ADVERTISEMENT

ഏറെ നാൾ മനസ്സിൽ കൊണ്ടു നടന്നൊരു ആഗ്രഹം. സ്വപ്നതുല്യമായൊരു വേദി. ഗോൾഡൻ ഫെയ്സ് ഓഫ് സൗത്ത് ഇന്ത്യ മത്സരവേദിയിൽ ജയത്തിനരികെ നില്‍ക്കുമ്പോൾ അവളുടെ മനസ്സു നിറയെ അമ്മയായിരുന്നു. കളിയാക്കലുകൾ മാത്രം കേട്ടു വളർന്ന ആ പെൺകുട്ടി കൈകൾ കൂട്ടിപ്പിടിച്ച്, വർഷങ്ങള്‍ നീണ്ട ജീവിതയാത്ര മനസ്സിലോർത്തു. ജനിച്ച അന്നു മുതൽ, കറുത്തു പോയതിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ട, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അവൾക്ക് സ്വപ്നതുല്യമായിരുന്നു ചെന്നൈയിലെ ആ വേദി. കഷ്ടപ്പാടിനിടയിലും ജീവിതം മുന്നോട്ടു നീക്കുന്നതെങ്ങനെയെന്നു പഠിപ്പിച്ച അമ്മയെ ഓർത്ത് നിറഞ്ഞ കണ്ണുകൾ ചേർത്തടച്ചു. മത്സരഫലം വന്നപ്പോൾ രണ്ടാം സ്ഥാനത്തായെങ്കിലും തിരുവനന്തപുരം പുല്ലുവിള സ്വദേശി ത്രേസ്യ ലൂയിസിന് ഇത് മധുരമുള്ള വിജയമാണ്. ഒരിക്കലും കഴിയില്ലെന്നു പറഞ്ഞ് കളിയാക്കിയവർക്കും പണമില്ലെങ്കിൽ ഇതൊന്നും സാധ്യമാകില്ലെന്നു പറഞ്ഞവർക്കുമുള്ള മറുപടിയാണിത്. മോഡലിങ്ങിനെ സ്വപ്നം കണ്ട ആ ഇരുപത്താറുകാരി ഗോൾഡൻ ഫെയ്സ് ഓഫ് സൗത്ത് ഇന്ത്യ മത്സരത്തെ കുറിച്ചും കടന്നുപോയ ജീവിതത്തെ കുറിച്ചും മനോരമ ഓൺലൈനിനോട് മനസ്സു തുറക്കുന്നു. 

കുഞ്ഞുന്നാൾ മുതൽ കണ്ട സ്വപ്നം
സ്കൂള്‍ കാലം തൊട്ടു തന്നെ എനിക്ക് മോഡലിങ് ഇഷ്ടമായിരുന്നു. പക്ഷേ, അതിനെപ്പറ്റി കൂടുതലൊന്നും അറിയില്ലായിരുന്നു. ഫാഷൻ ചാനലിൽ റാംപ് വാക്ക് കാണിക്കുമായിരുന്നു. സ്കൂളിൽനിന്നു വന്ന് എപ്പോഴും അതു കാണാന്‍ ഞാൻ ഏറെ ഇഷ്ടപ്പെട്ടു. കണ്ടുകണ്ട് മോഡലിങ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ടിവിയിൽ പലരും നടക്കുന്നതു കണ്ട് അതുപോലെ നടക്കാനും ശ്രമിച്ചിട്ടുണ്ട്. പ്ലസ്ടു കഴിഞ്ഞ സമയത്താണ് അമ്മയോട് മോഡലിങ് എന്ന ഇഷ്ടത്തെപ്പറ്റി പറയുന്നത്. ഫാഷൻ ഡിസൈനിങ് എടുത്താലോ എന്നു ചിന്തിച്ചു. എന്നാൽ അമ്മയ്ക്ക് മോ‍ഡലിങ്ങിനോട് താൽപര്യമുണ്ടായിരുന്നില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഞങ്ങളുടെ കുടുംബത്തിന് ഓരോരുത്തരുടെയും വരുമാനം വലിയ തുകയാണ്. അമ്മയും അമ്മച്ചിയും ചേച്ചിയും അനിയത്തിയുമാണ് വീട്ടിലുള്ളത്. പഞ്ചായത്തിലെ ഹരിതകർമ സേന അംഗമാണ് അമ്മ. അമ്മച്ചി ചന്തയിൽ മീൻ വിൽക്കാൻ പോകും. അതുകൊണ്ട് പണം എപ്പോഴും വലിയ ആവശ്യമായിരുന്നു. മോഡലിങ്ങിനു പോയാൽ അതിൽ നിന്നൊക്കെ എന്തു കിട്ടുമെന്നായിരുന്നു അമ്മ ആദ്യം ചോദിച്ചത്. അതുമാത്രമല്ല, അമ്മയ്ക്കൊന്നും ഈ മേഖല അത്രയ്ക്ക് ഇഷ്ടമല്ല. അവരുടെ ഇഷ്ടമില്ലായ്മയ്ക്ക് കാരണം പേടിയാണ്. മോഡലിങ് മേഖലയെ പറ്റി പുറത്തു പറഞ്ഞു കേൾക്കുന്ന പല വാർത്തകളും അങ്ങനെയുള്ളതാണ്. വീട്ടിൽ താൽപര്യമില്ലാത്തതുകൊണ്ടു തന്നെ മറ്റൊരു മേഖലയിലേക്ക് പോകാം എന്നാണ് ഞാൻ കരുതിയത്. 

