്തിൽ മാത്രമല്ല, എത്തരത്തിലുള്ള വേഷമാണ് എന്നതിലുമുണ്ട് കാര്യം. വേറിട്ട ചുവപ്പു വസ്ത്രത്തിൽ വാലന്റൈൻസ് ദിനത്തിൽ തിളങ്ങാൻ ബോളിവുഡ് താരങ്ങളുടെ മാതൃകയും പിന്തുടരാം.
ഖുശി കപൂറിനെപോലെ സ്ട്രാപ് ലെസ് ഷോർട്ട് ഡ്രസ് ധരിക്കുന്നത് ഒരു ഡേറ്റ് നൈറ്റിൽ അതിമനോഹരിയാകാൻ സഹായിക്കും. ബ്രൈഡൽ ഗൗണുകളിലേതുപോലെയുള്ള സ്വീപ്പിങ് ട്രെയിൻ കൂടിയാകുമ്പോൾ പ്രണയദിനത്തിൽ നിങ്ങൾ ഒരു രാജകുമാരിയായി മാറും. സുഹാന ഖാന്റേതു പോലെ ഫുൾ ലെങ്ത് ബോഡികോൺ ഡ്രസാണ് തിരഞ്ഞെടുക്കാവുന്ന മറ്റൊന്ന്. തികച്ചും റൊമാന്റിക് ലുക്കാണ് ഈ വസ്ത്രം തരുന്നത്.
വളരെ അനായാസമായി തോന്നുന്ന ലുക്കിൽ ആകർഷണീയത നിറയ്ക്കുന്നതാണ് കരീനയുടെ പ്രത്യേകത. കരീനയുടെ ലുക്കുകളിൽനിന്ന് ചുവപ്പു നിറത്തിലുള്ള കോർസെറ്റ് ടോപ്പും ഫിറ്റഡ് സ്കേർട്ടും വാലന്റൈൻസ് ദിനത്തിനായി കടമെടുക്കാം. ഇതേ കളർ ടോണിലുള്ള ഒരു ബ്ലെയ്സർ കൂടി ചേർത്താലും ഭംഗി വർധിക്കും. ഇനി പ്രണയ ദിനത്തിൽ ഒരു സ്വപ്ന സുന്ദരിയായി കാണപ്പെടാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ആലിയ ഭട്ടിന്റെ റെഡ് ഫ്ളോറൽ ഡ്രസ് പോലെ ഒന്ന് തിരഞ്ഞെടുക്കാം. അധിക സൈസുള്ള ബ്ലെയ്സറാണ് ഈ ലുക്ക് പൂർണമാകാൻ സഹായിക്കുന്നത്.