ഇഷ അംബാനിക്ക് ഒരുക്കിയത് 10,000 മണിക്കൂറെടുത്ത് നിർമിച്ച ഗൗണ്‍; പക്ഷേ, മെറ്റ്ഗാലയിൽ പങ്കെടുക്കാനായില്ല
Mail This Article
2024 മെറ്റ്ഗാലയിൽ ഇഷ അംബാനി പങ്കെടുക്കാത്തതിനെ കുറിച്ച് വിശദീകരണവുമായി ഇഷയുടെ മേക്കപ്പ് ആർട്ടിസ്റ്റ് തൻവി ചെമ്പുര്‍ക്കർ. രാഹുൽ മിശ്ര ഡിസൈൻ ചെയ്ത ഹാൻഡ് എംബ്രോയിഡ് സാരി ഗൗൺ ധരിച്ചായിരുന്നു ഇഷ അംബാനി മെറ്റ് ഗാലയിൽ എത്താനിരുന്നത്. എന്നാൽ കടുത്ത പനി ബാധിച്ചതിനാല്‍ ഇഷയ്ക്ക് മെറ്റ് ഗാല റെഡ് കാർപ്പറ്റിൽ എത്താൻ സാധിച്ചില്ലെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് തൻവി ചെംബുർക്കർ അറിയിച്ചു.
പതിനായിരം മണിക്കൂർ എടുത്താണ് ഇഷയുടെ ഹാൻഡ് എംബ്രോയിഡ് സാരി ഗൗൺ തയാറാക്കിയത്. ‘മെറ്റ്ഗാലയിൽ പങ്കെടുക്കുന്നതിനായി ഇഷ ഒരുങ്ങിയതിന്റെ നല്ല ഓർമകൾ പങ്കുവയ്ക്കുന്നു’ എന്ന കുറിപ്പോടെയാണ് തൻവി, ഇഷ അംബാനിയുടെ ഹാൻഡ് എംബ്രോയിഡ് സാരി ഗൗണിലുള്ള ചിത്രങ്ങളും വിഡിയോയും പങ്കുവച്ചത്. ഇഷയ്ക്ക് പനി ബാധിച്ചതിനാൽ മെറ്റ് ഗാലയിൽ പങ്കെടുക്കാൻ സാധിച്ചില്ല. എന്നാൽ അതിനായി നടത്തിയ തയാറെടുപ്പുകൾ വലുതായിരുന്നു എന്നും തൻവി കുറിച്ചു.
തൻവി പങ്കുവച്ച ഇഷയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. 2013 മുതലുള്ള എംബ്രയഡറി വർക്കുകളെല്ലാം ഈ ഗൗൺ നിർമാണത്തിന്റെ ഭാഗമായിട്ടുണ്ടെന്നും തൻവി വ്യക്തമാക്കി. ചിലമരങ്ങൾ വർഷങ്ങളെടുത്താണ് പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത്. അത്തരത്തിൽ ഈ ഔട്ട്ഫിറ്റിലെ ഓരോ ഭാഗവും അതീവ ശ്രദ്ധയോടെ സമയമെടുത്ത് തയാറാക്കിയതാണെന്നും അവർ കൂട്ടിച്ചേർത്തു.
പ്രകൃതിയോട് ഇണങ്ങുന്ന വിധത്തിൽ പൂക്കളും പൂമ്പാറ്റകളുമെല്ലാം ഈ ഔട്ട്ഫിറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. വ്യത്യസ്തമായ എംബ്രോയിഡറി ടെക്നിക്കുകളുപയോഗിച്ചാണ് ഈ ഔട്ട്ഫിറ്റ് പൂർത്തിയാക്കിയിരിക്കുന്നത്. മെറ്റ് ഗാലയിൽ പങ്കെടുക്കുന്നതിനായി ഇഷ ഒരുങ്ങിയതിന്റെ വിഡിയോയ്ക്കു താഴെ അവരുടെ ഔട്ട്ലുക്കിനെ പ്രശംസിച്ചുകൊണ്ടുള്ള നിരവധി കമന്റുകളും എത്തി. ഇത്തവണത്തെ മെറ്റ് ഗാലയിൽ പങ്കെടുക്കുന്നതിനായി ഏറ്റവും മനോഹരമായ രീതിയിൽ വസ്ത്രധാരണം നടത്തിയ ആളാണ് ഇഷ അംബാനി. അവർക്ക് മെറ്റ്ഗാലയിൽ പങ്കെടുക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു എന്ന രീതിയിലാണ് പലരുടെയും കമന്റുകൾ എത്തിയത്.