louis5
ത്രേസ്യാ ലൂയിസ്, Image Credits: Instagram/ tresia_stella_fernandez

അങ്ങനെയാണ് എൻജിനിയറിങ് പഠിക്കാൻ തീരുമാനിക്കുന്നത്. പക്ഷേ പഠനകാലത്തും മോഡലങ്ങിനോടുള്ള എന്റെ ഇഷ്ടം ഒട്ടും കുറഞ്ഞില്ല. കോളജിൽ നടന്ന പല പരിപാടികളിലും ഞാൻ പങ്കെടുത്തു. പക്ഷേ, ജീവിക്കാൻ എനിക്ക് പണം വേണം. വീട്ടിൽ പണമില്ലാത്തതുകൊണ്ട് മോഡലിങ്ങിനിറങ്ങണമെങ്കിലും പണം അത്യാവശ്യമാണ്. കുറച്ച് കാലം ജോലി ചെയ്ത് പണം സമ്പാദിച്ച് മോഡലിങ്ങിലേക്ക് തിരിയാം എന്ന ചിന്തയിലാണ് ചെന്നൈയിൽ മെഡിക്കൽ കോഡറായി ജോലി ചെയ്യാൻ ആരംഭിച്ചത്. ഒരു താൽപര്യവുമില്ലാത്ത ജോലിയാണ്. പണം ആവശ്യമുള്ളതു കൊണ്ടു മാത്രമാണ് എന്റെ ഇഷ്ടം മാറ്റി വച്ച് ഈ ജോലിക്ക് കയറിയത്. പക്ഷേ ഓരോ ദിവസം ജോലി ചെയ്യുമ്പോഴും മോഡലിങ് എന്ന സ്വപ്നം എന്റെ മനസ്സിൽ തന്നെയുണ്ടായിരുന്നു. അപ്പോഴാണ് എന്റെ പ്രായത്തെപ്പറ്റി ഞാൻ ചിന്തിച്ചു തുടങ്ങിയത്. ഇപ്പോൾ 26 വയസ്സായി. ഒരുപാട് പ്രായമായാൽ ചിലപ്പോൾ എനിക്ക് ഈ ഫീൽഡിൽ ഒന്നും ചെയ്യാൻ പറ്റില്ല. അത് എന്നെ ഏറെ വേദനിപ്പിക്കും. അങ്ങനെ രണ്ടുംകൽപിച്ച് എന്റെ സ്വപ്നത്തിന് പിറകെ കുതിച്ചു തുടങ്ങി. 

