ശരീരം കത്തുന്ന ചൂട്, ആശ്വാസവും സ്റ്റൈലും ഒരുമിച്ച്; ധരിക്കാം ഈ 10 വസ്ത്രങ്ങൾ
Mail This Article
വേനൽചൂട് കാരണം ഇപ്പോൾ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ചൂടും വിയർപ്പും കരിവാളിപ്പും ഒക്കെ ആയി ആകെ മൊത്തം ഒരു ചൂടൻ അവസ്ഥ. എന്നാൽ ഈ കൊടും ചൂടിൽനിന്നും ഒരല്പം രക്ഷ നേടാൻ വസ്ത്രധാരണത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് കൊണ്ട് സാധിക്കും. അത് എന്താണെന്നല്ലേ?. വരൂ നമുക്ക് നോക്കാം.
മാക്സി ഡ്രെസ്
ചൂട് കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് മാക്സി ഡ്രെസുകളാണ്. ശരീരത്തോട് പറ്റിക്കിടക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കി ഇത്തിരി ലൂസ് ആയിക്കിടക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ചൂടകറ്റാനും ബ്രീത്തിങ് സ്പേസ് കിട്ടാനും സഹായിക്കും. കൂടുതലും കോട്ടൺ മെറ്റീരിയൽ ഉപയോഗിക്കുന്നതാവും നല്ലത്. ലിനൻ, സിൽക്ക് തുണികളും ഉപയോഗിക്കാം. വിയർപ്പ് കൂടുതലാകുമ്പോൾ അവ വലിച്ചെടുത്ത് ചർമത്തിനു കൂടുതൽ സൗകര്യമൊരുക്കും. സിന്തറ്റിക് തുണികൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇവ ചൂട് കൂടുതലാക്കാൻ കാരണമാകും.
ബാഗി ഫിറ്റ് ജീൻസ്
ജീൻസും ടോപ്പും ധരിക്കുന്ന സ്ത്രീകൾ ബാഗി ഫിറ്റ് പോലുള്ള ജീൻസുകൾ ശരിക്കുന്നതാവും കൂടുതൽ നല്ലത്. പുരുഷന്മാരും ഇത്തരം ജീൻസുകൾ ഉപയോഗിക്കുന്നത് നന്നാകും. ചൂടു കാലത്ത് ജീൻസ് ഒഴിവാക്കി സമ്മർ പാന്റ്സ് ധരിക്കുന്നത് ആവും പുരുഷന്മാർക്ക് കൂടുതൽ ഉചിതം. മാത്രമല്ല കറുത്ത ജീനുകൾ ഒഴിവാക്കി ലൈറ്റ് നിറത്തിലുള്ള ജീനുകൾ ധരിക്കാൻ കൂടുതൽ ശ്രദ്ധിക്കാം. ഇറുകിയ വസ്ത്രങ്ങൾ ചൂടുകാലത്ത് ഒഴിവാക്കാം. ഇത് ചൂട് വർധിപ്പിക്കുകയും വിയർപ്പടിഞ്ഞ് ചർമത്തിന്റെ ആരോഗ്യത്തെയും ബാധിക്കാം.
മിനി ഫ്രോക്ക്
ചൂട് സമയത്ത് ഉപയോഗിക്കാൻ ഏറ്റവും ഉത്തമമായ വസ്ത്രമാണ് മിനി ഫ്രോക്ക്. ഇത് എല്ലാ വേദികളിലും ധരിക്കാൻ പറ്റില്ലെങ്കിലും സ്വകാര്യ ആവശ്യങ്ങൾക്ക് പുറത്തു പോകുമ്പോൾ എന്തായാലും മിനി ഫ്രോക്ക് ധരിക്കാവുന്നതാണ്. സുഹൃത്തുക്കളുമായി പുറത്ത് പോകുമ്പോഴോ, ട്രിപ്പ് പോകുമ്പോഴോ ഒക്കെ ഇവ മികച്ച ചോയ്‌സ് ആയിരിക്കും.
സ്ലീവ്‌ലെസ് ടോപ്സ്
ചൂട് കാലത്ത് മൂടിക്കെട്ടിയ വസ്ത്രങ്ങൾ ധരിക്കുന്നത് തന്നെ ശരീരത്തിൽ ഇരട്ടി ഉഷ്ണം ഏൽക്കുന്നത് പോലെയാണ്. ഈ സാഹചര്യങ്ങളിൽ സ്ലീവ്‌ലെസ് ടോപ്സ് അല്ലെങ്കിൽ കുർത്തികൾ ധരിക്കുന്നത് ഒരുവിധത്തിൽ ചൂട് അകറ്റാൻ സഹായിക്കും. ഇവ ധരിക്കുന്നതിന്റെ പ്രധാന ഗുണം വായു സഞ്ചാരം കൂടുതലുണ്ടാകുമെന്നതാണ്.
പാവാട
പാവാട എന്ന് കേൾക്കുമ്പോൾ തന്നെ മുഖം ചുളിക്കാൻ വരട്ടെ. നമ്മുടെ പഴയ പട്ടു പാവാടയും ബ്ലൗസും ഒന്നും അല്ല. ഇപ്പോൾ പലതരം ട്രൻഡി പാവാടകൾ വിപണിയിൽ ലഭ്യമാണ്. എ ലൈൻ സ്കർട്ട്, ബബിൾ സ്കർട്ട്, മിനി സ്കർട്ട് അങ്ങനെ പോകുന്നു ഓപ്‌ഷനുകൾ. കോളേജ് കുട്ടികൾക്കും മറ്റും നിരവധി നിറത്തിലും തരത്തിലുമുള്ള സ്കർട്ടുകൾ ട്രൈ ചെയ്യാവുന്നതാണ്.
