ADVERTISEMENT

ഓണമിങ്ങെത്തി. റീലും സ്റ്റാറ്റസും കളറാക്കുന്ന ഈ ഓണക്കാലത്ത് ഒന്നിലധികം ഓണാഘോഷ പരിപാടികളാണ് ഓരോരുത്തർക്കും പങ്കെടുക്കാനുള്ളത്. എല്ലാ പരിപാടികൾക്കും പുതിയ വസ്ത്രമെന്ന സാധ്യത ബജറ്റിൽ നിൽക്കാത്തതിനാൽ വാർഡ്രോബിൽ ഉള്ള പഴയ കേരള സാരികളെയും സെറ്റുമുണ്ടുകളെയും പുതിയ അവതാരത്തിൽ ഇറക്കുകയാണ് ട്രെൻഡി പിള്ളേഴ്സ്. അൽപസ്വൽപം കൈപ്പണികൾ അറിയാവുന്നവർ സാരിയിൽ പൊൽക്ക ഡോട്സോ ചെറിയ ചിത്രപ്പണികളോ ചെയ്ത് പുതുക്കി ഉടുക്കാറുണ്ട്. അത്രയൊന്നും സമയം ഇല്ലാത്തവർക്കു പോലും ചില പുതിയ സ്റ്റൈലുകൾ പരീക്ഷിക്കാമെന്ന് പറയുകയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് കൂടിയായ കോസ്റ്റ്യൂം ഡിസൈനർ ഫെമിന ജബ്ബാർ. പരമ്പരാഗത രീതിയിലുള്ള കേരള സാരി നാലു തരത്തിൽ സ്റ്റൈൽ ചെയ്ത് സൂപ്പർ ശരണ്യയിലെ അനശ്വര–മമിത ഗ്യാങ്ങിനെ സ്റ്റൈൽ ആക്കിയ ഫെമിന ജബ്ബാർ പങ്കുവയ്ക്കുന്ന ചില സ്റ്റൈലിങ് ടിപ്സ് ഇതാ.

സിംപിളാണ്, പവർഫുള്ളും

സെറ്റു മുണ്ടും കേരള സാരിയും ഏറ്റവും വിശിഷ്ടമായ ഒരു സ്റ്റേറ്റ്മെന്റ് വസ്ത്രമാണ്. വളരെ സിംപിളാണ്. എന്നാൽ അതിന്റെ പ്രൗഢി ഒന്നു വേറെ തന്നെയാണ്. ഉടുത്തുകഴിഞ്ഞാൽ അസാധ്യ ലുക്കും പ്രൗഢിയുമുണ്ട്. ആ വേഷത്തിന് സ്വന്തമായൊരു ഐഡന്റിറ്റി ഉള്ളതായി എനിക്കു തോന്നിയിട്ടുണ്ട്. അതിൽ വലിയ കൂട്ടിച്ചേർക്കലുകൾ ആവശ്യമില്ല. അതാണ് എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളതും.

സൂപ്പർ ശരണ്യയിലെ ഓണക്കുട്ടികൾ

സൂപ്പർ ശരണ്യ ചെയ്യുന്ന സമയത്ത് ചോക്കേഴ്സ് വീണ്ടും ട്രെൻഡ് ആകുന്ന സമയമാണ്. നമിതയുടെ കഥാപാത്രം സിനിമയിൽ കൺടംപററി ആണല്ലോ. അതുകൊണ്ട് നമിതയ്ക്ക് ചുവന്ന ചോക്കർ കൊടുത്തു. ശരണ്യയ്ക്ക് ട്രഡിഷണൽ ലുക്കാണ് നൽകിയത്. ബാക്കി രണ്ടു കഥാപാത്രങ്ങളെയും അവരുടെ കഥാപാത്രത്തിന് യോജിച്ച തരത്തിൽ ഒരുക്കി. ബ്ലൗസിന്റെ സ്ലീവ്സ് ഓരോ കഥാപാത്രത്തിന്റെ സ്വഭാവം അനുസരിച്ചാണ് നൽകിയത്. ലാളിത്യം വിടാതെ ആയിരുന്നു എല്ലാവരെയും ഒരുക്കിയത്. ഒരേമെറ്റീരിയലാണ് എല്ലാവർക്കും നൽകിയത്. പക്ഷേ, ബ്ലൗസിലും ആക്സസറീസിലും വൈവിധ്യം കൊടുത്ത് നാലു ലുക്കിലേക്ക് അവരെ മാറ്റിയെടുത്തു. നമ്മുടെ ഐഡന്റിറ്റി കൂടി നമ്മുടെ ലുക്കിൽ പ്രതിഫലിക്കുമല്ലോ.

