ആ വസ്ത്രധാരണശൈലി ഫോളോ ചെയ്യാറില്ല, പ്രശംസിക്കാനും വിമർശിക്കാനും സെക്കൻഡുകൾ മതി: സിത്താര
Mail This Article
വസ്ത്രധാരണത്തെയും ഫാഷൻ ചിന്താഗതിയെക്കുറിച്ചും മനസ്സു തുറന്ന് ഗായിക സിത്താര കൃഷ്ണകുമാർ. ഫാഷനബിൾ ആയി വസ്ത്രം ധരിക്കുന്നവരെ കാണാൻ ഏറെ ഇഷ്ടമാണെങ്കിലും ഫാഷൻ തന്റെ പാഷൻ അല്ലെന്നു പറയുകയാണ് സിത്താര. സൗന്ദര്യത്തെക്കുറിച്ചുള്ള പൊതുധാരണയിൽ വിശ്വസിക്കുന്നില്ലെന്നും ഓരോരുത്തരുടെയും കാഴ്ചപ്പാടുകളാണ് സൗന്ദര്യത്തെ നിർണയിക്കുന്നതെന്നും അല്ലാതെ സൗന്ദര്യത്തിനു യാതൊരു മാനദണ്ഡവും ഇല്ലെന്നും ഗായിക കൂട്ടിച്ചേർത്തു. മനോരമ ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സിത്താര കൃഷ്ണകുമാർ മനസ്സുതുറന്നത്.
ഫാഷൻ എന്റെ പാഷൻ അല്ല
ഫാഷന്റെ കാര്യത്തിൽ ഞാൻ അത്ര അപ്ഡേറ്റഡ് അല്ല. എന്ത് വസ്ത്രം ധരിക്കുമ്പോഴാണോ കംഫർട്ടബിൾ ആയി തോന്നുന്നത് അത് ധരിക്കുന്നു, അത്രേയുള്ളു. അല്ലാതെ പുത്തൻ ട്രെൻഡുകളൊന്നും അധികം പരീക്ഷിക്കാറില്ല, ഫോളോ ചെയ്യാറുമില്ല. ടെലിവിഷനിൽ പരിപാടിക്കു വേണ്ടിയൊക്കെ പോകുമ്പോൾ അവർ പറയും വിധത്തിലായിരിക്കും മേക്കപ് ചെയ്യുന്നതും വസ്ത്രം ധരിക്കുന്നതുമൊക്കെ. കാണാൻ വളരെ ഭംഗിയുള്ള വസ്ത്രം ആണെങ്കിലും എനിക്കതു ധരിക്കുമ്പോൾ അത്ര സുഖകരമായി തോന്നാറില്ല. ഫാഷനബിൾ ആയി വസ്ത്രം ധരിക്കുന്നയാളുകളെ കാണാൻ വലിയ ഇഷ്ടമാണ്. അവർ വസ്ത്രത്തെക്കുറിച്ചു പറയുന്ന കാര്യങ്ങളൊക്കെ താൽപര്യപൂർവം കേട്ടിരിക്കും. പക്ഷേ ആ വസ്ത്രധാരണശൈലിയൊന്നും ഞാൻ ഫോളോ ചെയ്യാറില്ല എന്നതാണു വാസ്തവം. ഫാഷൻ എന്റെ പാഷൻ അല്ല.
മേക്കപ്
ജിഷ, ഡൊമിനിക് എന്നിവരാണ് എനിക്കു വേണ്ടി മേക്കപ്പും വസ്ത്രവും എല്ലാം സെലക്റ്റ് ചെയ്യുന്നത്. അവർ രണ്ടു പേരും എനിക്ക് സഹോദരങ്ങളെപ്പോലെയാണ്. മേക്കപ്പിനെക്കുറിച്ചൊക്കെ ഞങ്ങൾ വളരെ കുറച്ചേ സംസാരിക്കാറുള്ളു. ബാക്കി സമയങ്ങളിലൊക്കെ സൗഹൃദസംഭാഷണമാണ്. സ്റ്റേജിലൊക്കെ പെർഫോം ചെയ്യാൻ വേണ്ടി പോകുമ്പോൾ മേക്കപ്പൊക്കെ ചെയ്യുമല്ലോ, അതിനുള്ള മേക്കപ് പ്രൊഡക്റ്റ്സ് ഞാൻ ജിഷയെക്കൊണ്ടാണ് വാങ്ങിപ്പിക്കുന്നത്. ജിഷ എനിക്ക് ഒരു മേക്കപ് കിറ്റ് തയാറാക്കി തന്നിട്ടുണ്ട്. അതിൽ ഓരോന്നും എപ്പോഴാണ്, എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും പഠിപ്പിച്ചു തന്നിട്ടുണ്ട്. അത് മാത്രം ഞാൻ ചെയ്യും. അല്ലാതെ വേറൊന്നും ചെയ്യാൻ താൽപര്യമില്ല.
