ലിപ്സ്റ്റിക്ക് ഉപയോഗിച്ചു; ചെന്നൈയിലെ ആദ്യ വനിതാ ദഫേദാറിനു സ്ഥലംമാറ്റം
Mail This Article
ലിപ്സ്റ്റിക്കിടാതെ പുറത്തിറങ്ങുന്നവര്‍ കുറവായിരിക്കും. എന്നാലിപ്പോൾ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഒരു ലിപ്സ്റ്റിക് വിവാദം. കോർപ്പറേഷനിലെ ആദ്യ വനിതാ ദഫോദാർ എസ്.ബി. മാധവിയെ ലിപ്സ്റ്റിക്കിന്റെ നിറത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്ഥലംമാറ്റിയതാണ് പുറത്തുവരുന്ന റിപ്പോർട്ട്.
മേയറുടെ അകമ്പടി സംഘത്തിലുണ്ടായ ആദ്യ വനിതയായിരുന്നു മാധവി. കഴിഞ്ഞമാസം ജോലിക്കിടെ ലിപ്സ്റ്റിക് അണിയരുതെന്ന് മാധവിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ മാധവി ഇത് അനുസരിച്ചില്ല. തുടർന്നാണ് അൻപതുകാരിയായ മാധവിയെ സ്ഥലം മാറ്റിയത്.
മേയർ പ്രിയയുടെ പേഴ്സണൽ അസിസ്റ്റന്റായ ശിവശങ്കറാണ് ലിപ്സ്റ്റിക്കിട്ടതിനെ തുടർന്ന് മാധവിക്ക് മെമ്മോ അയച്ചത്. ഓഗസ്റ്റ് ആറിനു ലഭിച്ച മെമ്മോയ്ക്ക് മാധവി മറുപടി നൽകിയതിനു പിന്നാലെയാണ് സ്ഥലംമാറ്റം. ‘‘ലിപ്സ്റ്റിക്കിടരുതെന്ന് നിങ്ങൾ പറയുന്നു. ഇതൊരു കുറ്റകൃത്യമാണെങ്കിൽ ലിപ്സ്റ്റിക് ഇടരുതെന്ന് പറയുന്ന സർക്കാർ ഉത്തരവ് കാണിക്കൂ.’’– എന്നാണ് മാധവി മെമ്മോയ്ക്ക് മറുപടി നൽകിയത്. ജോലിയുടെ കാര്യത്തിൽ വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്നും അവർ പ്രതികരിച്ചു.
കോർപ്പറേഷനിലെ മണലി സോണിലേക്കാണ് മാധവിയെ മാറ്റിയത്. വനിതാ ദിനത്തിൽ വനിതാ ദഫേദാർ ഫാഷൻ ഷോയിൽ പങ്കെടുത്തത് ഏറെ വിമർശനത്തിന് വഴി തെളിച്ചിരുന്നുവെന്നാണ് ഡിഎംകെ പ്രവർത്തകയായ മേയർ പ്രിയ വിശദമാക്കുന്നത്. ‘ഇത് മാധവിയോട് വിശദമാക്കിയിരുന്നു. എംബസിയിൽ നിന്ന് അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥിരം എത്തുന്ന ഓഫിസ് ആയതിനാൽ ഇത്തരം കടുംനിറത്തിലുള്ള ലിപ്സ്റ്റിക് ഉപയോഗിക്കരുതെന്ന് പിഎ ആവശ്യപ്പെട്ടിരുന്നു.’– മേയർ അറിയിച്ചു.