‘ഷീസ് ഈസ് അമേസിങ്’: എമി ജാക്സന്റെ വാക്കുകൾ മറക്കില്ല
തിരുവനന്തപുരത്തു നടന്ന ഒരു ഡിസൈനർ ഷോയിലാണ് ആദ്യമായി റാംപിലെത്തിയത്. പിന്നീട് ചെറിയ രണ്ട് പേജന്റുകളിലും മത്സരിച്ചു. അതിൽ മുന്നിലെത്താൻ സാധിച്ചു. പക്ഷേ ചെറിയ പേജന്റുകളല്ല, എന്റെ സ്വപ്നം നിറവേറണമെങ്കിൽ ഇനിയും മുന്നോട്ട് പോകണമെന്ന് തോന്നി. അപ്പോഴാണ് ഗോൾഡൻ ഫെയ്സ് ഓഫ് സൗത്ത് ഇന്ത്യ മത്സരത്തെപ്പറ്റി കേൾക്കുന്നത്. ഇൻസ്റ്റഗ്രാമിൽ നിന്നാണ് ആദ്യം മത്സരത്തിന്റെ വിശദാംശങ്ങൾ കാണുന്നത്. പിന്നെ ഒന്നും നോക്കിയില്ല, റജിസ്റ്റർ ചെയ്തു. കൊച്ചിയില്‍ വച്ചാണ് കേരളത്തിൽ നിന്നുള്ളവരുടെ സിലക്‌ഷന്‍ പ്രോസസ്. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ സിലക്‌ഷന്‍ കിട്ടി എന്ന് അവർ മെയിൽ അയച്ചു. എന്നാൽ സങ്കടമാണ് എനിക്കു തോന്നിയത്. മത്സരത്തിൽ പങ്കെടുക്കാനുള്ള ഫീസിനെ പറ്റി അപ്പോഴാണ് ശ്രദ്ധിച്ചത്. 30,000 രൂപയാണ് ഫീസ്. പണമില്ലാത്തതുകൊണ്ട് പിന്മാറുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അതിൽ പങ്കെടുക്കാൻ പറ്റില്ലെന്ന് കരുതിയിരുന്നപ്പോഴാണ് കൂടെ ജോലി ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശിയായ അശ്വനി പാട്ടീൽ എനിക്ക് പണം തരാമെന്നു പറഞ്ഞത്. അത് എനിക്ക് ഏറെ സന്തോഷമായിരുന്നു. അവള്‍ തന്ന പണം കൊണ്ട് സ്വപ്നത്തിന്റെ ആദ്യ ചുവട് വച്ചു. 

louis1
ത്രേസ്യാ ലൂയിസ് എമി ജാക്സനൊപ്പം , Image Credits: Instagram/ tresia_stella_fernandez
louis1
ത്രേസ്യാ ലൂയിസ് എമി ജാക്സനൊപ്പം , Image Credits: Instagram/ tresia_stella_fernandez

ചെന്നൈയിലായിരുന്നു ഫൈനൽ. 29 പേരായിരുന്നു പങ്കെടുത്തത്. മൂന്നോ നാലോ മലയാളികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പരമ്പരാഗത വേഷത്തിലുള്ള സെൽഫ് ഇൻട്രോ റൗണ്ടും പിന്നെ ഒരു ചോദ്യോത്തര റൗണ്ടുമായിരുന്നു ഉണ്ടായിരുന്നത്. ഓൺലൈൻ ഡേറ്റിങ് ആപ്പിനെ കുറിച്ചായിരുന്നു എനിക്ക് കിട്ടിയ ചോദ്യം. ഞാൻ ഉത്തരം പറഞ്ഞു കഴിഞ്ഞപ്പോൾ വേദിയിൽ നിർത്താതെ കയ്യടി മുഴങ്ങി. അത് എനിക്ക് വല്ലാത്തൊരു ഫീലായിരുന്നു. വേദിയിൽനിന്നു തിരിഞ്ഞു പോകുന്നതിന്റെ തൊട്ടു സൈഡിലാണ് എമി ജാക്സണും ശ്രിയ ശരണും ഇരിക്കുന്നത്. ഞാൻ അതിലേ പോയപ്പോൾ അവർ പരസ്പരം ‘ഷീ ഈസ് അമേസിങ്’ എന്നുപറഞ്ഞത് ഞാൻ കേട്ടു. മത്സരത്തിൽ ജയിച്ചാലും തോറ്റാലും സാരമില്ല, ഇവർക്കെല്ലാം എന്നെ ഇഷ്ടമായല്ലോ എന്നതായിരുന്നു അപ്പോഴത്തെ എന്റെ ചിന്ത. 

louis2
ത്രേസ്യാ ലൂയിസ്, Image Credits: Instagram/ tresia_stella_fernandez
louis2
ത്രേസ്യാ ലൂയിസ്, Image Credits: Instagram/ tresia_stella_fernandez

വിധി കേൾക്കാനായി നിൽക്കുമ്പോൾ വല്ലാത്തൊരു അവസ്ഥയായിരുന്നു. ആദ്യമായാണ് അത്രയും വലിയൊരു വേദിയിൽ നിൽക്കുന്നത്. എന്റെ സ്വപ്നങ്ങള്‍ സഫലമാകുന്നൊരു ഫീലായിരുന്നു. പക്ഷേ, അപ്പോഴും എന്റെ മനസ്സിൽ അമ്മയുടെ മുഖമായിരുന്നു. അമ്മയുടെ ബലമാണ് എന്നെ വളർത്തിയത്. ആ വേദിയിലേക്ക് അമ്മയെ കൊണ്ടുവരാൻ സാധിച്ചില്ലല്ലോ എന്ന സങ്കടമായിരുന്നു. ഞാൻ കടന്നു വന്ന ജീവിതം മുഴുവൻ ആ ഒരൊറ്റ നിമിഷത്തിൽ മനസ്സിൽ മിന്നിമറഞ്ഞു. എന്റെ കണ്ണുകൾ നിറഞ്ഞു. 

