ചെക് സുന്ദരി ക്രിസ്റ്റീന ഫിസ്കോവ മിസ് വേൾഡ്; ഇന്ത്യയുടെ സിനി ഷെട്ടിക്ക് അവസാന നാലിൽ എത്താനായില്ല
Mail This Article
എഴുപത്തിയൊന്നാം ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി ചെക്ക് സുന്ദരി ക്രിസ്റ്റീന ഫിസ്കോവ. ലെബനന്റെ യാസ്മിൻ ഫസ്റ്റ് റണ്ണറപ്പായി. കഴിഞ്ഞ വർഷത്തെ മിസ് വേൾഡ് കിരീട ജോതാവ് കരലീന ബിയലാസ്ക വിജയിക്ക് കിരീടം ചാർത്തി.
ലോകസുന്ദരിപ്പട്ടം ലക്ഷ്യമിട്ട ഇന്ത്യയുടെ സിനി ഷെട്ടി ടോപ്പ് 8ൽ ഇടം നേടിയെങ്കിലും അവസാന നാലിൽ എത്താൻ സാധിച്ചില്ല. 28 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ലോക സൗന്ദര്യ മത്സരം ഇന്ത്യയിൽ നടന്നത്. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലായിരുന്നു മത്സരങ്ങള്‍.
ഇന്ത്യൻ ഗായിക നേഹ കക്കറും സഹോദരൻ ടോണി കക്കറും ഷാനും അവതരിപ്പിച്ച സംഗീത പരിപാടി മത്സരങ്ങൾക്ക് മാറ്റു കൂട്ടി. കരൺ ജോഹറും 2013ലെ ലോകസുന്ദരിയായിരുന്ന ഫിലിപ്പൈൻസ് സ്വദേശി മേഗനുമായിരുന്നു 71-ാം പതിപ്പിന്റെ അവതാരകർ.
112 രാജ്യങ്ങളിൽ നിന്നുള്ളവരാണ് മത്സരത്തിൽ പങ്കെടുത്തത്. 12 അംഗ ജഡ്ജിങ് പാനലാണ് വിധിയെഴുതിയത്. കൃതി സനോൻ, പൂജ ഹെഗ്ഡ, സാജിത് നദിയാദ്‍വാല, ഹർഭജൻ സിങ്, രജത് ശര്‍മ, അമൃത ഫഡ്നാവിസ്, വിനീത് ജെയിൻ, ജൂലിയ മോർലി സിബിഇ, ജാമിൽ സയ്ദി എന്നിവരോടൊപ്പം മൂന്ന് മുൻ മിസ് വേൾഡ് വിജയികളും വിധികർത്താക്കളായിരുന്നു. നാലു പേരാണ് ഫൈനൽ റൗണ്ടിൽ എത്തിയത്.
ഇരുപത്തിയഞ്ചുകാരിയായ ക്രിസ്റ്റീന രാജ്യാന്തര മോഡലും വിദ്യാർഥിനിയുമാണ്. നിയമത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലുമാണ് ബിരുദമെടുക്കുന്നത്. ക്രിസ്റ്റീന ഫിസ്കോ എന്ന ഫൗണ്ടേഷന്റെ സ്ഥാപകയാണ്. ഇതിലൂടെ നിരവധി പേര്‍ക്ക് പഠിക്കാനുള്ള സൗകര്യം ചെയ്യുന്നുണ്ട്. ടാൻസാനിയയിലെ നിരധനരായ വിദ്യാർഥികൾക്കായി അവർ ഒരു സ്കൂൾ ആരംഭിച്ചു. കൂടാതെ ഫ്ലൂട്ടും വയലിനും വായിക്കുന്നതും ക്രിസ്റ്റീന ഏറെ ഇഷ്ടപ്പെടുന്നു.
ചടങ്ങിൽ മിസ് വേൾഡ് ഹ്യുമാനിറ്റേറിയൻ അവാർഡ് നൽകി നിത അംബാനിയെ ആദരിച്ചു. ലോകത്തെ നവീകരിക്കുന്നതിൽ സ്ത്രീകളെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യം നിത അംബാനി അവാർഡ് സ്വീകരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടി. ഒപ്പം ഈ ലക്ഷ്യത്തോടുള്ള തന്റെ ആജീവനാന്ത പ്രതിബദ്ധതയും എടുത്തു പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, കല, സാംസ്കാരികം, സ്‌പോർട്‌സ്, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ ഇന്ത്യയിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള നിത അംബാനിയുടെ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് ഈ അവാർഡ്.