കറുത്ത വസ്ത്രങ്ങൾ വേണ്ട
മലയാളികളുടെ അലമാരയിൽ ഏറ്റവും കൂടുതൽ നിറഞ്ഞു നിൽക്കുന്ന കളർ അത് കറുപ്പ് തന്നെയാണ്. കറുപ്പിടാത്ത ഒരാളും നിങ്ങൾക്ക് ചുറ്റും ഉണ്ടാവാൻ സാധ്യതയില്ല. എന്നാൽ വേനൽക്കാലത്ത് കറുപ്പിന് കൊടുക്കാം അവധി. നിറങ്ങളുള്ള പ്രധാനമായും ഇളം നിറമുള്ള വസ്തങ്ങൾ ആവും വേനലിന് ഏറ്റവും ഉത്തമം. അതും കോട്ടനിൽ ആണെങ്കിൽ പറയുകയേ വേണ്ട. നീല, മഞ്ഞ, വെള്ള, പിങ്ക് തുടങ്ങിയവയുടെ വിവിധ ഷേഡുകൾ ഉപയോഗിക്കാം. വെള്ളയാണു കണ്ണടച്ചു പറയാവുന്ന നിറം. ഫാഷനബിൾ ആകണമെങ്കിലും വെള്ളയിൽ ഒട്ടേറെ പരീക്ഷണങ്ങൾ നടത്താം. അതുപോലെ സ്വാതന്ത്ര്യം നൽകുന്ന നിറമാണു നീല. മറൈൻ ബ്ലൂ, അക്വാബ്ലൂ എന്നിങ്ങനെ നീലയുടെ അതിമനോഹരമായ വൈവിധ്യങ്ങൾ ഉപയോഗിക്കാം. വേനൽക്കാലത്ത് ഇളം നിറങ്ങൾ ഉപയോഗിക്കുമ്പോൾ പോസിറ്റീവായ വ്യത്യാസം അറിയാം.
കിടിലൻ കോട്ടൺ
കോട്ടൺ വസ്ത്രങ്ങളാണു വേനൽക്കാലത്ത് ഏറെ അനുയോജ്യം. കോട്ടൺ വസ്ത്രങ്ങളെക്കാൾ ഭാരം കുറഞ്ഞവയാണു സോഫ്റ്റ് കോട്ടൺ. ഏതു പ്രായത്തിലുള്ളവർക്കും ഫാഷനും സ്റ്റൈലും എല്ലാം അനുസരിച്ചു സോഫ്റ്റ് കോട്ടൺ വസ്ത്രങ്ങൾ ലഭിക്കും. വായു സഞ്ചാരം കൂടുതൽ കോട്ടൺ വസ്ത്രങ്ങൾ അനുവദിക്കും. സിൽക്ക് വസ്ത്രങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവർക്കും സോഫ്റ്റ് കോട്ടൺ ഇഷ്ടപ്പെടും.
പലാസോ പാന്റ്സ്
വേനൽക്കാലത്ത് അനുയോജ്യമായ കിടിലൻ വേഷമാണ് പലാസോ. സ്ത്രീകൾക്കൊപ്പം പുരുഷന്മാരും പലാസോ എന്ന ലൂസ് പാന്റ്സ് ഉപയോഗിക്കുന്നുണ്ട്. ഫാഷനൊപ്പം കംഫർട്ടും ഈ വസ്ത്രം തരുന്നുണ്ട്. ശരീരത്തിലേക്കു കൂടുതൽ വായൂ സഞ്ചാരം എത്താവുന്ന തരത്തിലുള്ള അയഞ്ഞ വസ്ത്രങ്ങളാണു വേനൽക്കാലത്തു നല്ലത്.
ലിനൻ ഷർട്ടുകൾ
ഡെനിം പാന്റുകൾ ഒഴിവാക്കുന്നതാണ് പുരുഷന്മാർക്ക് നല്ലത്. ലിനൻ ഷർട്ടുകൾ ഉപയോഗിക്കാം. കോട്ടൺ ടീ ഷർട്ടുകളും സൗകര്യപ്രദമാണ്. ലിനൻ ട്രൗസേഴ്സ്, പൈജാമകൾ തുടങ്ങി വൈവിധ്യമുള്ള നാടൻ, ട്രെൻഡി സ്റ്റൈലുകൾ സുലഭമാണ്.
കോട്ടൺ സാരി
സാരികളിൽ കോട്ടൺ സാരികളാണ് മികച്ചത്. മൽമൽ കോട്ടൺ, ലിനൻ, ലിനൻ മിക്സ്ഡ് കോട്ടൺ, ഖാദി എന്നിവ തിരഞ്ഞെടുക്കാം. ഖദി ഉൽപ്പന്നങ്ങൾ ധരിക്കാന്‍ സൗകര്യപ്രദമാണ് എന്നതിന് പുറമെ ഫാഷനബിളുമാണ്. സാരി, കുര്‍ത്ത, ടോപ് എന്നീ രൂപങ്ങളില്‍ ഖാദി വസ്‌ത്രങ്ങള്‍ ലഭിക്കും.