ADVERTISEMENT

അപൂർവതകളും ആഡംബരങ്ങളും തുടക്കം മുതൽ തന്നെ അംബാനി കല്യാണത്തിൽ അസാധാരണമല്ല. വധുവും വരനും ഓരോ അവസരത്തിലേയ്ക്കും തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളും ആക്സസറികളും മാത്രമല്ല കുടുംബാംഗങ്ങൾ ഓരോരുത്തരും തിരഞ്ഞെടുക്കുന്ന ആഭരണങ്ങളും വസ്ത്രങ്ങളുമൊക്കെ ഒന്നിനൊന്ന് വ്യത്യസ്തമാണ്. അത്തരത്തിൽ ഇഷ അംബാനി വിവാഹ ചടങ്ങുകളിൽ ധരിച്ച സമാനതകളില്ലാത്ത ഒരു വജ്ര നെക്‌ലസാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിലമതിപ്പ് എത്രയെന്ന് നിർണയിക്കാനാവാത്ത ഈ നെക്‌ലസ് ധരിച്ചു നിൽക്കുന്ന ഇഷ അംബാനിയുടെ നിരവധി ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

കഴുത്തു നിറഞ്ഞുനിൽക്കുന്ന വജ്ര നെക്‌ലസ് ഇഷയെ ചടങ്ങുകളിലെ ആകർഷണ കേന്ദ്രമാക്കി മാറ്റി. ഇന്ത്യയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള വജ്ര ബ്രാൻഡുകളിൽ ഒന്നായ കാന്തിലാൽ ഛോട്ടാലാലിൽ കസ്റ്റമൈസ് ചെയ്ത ഈ നെക്‌ലസിന് ‘ഗാർഡൻ ഓഫ് ലവ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. പിങ്ക്, നീല, പച്ച, ഓറഞ്ച് നിറങ്ങളിലുള്ള അപൂർവ വജ്രങ്ങളാണ് നെക്‌ലസിനെ വ്യത്യസ്തമാക്കുന്നത്. അതിമനോഹരമായ ഒരു പൂന്തോട്ടത്തെ  ഓർമിപ്പിക്കും വിധത്തിലാണ് വജ്രങ്ങൾ നെക്‌ലസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നെക്‌ലസിന്റെ നിർമാണത്തിലുമുണ്ട് പ്രത്യേകതകൾ. സങ്കീർണമായ ഡിസൈനുകൾ ഉൾപ്പെടുത്തിയ ആഭരണം നിർമിക്കാൻ 4000 മണിക്കൂറുകളാണ് വേണ്ടിവന്നത്. ഹൃദയ ആകൃതിയിലുള്ള നീല വജ്രമാണ് മധ്യഭാഗത്തുള്ളത്. അതിനു ചുറ്റുമായി കട്ട് പോർട്രേറ്റ് വജ്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. നെക്‌ലസിലെ സവിശേഷമായ ഓരോ ഘടകങ്ങളുടെയും ഭംഗി ഇരട്ടിയായി തോന്നിപ്പിക്കുന്നതിനു വേണ്ടി വെളുത്ത നിറത്തിലുള്ള  പോർട്രേറ്റ് കട്ട് വജ്രങ്ങളും മനോഹരമായ നിറങ്ങളിലുള്ള രത്നങ്ങളും ഉപയോഗിച്ചിട്ടുണ്ട്. 

വജ്ര നെക്‌ലസിനോട് ചേർന്നുപോകുന്ന ഇയർ റിങ്ങുകളും നെറ്റിച്ചുട്ടിയും വളകളുമാണ് ഇഷ ധരിച്ചിരുന്നത്. ഇവയിലും വ്യത്യസ്ത നിറങ്ങളിലുള്ള വജ്രങ്ങൾ ഉൾപ്പെടുത്തിയിരുന്നു. നിറയെ ഹാൻഡ് വർക്കുകൾ ഉൾപ്പെടുത്തി പ്രത്യേകമായി ഡിസൈൻ ചെയ്ത പേസ്റ്റൽ പീച്ച് നിറത്തിലുള്ള ഇഷയുടെ വസ്ത്രവും വേറിട്ടു നിന്നു. പവിഴങ്ങളും അമൂല്യ രത്നങ്ങളും പതിപ്പിച്ച തുണിത്തരത്തിൽ സ്വർണം വെള്ളി നൂലുകൾ ഉപയോഗിച്ച് ചെയ്യുന്ന സർദോസി എംബ്രോയിഡറി ചെയ്തെടുത്ത വസ്ത്രമാണിത്.  മറ്റൊരു തരത്തിൽ പറഞ്ഞാൽ ആഡംബരവും കലാമികവും പാരമ്പര്യത്തനിമയും ഒത്തുചേർന്ന വേഷവിധാനം എന്ന് ഇതിനെ വിശേഷിപ്പിക്കാം. അബു ജാനി സന്ദീപാണ് വസ്ത്രം ഡിസൈൻ ചെയ്തത്. അനൈത ഷ്‌റോഫായിരുന്നു ഇഷയുടെ സ്റ്റൈലിസ്റ്റ്. 

എന്നാൽ ഇഷ മാത്രമല്ല ചടങ്ങിൽ നിത അംബാനി ധരിച്ച വജ്ര നെക്‌ലസും ഏറെ സവിശേഷമാണ്. മഞ്ഞ നിറത്തിലുള്ള 100 കാരറ്റ് വജ്രം പതിപ്പിച്ച നെക്‌ലസായിരുന്നു ഇത്. മധ്യഭാഗത്ത് പതിപ്പിച്ച വജ്രത്തിനു ചുറ്റുമായി വെളുത്ത വജ്രങ്ങളുടെ അഞ്ചു നിരകളും കാണാം. കാന്തിലാൽ ഛോട്ടാലാൽ തന്നെയാണ് നിതയുടെ നെക്‌ലസും രൂപകൽപന ചെയ്തത്. ആയിരം മണിക്കൂറുകളാണ് ഇതിന്റെ നിർമാണത്തിനു വേണ്ടിവന്നത്. ഇതിനോട് ചേർന്ന് പോകുന്ന വിധത്തിൽ മഞ്ഞ വജ്രം ഉൾപ്പെടുത്തിയ നിസാമി ഇയറിങ്ങുകളും നെറ്റിച്ചുട്ടിയും നിത ധരിച്ചിരുന്നു.

English Summary:

Isha Ambani's Bespoke 'Garden of Love' Necklace Steals the Show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com