femina-super

ബജറ്റ് ഫ്രണ്ട്‍ലി ഐഡിയ

ബജറ്റ് ഫ്രണ്ട്‍ലിയായി ചെയ്യാൻ കഴിയുന്ന ധാരാളം കാര്യങ്ങളുണ്ട്. ഗോൾഡൻ കളറിലുള്ള ലേസുകൾ വാങ്ങാൻ കിട്ടും. അതുസാരിയിൽ വച്ചാൽ ഭംഗിയുണ്ടാകും. സ്റ്റൈലിഷ് ആയ പോംപോസും ടസൽസും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. അതു വച്ചും സാരിക്കു മെയ്ക്കോവർ നൽകാം. ബ്ലൗസിൽ ഒരുപാട് പരീക്ഷണങ്ങൾ നടക്കുന്ന സമയമാണ്. സ്റ്റേറ്റ്മെന്റ് നൽകുന്ന ബ്ലൗസുകൾ ഉപയോഗിച്ച് മുൻപുടുത്ത സാരിക്കു പോലും പുതിയ ലുക്കും ഫീലും നൽകാൻ കഴിയും. അതിനൊപ്പം ആക്സസറീസും ട്രെൻഡി ആയി നൽകാം.

ദാവണി കളറാക്കാം

പഴയ സെറ്റുസാരികളെ കുർത്തയായോ ചുരിദാർ ആയോ ദാവണി ആയോ ഒക്കെ രൂപമാറ്റം വരുത്താനും കഴിയും. അതു നല്ല കളറായി പെയർ ചെയ്താൽ ഗംഭീരമായ ഓണ വേഷമാകും. ബ്ലൗസും പാവാടയും സെറ്റു സാരി വച്ചു ചെയ്യുകയാണെങ്കിൽ ദുപ്പട്ട കുറച്ചു കളർഫുൾ ആയി കൊടുക്കാം. ഒഴുകിക്കിടക്കുന്ന ധാരളം മെറ്റീരിയലുകൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. ഗ്രേസ്ഫുൾ ആയ ഫ്ലോറൽ മെറ്റീരിയലുകൾ ദുപ്പട്ടയിൽ പരീക്ഷിക്കുന്നത് ഭംഗിയാകും. ജോർജറ്റോ സോഫ്ട് ഓർ‍ഗൻസ മെറ്റീരിയിലോ ഒക്കെ ഇതിനായി നോക്കാവുന്നതാണ്. ദുപ്പട്ടയ്ക്ക് സ്കാലപിങ് ഒക്കെ കൊടുക്കുന്നത് കൺടംപററി ലുക്കിന് നല്ലതാണ്. തനിമ ചോരാത ഫ്രഷ് ലുക്ക് കിട്ടാൻ ഈ ഐഡിയ സഹായിക്കും.

സ്കാലപ് ചെയ്ത് ട്രെൻഡിയാക്കാം

സ്കാലപ്ഡ് സാരി ഇപ്പോഴത്തെ ട്രെൻഡ് ആണല്ലോ. നമ്മുടെ പഴയ കേരള സാരി സ്കാലപ് ചെയ്ത് ട്രെൻഡിയാക്കാം. ഗോൾഡൻ നിറത്തിലോ കോൺട്രാസ്റ്റ് നിറത്തിലോ സ്കാലപ് ചെയ്ത് മാച്ചിങ് ബ്ലൗസ് ധരിച്ചാൽ പഴയ സാരിക്ക് പുതിയ ലുക്ക് നൽകാം. ദാവണിയുടുക്കാൻ പാവാടയ്ക്കായി പുതിയ തുണി വാങ്ങേണ്ടതില്ല. വാർഡ്രോബിലുള്ള പഴയസാരി എടുത്ത് പാവാടയും ബ്ലൗസും തയ്ച്ചെടുക്കാം. സിംഗിൾ കളറിലുള്ള മെറ്റീരിയലോ കലങ്കാരി, അജ്റക് മെറ്റീരിയലോ ഉപയോഗിച്ച് പൈപ്പിങ് കൊടുക്കാം.

