ADVERTISEMENT

ഹണി റോസ് സിനിമയിലെത്തിയിട്ട് 20 വർഷമാകുന്നു! അദ്‌ഭുതം തോന്നാം, പക്ഷേ സത്യമാണ്...സൗന്ദര്യംകൊണ്ടും, വർണാഭമായ വസ്ത്രധാരണത്തിലൂടെയും സമൂഹമാധ്യമത്തിൽ നിറഞ്ഞുനിൽക്കുകയാണ് നിറഞ്ഞുനിൽക്കുകയാണ് ഹണി. ട്രോളുകൾ, ബോഡി ഷെയ്മിങ്, സിനിമ, നിലപാടുകൾ...ഹണി മനസുതുറക്കുന്നു...

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് ഹണി റോസ്. ഫാഷനിൽ അപ്ഡേറ്റഡായി നിൽക്കുന്നതിന്റെ രഹസ്യമെന്താണ്?

ഔട്ട്ഫിറ്റ്സ് എനിക്ക് വളരെ ഇഷ്ടമുള്ളതാണ്. ഒരു ഡിസൈനർ എന്നിലുമുണ്ടെന്ന് തോന്നാറുണ്ട്. പക്ഷേ ഞാൻ ഒട്ടും ബ്രാൻഡ് കോൺഷ്യസ് അല്ല. ഒരുപാട് ഉദ്‌ഘാടനപരിപാടികൾ ചെയ്യുന്നതുകൊണ്ട് അധികം ചെലവുവരാത്ത, എന്നാൽ കാണാൻ ഭംഗിയുള്ള ഔട്ട്ഫിറ്റ്സ് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. കുറെയൊക്കെ ഞാൻ റഫറൻസ് എടുക്കും. മിക്കതും വാങ്ങിക്കും. വല്ലപ്പോഴും കോസ്റ്റ്യൂം കർട്ടസി ചെയ്യാറുണ്ട്.

ഹണിയുടെ വസ്ത്രധാരണം പലപ്പോഴും ചർച്ചയാകാറുണ്ട്. വർണാഭമായ ഔട്ട്ഫിറ്റുകളിലാണ് ഹണിയെ കാണാറുള്ളത്. ആ തിരഞ്ഞെടുപ്പ് ബോധപൂർവമാണോ?

തുടർച്ചയായി പ്രോഗ്രാമുകൾ വരുമ്പോൾ എല്ലായിടത്തും ഒരേലുക്കിൽ പോകാൻപറ്റില്ലല്ലോ. എന്തെങ്കിലുമൊക്കെ വ്യത്യസ്തത ഉണ്ടാവണം. അതുപോലെ സിനിമയിൽ പലപ്പോഴും വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ പരിമിതികളുണ്ട്. കഥാപാത്രത്തിന് യോജിക്കണമല്ലോ. ഇവിടെ അതില്ല. എന്തൊക്കെ വേഷം കെട്ടണോ, അതൊക്കെ ചെയ്യാന്‍ സാധ്യതകളുണ്ട്. അത് പരമാവധി ഉപയോഗപ്പെടുത്തുന്നു എന്നു മാത്രം.

ഹണി എപ്പോഴും ഇങ്ങനെ സുന്ദരിയായിട്ട് ഇരിക്കുന്നതിന്റെ രഹസ്യം എന്താണ്? തിരക്കിട്ട ഉദ്‌ഘാടനങ്ങൾ, ഷൂട്ടുകൾ, യാത്ര, അലച്ചിൽ, വെയിൽ കൊള്ളേണ്ടി വരിക... ഇതിനിടയിൽ ചർമസംരക്ഷണം എങ്ങനെയാണ്?

വളരെ സെൻസിറ്റീവായ സ്കിന്നാണ് എന്റേത്. അതുകൊണ്ടുതന്നെ നാച്ചുറലായിട്ടുള്ള പ്രോഡക്റ്റുകളാണ് ഉപയോഗിക്കുന്നത്. മേക്കപ്പ് ചെയ്യാൻ എനിക്കു ഭയങ്കര ഇഷ്ടമാണ്. അതും സ്വന്തമായി ചെയ്താലേ തൃപ്തി വരികയുള്ളൂ..

തലമുടിയിൽ പരീക്ഷണങ്ങൾ നടത്താറുണ്ട്. ചിലതൊക്കെ സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യപ്പെടാറുമുണ്ട്. തലമുടിയുടെ സംരക്ഷണം എങ്ങനെയാണ്?

റേച്ചൽ എന്ന എന്റെ പുതിയ സിനിമയിൽ കഥാപാത്രത്തിന് കറുത്ത മുടിയായിരുന്നു. ഷൂട്ട് കഴിഞ്ഞിട്ട് എന്തെങ്കിലും ചേഞ്ച് വേണമെന്നു കരുതിയാണ് കളർ ചേഞ്ച് ചെയ്തത്. ഓറഞ്ച് നിറമാണ് അടിച്ചത്. പക്ഷേ അതിന് കേരളത്തിൽനിന്നുമാത്രമല്ല തെലുങ്കിൽ നിന്നുവരെ ട്രോൾ വന്നു. നിരുപദ്രവകരമായ ട്രോളുകൾ ഞാൻ ആസ്വദിക്കാറുണ്ട്. അൽപം ചുരുണ്ട മുടിയാണ് എന്റേത്. ചിലപ്പോഴൊക്കെ സ്ട്രെയ്റ്റ് ചെയ്യും. ഹെയർ തനിയെ സ്റ്റൈലിങ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. അതിനുവേണ്ടി കൂടെ വളരെ ടാലന്റ്ഡ് ആയിട്ടുള്ള ആളുകളുണ്ടാവും.

