യുദ്ധത്തിൽ മുറിവേറ്റ യുക്രെയ്നിയൻ സൈനികർക്കൊപ്പം പോൺ താരത്തിന്റെ ഫോട്ടോഷൂട്ട്: കയ്യടിച്ച് ജനങ്ങൾ
Mail This Article
ചലച്ചിത്ര താരങ്ങളുടെ, പ്രത്യേകിച്ച് രതിചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരങ്ങളുടെ ഫോട്ടോഷൂട്ടുകൾ പലപ്പോഴും വിവാദങ്ങൾക്ക് വഴിവെക്കാറുണ്ട്. പല അവസരങ്ങളിലും അവരുടെ വസ്ത്രധാരണവും തിരഞ്ഞെടുക്കുന്ന തീമും ഒക്കെയാണ് വിവാദങ്ങളിലേക്ക് നയിക്കുന്നത്. എന്നാൽ, ഇവിടെ ഒരു പോൺ താരം കലണ്ടർ ഫോട്ടോഷൂട്ടിനായി പകർത്തിയ ചിത്രങ്ങൾ കണ്ട് ഒരു ജനത ഒന്നടങ്കം കയ്യടിക്കുകയാണ്. ജോസഫൈൻ ജാക്സൺ എന്ന പേരിൽ അറിയപ്പെടുന്ന യൂലിയ സെന്വിക്കിന്റെ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്. ഫോട്ടോഷൂട്ടിന് പിന്നിലെ കാരണം തന്നെയാണ് ഈ പിന്തുണയ്ക്ക് പിന്നിൽ.
Read Also: ‘ഇതു വളരെ ഇറുകിയ വസ്ത്രമാണ്’, ജാൻവി കപൂറിന്റെ വസ്ത്രത്തിന് വിമർശനം
യുദ്ധത്തിൽ സാരമായ മുറിവുകളേറ്റ യുക്രെയ്നിന്റെ സൈനികർക്കൊപ്പമാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. യുക്രെയ്നിലെ ഒരു ആഡംബര തിയേറ്ററിൽ മനോഹരമായ വസ്ത്രത്തിൽ സൈനികർക്കൊപ്പം യൂലിയ നിൽക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പുറത്തുവന്നിരിക്കുന്നത്. കൈകാലുകൾ നഷ്ടപ്പെട്ടവരും വീൽചെയറിലായി പോയവരുമൊക്കെയാണ് ഫോട്ടോഷൂട്ടിലുള്ള സൈനികർ. ഇത്തരത്തിൽ ചിത്രങ്ങൾ പകർത്തി തരംഗം സൃഷ്ടിക്കുക എന്നതിനപ്പുറം ചാരിറ്റിക്കായി ഫണ്ട് സ്വരൂപിക്കുക എന്നൊരു ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ട്.
ഈ ചിത്രങ്ങൾ ഉപയോഗിച്ച് നിർമിക്കപ്പെടുന്ന കലണ്ടർ വിറ്റഴിക്കുന്നതിൽ നിന്നും ലഭിക്കുന്ന തുക മുഴുവൻ യുദ്ധത്തിൽ അപകടം സംഭവിച്ച സൈനികരുടെ പുനരധിവാസത്തിനും ചികിത്സയ്ക്കും കൃത്രിമ കൈകാലുകൾ നിർമിക്കുന്നതിനും ചെലവഴിക്കും. 12 സൈനികരാണ് യൂലിയയ്ക്കൊപ്പം ചിത്രങ്ങളിൽ പോസ് ചെയ്തിരിക്കുന്നത്. ഇവർക്കുണ്ടായ അപകടങ്ങളും അംഗഭംഗങ്ങളും കൃത്യമായി വെളിവാക്കിക്കൊണ്ടുതന്നെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നു. എന്നാൽ സൈനിക വസ്ത്രത്തിന് പകരം സ്യൂട്ടുകളിലാണ് ഇവർ എത്തിയിരിക്കുന്നതെന്ന് മാത്രം.
പൂർണമായി സൈനിക വസ്ത്രം ധരിച്ചോ അല്ലെങ്കിൽ മുറിവേറ്റു ആശുപത്രികളിൽ കഴിയുന്ന അവസ്ഥയിലോ മാത്രമാണ് യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ചിത്രങ്ങൾ ഇതുവരെ പുറത്തു വന്നിട്ടുള്ളത്. ഇതിനൊരു മാറ്റം വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് സൈനികർക്കായി സ്യൂട്ടുകൾ തിരഞ്ഞെടുത്തതെന്ന് യൂലിയ പറയുന്നു. സൈനികരുടെ ജീവിതത്തിന്റെ മറ്റൊരു വശം എടുത്തു കാണിക്കാനും അവരിൽ കൂടുതൽ ആത്മവിശ്വാസം കൊണ്ടുവരാനുമുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണിത്. സഹതാപം കാട്ടുകയോ അവരുടെ അവസ്ഥയോർത്ത് കണ്ണീരൊഴുക്കുകയോ ചെയ്യുന്നതിന് പകരം നമുക്ക് അവരെ ഓർത്ത് എത്രത്തോളം അഭിമാനവും ആദരവുമുണ്ടെന്നതാണ് മനസ്സിലാക്കി കൊടുക്കേണ്ടത് എന്നും താരം അഭിപ്രായപ്പെടുന്നുണ്ട്.
ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങളും താരം തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ഫോട്ടോഷൂട്ടിനിടയിലെ രസകരമായ ധാരാളം നിമിഷങ്ങൾ ഈ ദൃശ്യങ്ങളിൽ കാണാം. വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ടിനെ ഏറെ ആവേശത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. യൂലിയയ്ക്ക് പിന്തുണ അറിയിക്കാൻ കലണ്ടറിന്റെ വരവിനായി കാത്തിരിക്കുകയാണെന്ന് ധാരാളം ആളുകൾ പ്രതികരിക്കുന്നു. ചിത്രങ്ങളിൽ യൂലിയയെപോലെ ഒരു താരസുന്ദരി ഉണ്ടായിട്ടും സൈനികരിലേയ്ക്ക് മാത്രമാണ് ശ്രദ്ധ തിരിഞ്ഞു പോകുന്നതെന്നും ഇതിലൂടെ അവരുടെ അവസ്ഥയെക്കുറിച്ച് കൂടുതൽ ജനങ്ങളിലേയ്ക്ക് എത്തുന്നുണ്ടെന്നും മറ്റുചിലർ പ്രതികരിക്കുന്നുണ്ട്. നാട്ടിലെ ഭരണാധികാരികളെക്കാളും രാഷ്ട്രീയക്കാരെക്കാളുമൊക്കെ ആദരവ് യൂലിയയോട് തോന്നുന്നു എന്നുവരെ കമന്റുകളുണ്ട്.