ട്രെൻഡും കംഫേർട്ടും പ്രധാനം

ഓണക്കാലമായാലും കംഫർട്ട് ആണല്ലോ പ്രധാനം. സാരിയും ദാവണിയും അൽപം 'ഹെവി' ആണെന്നു കരുതുന്നവർക്ക് കേരള സാരി ഉപയോഗിച്ച് ട്രെൻഡി ഡ്രസുകൾ ഡിസൈൻ ചെയ്തെടുക്കാം. സ്ട്രെയ്റ്റ് കുർത്ത, അനാർക്കലി കുർത്ത തുടങ്ങി കംഫർട്ടബിൾ ഡിസൈൻ തിരഞ്ഞെടുക്കാം. സ്ലീവ്സിനും യോക്കിനും ചെറിയ എംബ്രോയിഡറി കൂടെ നൽകിയാൽ സംഗതി കളറാകും

പഴയ പ്ലെയിൻ കേരള സാരിയുണ്ടോ കയ്യിൽ. ഒരൽപം ഫാബ്രിക് പെയ്ന്റും കുറച്ചു ക്ഷമയും ഉണ്ടെങ്കിൽ ട്രെൻഡി പൊൽക്ക ഡോട്സ് പ്രിന്റഡ് സാരി വീട്ടിൽ തന്നെ ഡിസൈൻ ചെയ്തെടുക്കാം. പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പ് പെയിന്റിൽ മുക്കി സാരിയിൽ പതിപ്പിച്ചാൽ പൊൽക്ക ഡോട്സ് തയാർ. കുപ്പിയുടെ അടപ്പിന്റെ വലിപ്പം അനുസരിച്ച് ഡോട്സിന്റെ വലിപ്പവും വ്യത്യാസപ്പെട്ടിരിക്കും. സാരിയിൽ മുഴുവനായോ മുന്താണിയിൽ മാത്രമോ ഇങ്ങനെ ഡോട്സുകൾ നൽകാം. അല്ലെങ്കിൽ സാരിയുടെ കരയ്ക്ക് സമാന്തരമായി ഒരു ലൈൻ പോലെ ചെറിയ ഡോട്സ് കൊടുത്തും സാരിക്ക് പുതിയ ലുക്ക് നൽകാം.

വീട്ടിൽ ഉരുളക്കിഴങ്ങ് ഉണ്ടാകുമല്ലോ? സാരിയിൽ ബ്ലോക്ക് ഡിസൈൻ നൽകാൻ ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഒരു ട്രിക്കുണ്ട്. നന്നായി കഴുകി വൃത്തിയാക്കിയ ഉരുളക്കിഴങ്ങ് മുക്കാൽ ഭാഗത്ത് വച്ച് മുറിച്ചെടുക്കുക. അതിനു ശേഷം കാർഡ് ബോർഡിൽ ഇഷ്ടമുള്ള രീതിയിൽ ഒരു ഡിസൈൻ തയാറാക്കാം. ഡയമണ്ട് ഷേപ്പോ ടെംപിൾ ഡിസൈനോ വെട്ടിയെടുക്കാം. ഒന്ന് അൽപം വലുതും ഒന്ന് അതിനേക്കാൾ ചെറുതുമായിരിക്കണം. ആദ്യം വലിയ സൈസിലുള്ള ഡിസൈൻ ഉരുളക്കിഴങ്ങിൽ കട്ട് ചെയ്യുക. അതിനുശേഷം അതിനുമുകളിൽ ചെറിയ ഡിസൈനും വച്ച് കട്ട് ചെയ്യണം. ഇത് നല്ലൊരു ബ്ലോക്ക് ഡിസൈൻ അച്ച് ആയി ഉപയോഗിക്കാം. ഇതുപയോഗിച്ച് ഇഷ്ടമുള്ള കളറിൽ ഈ ഡിസൈൻ സാരിയിൽ പ്രിന്റ് ചെയ്തെടുക്കാം

English Summary:

Onam Style on a Budget: Revamp Your Kerala Sarees with These Trendy Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com