louis8
ത്രേസ്യ സഹ മത്സരാർഥികൾക്കൊപ്പം

മത്സരത്തിൽ ടൈറ്റിൽ വിന്നറാകണം എന്നതായിരുന്നു ആഗ്രഹം. അത് കിട്ടിയില്ലെങ്കിലും ഞാൻ വളരെ സന്തോഷവതിയാണ്. മത്സരം കാണാൻ വന്ന പലരുടെയും മനസ്സിൽ ഞാൻ ഇടം നേടിയിട്ടുണ്ടായിരുന്നു. അതുതന്നെയാണ് എന്റെ മുന്നോട്ടുള്ള ഊർജം. 

അവരില്ലായിരുന്നെങ്കിൽ ഞാൻ എവിടെയുമെത്തില്ല
സുഹൃത്തുക്കൾ എന്നും എനിക്ക് വലിയ പിന്തുണയാണ്. മത്സരത്തിൽ പങ്കെടുക്കാനുള്ള പണവും വസ്ത്രം വാങ്ങാനുള്ള പണവും താമസ ചെലവുമെല്ലാം തന്നത് എന്റെ സുഹൃത്തുക്കളാണ്. മത്സരത്തിന്റെ ഭാഗമായി ചില വിഡിയോകൾ എടുത്ത് അവർക്ക് അയച്ചു കൊടുക്കണമായിരുന്നു. എന്നാൽ എന്റെ ഫോൺ കൊണ്ട് അതിനൊന്നും പറ്റില്ല. തിരുവനന്തപുരത്തുള്ളൊരു സുഹൃത്തും അവളുടെ അനിയനുമാണ് എനിക്ക് അതെല്ലാം ചെയ്ത് തന്നത്. കൂടാതെ മത്സരത്തിന് മുമ്പ് വസ്ത്രം വാങ്ങാൻ പണമില്ലാതെ വന്നതോടെ എന്റെ ഒരു ജൂനിയറാണ് സഹായവുമായെത്തിയത്. അവനുമായി എനിക്ക് വലിയ സൗഹൃദം പോലും ഇല്ല. പക്ഷേ, മത്സരത്തിന് വസ്ത്രം വാങ്ങാൻ പണമില്ലെന്നു പറഞ്ഞപ്പോൾ അവനാണ് പണം അയച്ചു തന്നത്. 

louis3
ത്രേസ്യാ ലൂയിസ്, Image Credits: Instagram/ tresia_stella_fernandez

ചെന്നൈയിൽ മത്സരത്തിനെത്തിയപ്പോൾ 2000 രൂപയാണ് എന്റെ കയ്യിലുണ്ടായിരുന്നത്. താമസം അവർ ഒരുക്കിയിരുന്നെങ്കിലും ഞാൻ എത്തിയപ്പോഴേക്കും മുറിയെല്ലാം നിറഞ്ഞിരുന്നു. അതുകൊണ്ട് മറ്റൊരു ഹോട്ടലിൽ താമസത്തിനുള്ള സൗകര്യം കണ്ടെത്തേണ്ടി വന്നു. ആകെ കയ്യിലുള്ളത് 2000 രൂപ. മുറിയെടുക്കാനായി ഹോട്ടലിൽ 1500 രൂപ വേണം. എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയായിരുന്നു. അന്നും എനിക്ക് താങ്ങായത് എന്റെ സുഹൃത്തായിരുന്നു.  

കളിയാക്കലുകള്‍ വേദനിപ്പിക്കും, അത്ര സുഖകരമല്ല
സ്കൂളിൽ എന്നെ സപ്പോർട്ട് ചെയ്യാനൊന്നും ആരുമില്ലായിരുന്നു. പണമുള്ളവർക്കും വെളുത്ത നിറമുള്ളവർക്കും മാത്രമേ അവിടെ പരിഗണന കിട്ടിയിരുന്നുള്ളു. എന്റെ സ്കിൻ കറുത്തു പോയതു കൊണ്ട് ആരും എന്നോട് മിണ്ടുക പോലുമില്ല. പലരും എന്നോട് സംസാരിച്ചത് ഒളിച്ചും പാത്തുമാണ്. പലരും കറുപ്പിന്റെ പേരില്‍ തമാശ രൂപേണ കളിയാക്കി. പക്ഷേ, അതൊന്നും എനിക്ക് തമാശയായിരുന്നില്ല. സ്കൂളിൽ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ എനിക്ക് ആ കൂട്ടത്തിൽ ഇടം ഉണ്ടായിരുന്നില്ല. ഞാൻ ഒറ്റയ്ക്കാണ് ഭക്ഷണം പോലും കഴിച്ചത്. ഹയർസെക്കൻഡറി ലെവലിൽ എത്തിയപ്പോഴാണ് കുറച്ചെങ്കിലും മാറ്റം വന്നത്. എന്നാലും പോകുന്ന വഴിയിൽ പോലും തമാശയ്ക്ക് പലതും കളിയാക്കി വിളിച്ചിരുന്നു. 