പലപ്പോഴും ഹണിക്കെതിരെ ബോഡി ഷെയ്മിങ് കമന്റുകൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. അത് ശ്രദ്ധിക്കാറുണ്ടോ? അതിനെക്കുറിച്ചെന്താണ് പറയാനുള്ളത്?

അത്തരം കമന്റ്സൊക്കെ ശ്രദ്ധിക്കാറുണ്ട്. അവർ അവരുടെ ജോലി ചെയ്യട്ടെ. ഞാൻ എന്റെ ജോലിയായിട്ട് മുന്നോട്ടുപോകും. 'ബോഡി ഷെയ്മിങ്' എനിക്കെതിരെ എന്നല്ല ആർക്കെതിരെയായാലും വളരെ മോശമായിട്ടുള്ള കാര്യമാണ്. ഒരാളെ വ്യക്തിഹത്യ ചെയ്യുന്നതിന് തുല്യമാണ്. കഴിയുമെങ്കിൽ ചെയ്യാതിരിക്കുക. ഇനി എനിക്കെതിരെ ചെയ്താലും എനിക്ക് പ്രശ്നമൊന്നുമില്ല. ഞാൻ എന്റെ ജോലിയുമായി മുന്നോട്ടു പോകും.

റേച്ചൽ എന്ന ചിത്രത്തിൽ ഇറച്ചിവെട്ടുകാരിയായാണ് അഭിനയിക്കുന്നത്. അത്യാവശ്യം കായികാധ്വാനമുള്ള വേഷമാണ്. അതിനുവേണ്ടി തയാറെടുപ്പുകൾ ഉണ്ടായിരുന്നോ?

റേച്ചൽ, ഇറച്ചി വെട്ടുകാരിയാണ്. പെട്ടെന്ന് ഒരുദിവസം ഷൂട്ട് സ്റ്റാർട്ട് ചെയ്യുകയല്ല ചെയ്തത്. ഇറച്ചിക്കടയിൽ പോയി അവിടുള്ളവർ ചെയ്യുന്നതു കണ്ടുപഠിച്ച് പ്രാക്ടീസ് ചെയ്താണ് റോൾ ചെയ്തത്. അതുകൊണ്ട് എളുപ്പമായിരുന്നു. ഇനി പടം ഒന്നുമില്ലെങ്കിലും ഇറച്ചി വെട്ടി ജീവിക്കാമെന്ന് തമാശയ്ക്ക് പറയാറുണ്ട്. ഇറച്ചിവെട്ടിനപ്പുറത്തേക്ക് എന്റെ ലൈഫിൽ ഞാൻ ചെയ്തിട്ടില്ലാത്ത കണ്ടിട്ടില്ലാത്ത കുറേ കാര്യങ്ങൾ ആ സിനിമയിലുണ്ട്.

ഫിറ്റ്നസ് നോക്കാറുണ്ടെങ്കിലും ഞാൻ ഭക്ഷണം വളരെ ആസ്വദിച്ചുകഴിക്കുന്ന ഒരാളാണ്. കുക്ക് ചെയ്യാനും ഇഷ്ടമാണ്. സ്വീറ്റ്സിന്റെ അഡിക്റ്റാണെന്ന് വേണമെങ്കിൽ പറയാം. അതുകൊണ്ടുതന്നെ ഇപ്പോൾ വണ്ണം കൂടിയിട്ടുണ്ട്. ഇനി അത് കുറയ്ക്കണം. അതിനുള്ള വർക്കൗട്ടും കാര്യങ്ങളും തുടങ്ങിയിട്ടുണ്ട്.

ഹണി സിനിമയിലെത്തിയിട്ട് 20 വര്‍ഷമാകുന്നു! ചെറുപ്പമായി നിലനിൽക്കുന്നതിന്റെ രഹസ്യമെന്താണ്?

തിരിഞ്ഞുനോക്കുമ്പോൾ എനിക്കുതന്നെ വിശ്വസിക്കാൻ പാടാണ്. സിനിമയിലെത്തിയിട്ട് 19 വർഷം കഴിഞ്ഞു! ചെറുപ്പമായി നിലനിൽക്കാൻ ഫോർമുലയൊന്നും ഇല്ല. അങ്ങനെയൊന്നുണ്ടെങ്കിൽ നമ്മൾ എവിടെ എത്തിയേനെ.. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ശരീരമാണ് ടൂൾ. അത് സംരക്ഷിക്കാനുള്ള പൊടിക്കൈകൾ ചെയ്യാറുണ്ട്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ശാരീരിക ആരോഗ്യം പോലെത്തന്നെ മാനസിക ആരോഗ്യവും പ്രധാനമാണ്. അതുകൊണ്ട് ഹാപ്പിയായി, പോസിറ്റീവായി ഇരിക്കാൻ ശ്രദ്ധിക്കാറുണ്ട്.

English Summary:

Honey Rose Celebrates 20 Years in Cinema: Secrets to Her Ageless Beauty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com