ആഡംബരം വെറുതെയായില്ല!; അനന്തും രാധികയും ലോകത്തിലെ ഏറ്റവും ‘സ്റ്റൈലിഷാ’യ വ്യക്തികൾ
Mail This Article
2024ൽ ലോകത്തെ ഏറ്റവും സ്റ്റൈലിഷായ 64 വ്യക്തികളുടെ പട്ടികയിൽ ഇടംനേടി അനന്ത് അംബാനിയും രാധിക മെർച്ചന്റും. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട പട്ടികയിലാണ് അനന്തും രാധികയും ഇടംനേടിയത്. ഇന്ത്യയില്‍ നിന്ന് ഇവർ മാത്രമാണ് പട്ടികയിൽ ഇടംനേടിയത്.ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള കുടുംബത്തിലെ അംഗങ്ങളെന്ന നിലയിൽ മാത്രമല്ല, ഈ വർഷം നടന്ന ഏറ്റവും വലിയ വിവാഹത്തിലെ ദമ്പതികളെന്ന നിലയിൽ കൂടിയാണ് ഇവർ പട്ടികയിൽ ഇടം നേടിയത്.
വിവാഹത്തോടനുബന്ധിച്ച് രാധിക ധരിച്ച വസ്ത്രങ്ങളെല്ലാം തന്നെ ജനശ്രദ്ധനേടിയിരുന്നു. സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ റിയ കപൂറാണ് രാധികയുടെ വധുലുക്ക് ഒരുക്കിയത്. ഇന്ത്യൻ പാരമ്പര്യത്തനിമയിലുള്ള വസ്ത്രങ്ങളിൽ മോഡേൺ ഡിസൈനുകൾ ഉൾപ്പെടുത്തിയായിരുന്നു രാധികയുടെ വിവാഹവസ്ത്രം ഒരുക്കിയത്. വിവാഹ റിസപ്ഷനിൽ ഗോൾഡൻ ലഹങ്കയിലാണ് രാധിക എത്തിയത്. ഇന്ത്യൻ പാരമ്പര്യത്തിലൂന്നി തന്നെ ഡിസൈൻ ചെയ്ത വസ്ത്രം ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു.
വിവാഹ വസ്ത്രങ്ങളിൽ ‘മാസ്റ്റർ പീസ്’ എന്നുപറയുന്നത് വിവാഹദിനത്തിൽ രാധിക അണിഞ്ഞ ഐവറി ലെഹങ്കയാണ്. അബുജാനി–സന്ദീപ് ഖോശ്ല ഡിസൈൻ ചെയത് ലെഹങ്കയായിരുന്നു ഇത്. പരമ്പരാഗത ഗുജറാത്തി വിവാഹ വസ്ത്രത്തിൽ ആധുനീക ഡിസൈനുകൾ ഉൾപ്പെടുത്തിയ വിവാഹ വസ്ത്രം വധുവിന് മോഡേൺ എലഗന്റ് ലുക്ക് നൽകിയെന്നാണ് വിലയിരുത്തൽ.
പ്രമുഖ ആർട്ടിസ്റ്റ് ജയശ്രീ ബർമന്റെ ആർട്ട് വർക്കുകൾ ഉൾപ്പെടുത്തികൊണ്ട് ഡിസൈൻ ചെയ്ത ലെഹങ്കയായിരുന്നു വിവാഹത്തലേന്ന് രാധിക അണിഞ്ഞത്. അബു–ജാനി സന്ദീപ് ഖോശ്ല തന്നെയാണ് ഈ വസ്ത്രവും ഡിസൈൻ ചെയ്തത്. കൈകൊണ്ട് പെയിന്റ് ചെയ്തതാണ് വസ്ത്രത്തിന്റെ ഡിസൈൻ. ഇതിലേക്ക് സെലസ്റ്റിയൽ മോട്ടിഫ്സും ഗോൾഡ് സർദോസി എംബ്രോയിഡറിയും നൽകിയിരിക്കുന്നു. മരതക ആഭരണങ്ങളായിരുന്നു ഈ വസ്ത്രത്തിന് രാധിക സ്റ്റൈൽ ചെയ്തത്.
ഗുജറാത്തി വിവാഹത്തിന്റെ പ്രധാന ഭാഗമായ വിദായ് ചടങ്ങിന് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ചുവപ്പ് ലെഹങ്കയായിരുന്നു രാധിക ധരിച്ചത്. ബനാറസി സിൽക്കില്‍ ഗോൾഡന്‍ എംബ്രോയിഡറി നൽകിയത് രാധികയ്ക്ക് ഒരു രാജകീയ ലുക്ക് നൽകിയിരുന്നു. രണ്ടുതവണയായി നടന്ന പ്രീ വെഡ്ഡിങ് ആഘോഷങ്ങളിലെ രാധികയുടെ ലുക്കും ഏറെ ചർച്ചയായിരുന്നു. അനന്ത് ആദ്യമായി എഴുതിയ പ്രണയലേഖനം ആലേഖനം ചെയ്ത ഫ്രോക്കായിരുന്നു അതിൽ പ്രധാനം. ആഡംബരക്കപ്പലിൽ നടന്ന പ്രീവെഡ്ഡിങ് ആഘോഷങ്ങളിൽ വെസ്റ്റേൺ സ്റ്റൈലിലാണ് രാധിക എത്തിയത്.