louis6
ത്രേസ്യാ ലൂയിസ്, Image Credits: Instagram/ tresia_stella_fernandez

സ്കൂളിൽ മാത്രമല്ല, വീട്ടിലും ഇങ്ങനെയൊക്കെയായിരുന്നു. ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ ഒരിക്കൽ എന്റെ അപ്പൻ ‘കരിങ്കുരങ്ങ്’, കറുത്തിരിക്കുന്നു എന്നു പറഞ്ഞു കളിയാക്കി. അന്നാണ് ഞാൻ ഒരുപാട് സങ്കടപ്പെട്ടത്. മുറിയിലിരുന്ന് ഒരുപാട് നേരം പൊട്ടിക്കരഞ്ഞു. 

ഇന്നും ആളുകൾക്ക് വേണ്ടത് ‘വെളുത്ത സ്കിൻ’
ഫോട്ടോഷൂട്ടുകൾ ചെയ്യാൻ എനിക്ക് വളരെ ഇഷ്ടമാണ്. ബ്രൈഡൽ ഷൂട്ടെല്ലാം ഇഷ്ടമാണെങ്കിലും ആരും അങ്ങനെ വിളിക്കാറില്ല. ബ്രൈഡല്‍ ഷൂട്ടെല്ലാം വരുമ്പോൾ ഇപ്പോഴും വൈറ്റ് സ്കിന്നുള്ള ആളുകളെയാണ് എല്ലാവർക്കും വേണ്ടത്. ഒരിക്കൽ ഒരു ബ്യൂട്ടിപാർലറിന്റെ ഷൂട്ടിന് എന്നെ അപ്രോച്ച് ചെയ്തിരുന്നു. എന്റെ സ്കിന്നിൽ കറുത്ത പാടുകൾ ഉള്ളതുകൊണ്ട് എന്റെ ഫോട്ടോ കണ്ടപ്പോൾ അവർ വേണ്ട എന്നുപറഞ്ഞു. പിന്നൊരിക്കൽ ഒരു സാരിയുടെ ഷൂട്ടിന് ബാലരാമപുരത്തുള്ളൊരു ടീം വിളിച്ചിരുന്നു. നാളെ വിളിക്കാം എന്നു പറഞ്ഞെങ്കിലും പിന്നെ അവരെന്നെ വിളിച്ചിട്ടേയില്ല. എന്റെ സ്കിൻ ടോൺ ഇങ്ങനെയായതുകൊണ്ട് ഒരുപാട് പേർ റിജക്ട് ചെയ്തിട്ടുണ്ട്. 

louis4
ത്രേസ്യാ ലൂയിസ്, Image Credits: Instagram/ tresia_stella_fernandez

സ്വപ്നങ്ങൾ ഒരുപാടുണ്ട്
പ്ലസ്ടുവിന് പഠിക്കുമ്പോൾ ഒരു ദിവസം രാത്രി നല്ല കനത്ത മഴയായിരുന്നു. ഞങ്ങളുടെ വീട് ഇടിയാൻ തുടങ്ങി. ശബ്ദം കേട്ട് അമ്മ എഴുന്നേറ്റതു കൊണ്ട് ഞങ്ങളെല്ലാവരും ഓടി വീടിന് പുറത്തെത്തി. അന്ന് രാത്രി ആ മഴയത്തുനിന്ന്, കളിച്ചു വളർന്ന ആ വീട് പൂര്‍ണമായും തകര്‍ന്നു വീഴുന്നത് ഞങ്ങൾ കണ്ടു. അന്നു മുതൽ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായൊരു വീട്. എനിക്ക് പണം കിട്ടിയാൽ ആദ്യം ഒരു വീടു വയ്ക്കണം. ഒപ്പം ഇന്ത്യയിലെ പ്രമുഖരായ ഡിസൈനർമാരുടെ കൂടെ റാംപിലെത്തണം. മിസ് ദീവാ, മിസ് ഫെമിന എന്നീ മത്സരങ്ങളിെലാക്കെ പങ്കെടുക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com