‘പ്ലാസ്റ്റിക് ഐശ്വര്യ റായിയുടെ സൗന്ദര്യം കവർന്നു, കാലം അവരെയും വെറുതെ വിട്ടില്ല’
Mail This Article
കാന്‍ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപ്പറ്റിലെത്തിയ ഐശ്വര്യ റായിക്ക് വിമർശനം. പ്ലാസ്റ്റിക് ഐശ്വര്യ റായിയുടെ സൗന്ദര്യം ഇല്ലാതാക്കി എന്നാണ് നടി കസ്തൂരി ശങ്കർ വിമർശിച്ചത്. നീലയിലും സിൽവറിലുമുള്ള ഷിമ്മറി ഗൗണിലെത്തിയ ഐശ്വര്യറായിയുടെ ചിത്രം പങ്കുവച്ചാണ് താരം വിമർശനം ഉന്നയിച്ചത്.
"സമയം. ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെ പോലും കാലം വെറുതെ വിടുന്നില്ല. ഐശ്വര്യ റായിക്ക് സമയത്തെ പിന്നിലാകേണ്ട ആവശ്യമുണ്ടായിരുന്നില്ല, അവർ സുന്ദരിയായി തന്നെ തുടരുമായിരുന്നു. പക്ഷേ, പ്ലാസ്റ്റിക് അവരുടെ കാലാതീതമായ സൗന്ദര്യം ഇല്ലാതാക്കി"– സമൂഹമാധ്യമമായ എക്‌സിൽ ഐശ്വര്യയുടെ ചിത്രം പങ്കുച്ച് കസ്തുരി കുറിച്ചു.
കസ്തൂരിയുടെ പോസ്റ്റിനു പിന്നാലെ പ്ലാസ്റ്റിക് സർജറിയുമായി ബന്ധപ്പെട്ട കമന്റുകളുമായി നിരവധിപേരെത്തി. "ശരിയാണ്, പ്ലാസ്റ്റിക് സർജറിയുടെ ഭാഗമായിട്ടും സുസ്മിത സെൻ ഈ പ്രായത്തിലും മികച്ചതാണ്" എന്നാണ് ഒരാൾ കുറിച്ചത്. മറ്റൊരാൾ കുറിച്ചത് ഇങ്ങനെയാണ് "ഒരു നിശ്ചിത പ്രായത്തിന് ശേഷം ഈ നായികമാർക്ക് എന്ത് സംഭവിക്കും? ബോട്ടോക്സ് തരത്തിലുള്ള ചികിത്സകൾ അവലംബിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? ചുളിവുകളോടെയുള്ള വാർധക്യം ഇത്തരത്തിലുള്ള പ്ലാസ്റ്റിക്കിനേക്കാൾ വളരെ മനോഹരമാണ്."
‘‘ഖേദകരമെന്നു പറയട്ടെ, മിക്ക സ്ത്രീകളും അവരുടെ ഭക്ഷണക്രമത്തിലും ഫിറ്റ്നസിലും ശ്രദ്ധിക്കുന്നതിനേക്കാൾ എളുപ്പവഴിയായ പ്ലാസ്റ്റിക് സർജറിയാണ് ഇഷ്ടപ്പെടുന്നത്." എന്ന രീതിയിലും കമന്റുകൾ എത്തി. താൻ ബോട്ടോക്‌സ് പോയിട്ട് ഒരു ഹെയർ ഡൈ പോലും ഉപയോഗിക്കാറില്ലെന്നും, മേക്കപ്പ്, സോപ്പ്, ഷാംപൂ തുടങ്ങിയവ ഒന്നും ഉപയോഗിക്കാതെ വെറും ലിപ്സ്റ്റിക് മാത്രമാണ് ഉപയോഗിക്കുന്നതെന്നും കസ്തൂരി ചില കമന്റുകൾക്കു മറുപടി നൽകി.
സൗന്ദര്യവർധക ശസ്ത്രക്രിയകള്‍ ചെയ്തതായി ഐശ്വര്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ചുളിവുകൾ ശരിയാക്കാൻ ബോട്ടോക്സ് കുത്തിവയ്പ്പ് എടുത്തതായുള്ള അഭ്യൂഹങ്ങളുണ്ട്. കഴിഞ്ഞ വർഷത്തെ പാരിസ് ഫാഷൻ വീക്കിൽ പങ്കെടുത്തപ്പോഴും ഐശ്വര്യയ്ക്കെതിരെ ട്രോളുകളുണ്ടായിരുന്നു. ഐശ്വര്യയുടെ ഗോൾഡൻ ഗൗണിനു പ്രശംസ ലഭിച്ചെങ്കിലും താരത്തിന്റെ മുഖഭാവം പലരും ചോദ്യം ചെയ്തു. ഫോട്ടോകളും വിഡിയോകളും ഓൺലൈനിൽ പ്രചരിച്ചതോടെ താരം ബോട്ടോക്സ് ചികിത്സയ്ക്ക് വിധേയയായിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ശക്തമായി.