ബഹിരാകാശത്തു നിന്ന് വീണാലും തകരാത്ത സ്യൂട്ട് കേസ്; തെളിയിച്ചു കാണിച്ച് നിർമാണ കമ്പനി
Mail This Article
ഓരോ ഉതപന്നത്തിന്റെയും ഗുണനിലവാരം ജനങ്ങളിലേയ്ക്ക് എത്തിക്കാൻ വ്യത്യസ്ത ആശയങ്ങളിൽ ആകർഷകമായ പരസ്യങ്ങൾ നിർമാതാക്കൾ ഒരുക്കാറുണ്ട്. നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന വസ്തുക്കൾ ഏതൊക്കെയാണെന്നും എന്തൊക്കെയാണ് ഗുണമേന്മയെന്നതുമൊക്കെ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാനാണ് ഈ പരസ്യങ്ങൾ. എന്നാൽ ഇതിൽ നിന്നൊക്കെ അല വ്യത്യസ്തമായി തങ്ങളുടെ ഉത്പന്നം എത്രത്തോളം കരുത്തുറ്റതാണെന്ന് കാണിക്കാൻ അസാമാന്യമായ ഒരു വഴി തിരഞ്ഞെടുത്തിരിക്കുകയാണ് ഒരു സ്യൂട്ട് കേസ് കമ്പനി. പ്രീമിയം ലഗേജ് നിർമാതാക്കളായ സാംസൊണൈറ്റ് എന്ന അമേരിക്കൻ കമ്പനി തങ്ങളുടെ ഉത്പന്നത്തിന്റെ കരുത്ത് പരിശോധിക്കാനായി അത് നേരെ ബഹിരാകാശത്തിൽ എത്തിച്ച് താഴെക്കിടുകയാണ് ചെയ്തത്.
ബഹിരാകാശത്തിൽ നിന്നും വീണാൽ പോലും തകരില്ല എന്ന് വെറുതെ അങ്ങ് പറയുകയല്ല അക്ഷരാർഥത്തിൽ അത് തെളിയിച്ച് കാണിക്കുന്ന വിഡിയോയും ഇവർ പകർത്തി. 13,0000 അടി ഉയരത്തിലേക്ക് ആയിരുന്നു സ്യൂട്ട് കേസിന്റെ യാത്ര. അടുത്തയിടയാണ് പ്രോക്സിസ് ഗ്ലോബൽ ക്യാരി ഓൺ സ്പിന്നർ എന്ന പുതിയ സ്യൂട്ട് കേസ് കേസിന് കമ്പനി രൂപം നൽകിയത്. എത്ര ഉയരത്തിൽ നിന്നു പതിച്ചാലും സ്യൂട്ട് കേസ് തകരാതെ നിലനിൽക്കുമെന്ന് നിർമാണ സമയത്ത് തന്നെ ഉറപ്പായിരുന്നെങ്കിലും അത് തെളിയിക്കാനായി ഏറ്റവും കഠിനമായ മാർഗം തിരഞ്ഞെടുക്കണമെന്ന് കമ്പനി അധികാരികൾ തീരുമാനിച്ചു. അങ്ങനെ സ്യൂട്ട് കേസ് ബഹിരാകാശത്തിൽ നിന്നും താഴെ വീണാൽ എന്താവും അവസ്ഥയെന്ന് പരിശോധിക്കാം എന്ന നിഗമനത്തിലാണ് അവർ എത്തിയത്.
കലിഫോർണിയിലെ മൊജാവേ മരുഭൂമി പരീക്ഷണത്തിനായി തിരഞ്ഞെടുക്കുകയും ചെയ്തു. എയ്റോ സ്പേസ് കമ്പനിയായ സെന്റ് ഇന്റു സ്പെയ്സിന്റെ സഹായത്തോടെ ആയിരുന്നു സ്യൂട്ട് കേസ് വിക്ഷേപണം. ഇതിനായി അത്യാധുനിക സ്ട്രാറ്റോസ്ഫെറിക് ബലൂൺ സാങ്കേതികവിദ്യ ഉപയോഗിച്ചു. പാരിസ്ഥിതിക പരിഗണന കണക്കിലെടുത്ത് പുനരുപയോഗിക്കാവുന്ന ഹൈഡ്രജൻ വാതകമാണ് തിരഞ്ഞെടുത്തിരുന്നത്. ഒക്ടോബർ 25 ആയിരുന്നു വിക്ഷേപണം. 2.087 കിലോഗ്രാമാണ് സ്യൂട്ട് കേസിന്റെ ഭാരം.
മൈനസ് 85 ഡിഗ്രി ഫാരൻഹീറ്റ് താപനിലയിൽ വരെ എത്തിയ ശേഷമാണ് സ്യൂട്ട് കേസ് താഴേയ്ക്ക് പതിച്ചത്. നിയന്ത്രിതമായ വേഗതയിലായിരുന്നു പതനം. ഇത്രയും ഉയരത്തൽ നിന്നും പതിച്ചിട്ടും ആദ്യം പെട്ടിയുടെ വീലുകളാണ് ഭൂമിയിൽ തൊട്ടത്. യാതൊരു കേടുപാടുകളും കൂടാതെ വിക്ഷേപണത്തിന് മുൻപുള്ള അതേ നിലയിൽ സ്യൂട്ട് കേസ് തിരികെ ലഭിക്കുകയും. വലിയ ആഘാതം ഏറ്റാലും ബൗൺസ് ചെയ്ത് പഴയ ആകൃതിയിലേയ്ക്ക് എത്താൻ സാധിക്കുന്ന തരത്തിലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ചാണ് സ്യൂട്ട് കേസ് നിർമിച്ചിരിക്കുന്നതെന്ന് കമ്പനിയുടെ വക്താക്കള്‍ അറിയിക്കുന്നു. വാണിജ്യാടിസ്ഥാനത്തിൽ ബഹിരാകാശ ടൂറിസം എന്ന ആശയം വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നതിനിടെ അതുമായി ബന്ധപ്പെടുത്തിയാണ് ഈ പ്രോഡക്റ്റ് ടെസ്റ്റിങ്ങിനെ ആളുകൾ വിലയിരുത്തുന്നത്.