കളർഫുൾ മുടി!
ഓരോ സമയത്തു തോന്നുന്നതൊക്കെയാണ് മുടിയിലെ പരീക്ഷണങ്ങളായി മാറുന്നത്. അങ്ങനെയാണ് ഹെയർ കളറിങ് പലതവണ ചെയ്തത്. ആരെങ്കിലുമൊക്കെ ചെയ്തതു കാണുമ്പോഴായിരിക്കും എനിക്കും അതു പരീക്ഷിക്കണം എന്നു തോന്നുന്നത്. അങ്ങനെ ചെയ്യും. ചിലതൊക്കെ വിജയിക്കും, മറ്റു ചിലത് പാളിപ്പോകും. പരീക്ഷണങ്ങൾ നടത്തി കുറച്ചു കഴിയുമ്പോൾ ആ താൽപര്യമങ്ങു പോകും. അപ്പോൾ പിന്നെ മുടി മുറിച്ചു കളയും. ഇതൊക്കെയാണ് സാധാരണയായി എന്റെ കാര്യത്തിൽ സംഭവിക്കാറുള്ളത്.
മേക്കോവറിനെ വിമർശിക്കുന്നവരോട്?
വിമർശകരുടെ വാക്കുകൾ മനസ്സിലേക്കെടുക്കുമ്പോഴാണ് പ്രശ്നം. അത് ശ്രദ്ധിക്കാതിരുന്നാൽ മതി. അവർക്ക് ഇഷ്ടമാണെന്നു കേൾക്കുമ്പോൾ സന്തോഷിക്കുകയും ഇഷ്ടമില്ലന്നു പറയുമ്പോൾ സങ്കടപ്പെടുകയും ചെയ്യേണ്ട കാര്യമില്ലല്ലോ. ഇഷ്ടവും അവരുടേതാണ്, ഇഷ്ടക്കേടും അവരുണ്ടാക്കിയതാണ്. നമ്മളുമായി അതിനു യാതൊരു ബന്ധവുമില്ല. നമ്മൾ കാരണം മറ്റുള്ളവർക്കു ബുദ്ധിമുട്ട് ഉണ്ടാകുന്നു എന്നു തോന്നിയാൽ മാത്രമേ അതേക്കുറിച്ചൊക്കെ ചിന്തിക്കേണ്ടതുള്ളു. അടുപ്പക്കാരെ വേദനിപ്പിക്കാതെ നോക്കണം. അവരല്ലേ എപ്പോഴും നമ്മുടെ കൂടെയുള്ളത്. സോഷ്യൽ മീഡിയ പോസ്റ്റുകൾക്കു താഴെ വന്ന് നമ്മുടെ വസ്ത്രത്തെയും മേക്കോവറിനെയുമൊക്കെ പ്രശംസിക്കാനും വിമർശിക്കാനും മറ്റുള്ളവർക്ക് വെറും സെക്കൻഡുകൾ മതി. അവർ ഒരു ചുരുങ്ങിയ സമയം കൊണ്ട് ചെയ്യുന്ന കാര്യത്തെ നമ്മൾ ഒരുപാട് നേരമെടുത്ത് ആലോചിച്ച് മനസ്സ് അസ്വസ്ഥമാക്കുന്നത് എന്തിനാണ്?
സൗന്ദര്യത്തിന് മാനദണ്ഡം ഉണ്ടോ?സൗന്ദര്യത്തിന്റെ അളവുകോൽ എന്താണ്? ഓരോരുത്തരുടെയും കാഴ്ചപ്പാടിൽ ഓരോന്നായിരിക്കില്ലേ സൗന്ദര്യം? സൗന്ദര്യസങ്കൽപം എന്നതുപോലും ആരോ മുൻപ് ഉണ്ടാക്കിയെടുത്ത ധാരണയാണ്. പരസ്യങ്ങളും മറ്റുമൊക്കെ സ്വാധീനിച്ചതുകൊണ്ടായിരിക്കാം ചിലരിലെങ്കിലും സൗന്ദര്യസങ്കൽപം എന്ന ഒരു പൊതുബോധം ഉണ്ടായത്. പിന്നെ സൗന്ദര്യത്തിന്റെ ലക്ഷണങ്ങൾ നിർണയിക്കുന്ന ചില ഇൻഡസ്ട്രികൾ ഉണ്ടായിരിക്കും. അവരൊക്കെ ചേർന്ന് ഉണ്ടാക്കിയെടുത്തതായിരിക്കും സൗന്ദര്യബോധം. അതിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല.