ADVERTISEMENT

ലോകസിനിമയുടെ ആഘോഷതീരമായ കാനിലേക്ക് കയ്യിലൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റും തൂക്കി നടന്നു കയറിയതൊരു മലയാളിയാണ്. സിനിമയും ഫാഷനും ഒരുപോലെ ആഘോഷമാകുന്ന ഫ്രഞ്ച് തീരത്ത്, ഫെസ്റ്റിവൽ ഡി കാനിന്റെ റെഡ് കാർപറ്റിന് ‘തണ്ണിമത്തന്റെ’ നിറം പകർന്നൂ, നടി കനി കുസൃതി. 30 വർഷത്തിനുശേഷം ഒരു ഇന്ത്യൻ ചിത്രം കാനിലെ മത്സരവിഭാഗത്തിലെത്തുന്നു എന്ന അഭിമാനത്തോടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ചിത്രവുമായെത്തിയ സംവിധായിക പായൽ കപാഡിയയും അഭിനേതാക്കളും ഇന്നലെ മേളയുടെ ശ്രദ്ധാകേന്ദ്രമായി.

ഫാഷന്റെ പ്രധാന അരങ്ങു കൂടിയായ കാനിലേക്കുള്ള വസ്ത്രം ഒരുക്കുമ്പോൾ അതിലൽപം രാഷ്ട്രീയച്ചേരുവ കൂടി മനസ്സിൽ കണ്ടിരുന്നു കനി. അതിനുവേണ്ടതെല്ലാം ഒരുക്കിയത് സുഹൃത്തും സ്റ്റൈലിസ്റ്റുമായ ദിയ ജോൺ. കൊച്ചി പനമ്പിള്ളിനഗറിലെ സാൾട്ട് സ്റ്റുഡിയോയിൽ ദിയയും കനിയും ചേർന്നിരുന്ന് ബ്രെയിൻ സ്റ്റോമിങ് നടത്തിയതിന്റെ അവസാന ഘട്ടമാണ് തണ്ണിമത്തൻ ക്ലച്ച്! ‘കനിക്ക് ഇതേക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. 

Kani Kusruti
Kani Kusruti. Photo: X/AFP/LOIC VENANCE

അധികം ലൗഡ് അല്ലാത്ത, അതേസമയം കാവ്യാത്മകമായ രീതിയിൽ വേണമെന്നായിരുന്നു ഞങ്ങൾ ആലോചിച്ചത്. വസ്ത്രത്തിൽ എംബ്രോയ്ഡറി ചെയ്താലോയെന്നായിരുന്നു ആദ്യ ചിന്ത. പക്ഷേ, ആക്സസറി ആകുന്നതാകും നല്ലതെന്ന അഭിപ്രായം കനിയും സമ്മതിച്ചതോടെ ക്ലച്ച് ഒരുക്കാൻ തീരുമാനിച്ചു. ആദ്യമായാണ് സാൾട്ട് സ്റ്റുഡിയോയിൽ ഞങ്ങൾ ക്ലച്ച് ചെയ്യുന്നത്. പൂർണമായും തുണി ഉപയോഗിച്ചാണ് അതു ചെയ്തെടുത്തതും. തണ്ണിമത്തന്റെ നിറങ്ങളിൽ ബീഡ്സ് ഉപയോഗിച്ചുള്ള അലങ്കാരങ്ങളും ചേർത്തു പൂർത്തിയാക്കി’, ദിയ പറഞ്ഞു.

Kani Kusruti Cannes Film Festival
Indian actress Chhaya Kadam, Indian actress Kani Kusruti, Indian director Payal Kapadia, Indian actress Divya Prabha and Indian actor Hridhu Haroon arrive for the screening of the film "All We Imagine as Light" at the 77th edition of the Cannes Film Festival in Cannes, southern France, on May 23, 2024. (Photo by LOIC VENANCE / AFP)

പലസ്തീൻ പതാകയുടെ നിറങ്ങളുള്ള തണ്ണിമത്തൻ രാജ്യാന്തരവേദികളിൽ പലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായാണ് ഉപയോഗിക്കുന്നത്. കാനിന്റെ അൾത്താരയിൽ ഇത്തവണ വിവാദങ്ങൾ ഒഴിവാക്കണമെന്ന് സംഘാടകർ ആഗ്രഹിച്ചിരുന്നെങ്കിലും ഓസ്ട്രേലിയൻ നടി കേറ്റ് ബ്ലാച്ചറ്റും ഡിസൈനർ ഗൗണിലൂടെ പലസ്തീൻ പിന്തുണ റെഡ് കാർപറ്റിലെത്തിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com