‘പ്ലാസ്റ്റിക് സർജറി ചെയ്തിട്ടും ശരിയായില്ലല്ലോ’; ‘പൊന്നിയൻ സെൽവൻ’ ആഭരണത്തിൽ തിളങ്ങിയ ശോഭിത
Mail This Article
ഏറെ ചർച്ചയായ വിവാഹമാണ് ശോഭിത ധുലിപാലയുടെയും നാഗചൈതന്യയുടെയും. അതിന് പല കാരണങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ചയാവുന്നത് വിവാഹത്തിനു ശോഭിത ധരിച്ച ആഭരണങ്ങളാണ്. ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിൽ തൃഷയും ഐശ്വര്യ റായിയും അണിഞ്ഞ അതേ മോഡൽ ആഭരണങ്ങളാണ് ശോഭിതയും വിവാഹത്തിനു അണിഞ്ഞത്. തൃഷയുടെ കഥാപാത്രമായ കുന്തവി അണിഞ്ഞ ചോക്കറും നെറ്റിച്ചുട്ടിയും അതേ പോലെയാണ് ശോഭിതയും ഉപയോഗിച്ചത്. ഒപ്പം ചിത്രത്തിൽ ഐശ്വര്യ റായി അണിഞ്ഞതുപോലെയുള്ള ആഭരണങ്ങളും അണിഞ്ഞു.
എന്നാൽ ഫാഷന്റെ കാര്യത്തിൽ സ്വന്തമായി സ്റ്റേറ്റ്മെന്റ് സെലക്ഷനുകൾ നടത്തുന്ന താരമാണ് ശോഭിത. 'ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' അതാണ് ശോഭിത. നടി ആവുന്നതിനു മുൻപ് തന്നെ ശോഭിതസൂപ്പർ മോഡൽ ആയിരുന്നു. അതുകൊണ്ട് തന്നെ താരം തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളിലും ആഭരണങ്ങളിലും ആ സ്വാധീനം കാണാം. കൂടുതലും ബോൾഡ് ലുക്കിലാണ് ശോഭിതയെ കാണാൻ സാധിക്കുക. എന്നാൽ ട്രഡീഷണൽ വസ്ത്രങ്ങളെ അകറ്റി നിർത്താറുമില്ല.
‘കുറുപ്പ്’ എന്ന മലയാളചിത്രത്തിൽ അത്തരം ട്രഡീഷണൽ വസ്ത്രങ്ങൾ ആയതുകൊണ്ടു തന്നെ ശോഭിത മലയാളി അല്ലെന്ന് ആർക്കും തോന്നിയില്ല. ആന്ധ്രാ പ്രദേശിലെ തെന്നാലി സ്വദേശിനിയാണ് ശോഭിത. 2013ൽ നടന്ന ‘ഫെമിന മിസ് ഇന്ത്യ’ മത്സരത്തിന്റെ ഫൈനലിസ്റ്റായതോടെയാണ് ശോഭിത ശ്രദ്ധിക്കപ്പെട്ടത്. അവരുടെ ഫോട്ടോഷൂട്ടും ചിത്രങ്ങളും വൈറലാവാൻ തുടങ്ങിയതോടെ ഡ്രസ്സിങ് സെൻസും ശ്രദ്ധിക്കപ്പെട്ടു.
ഫോട്ടോഷൂട്ടുകളിൽ കൂടുതലും ബോൾഡ് ഡ്രെസുകളാണ് ശോഭിത ധരിക്കാറുള്ളത്. ബസാറിന് വേണ്ടി താരം ചെയ്ത ഫോട്ടോഷൂട്ടുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. നിരവധി ബ്രാൻഡുകൾക്കും മാസികകൾക്കും വേണ്ടി ശോഭിത ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുണ്ട്. സത്യത്തിൽ ശോഭിതയുടെ ഡ്രസ്സിങ് പാറ്റേൺ നിശ്ചയിക്കുക എന്നത് തന്നെ വളരെ പ്രയാസമുള്ളകാര്യമാണ്. എല്ലാതരം പരീക്ഷണങ്ങളും അവർ തന്റെ വസ്ത്രങ്ങളിൽ നടത്താറുണ്ട്. അതിൽ ഭൂരിഭാഗവും വൻവിജയവുമാണ്. ട്രഡീഷണലായും ഗ്ലാമറസായും ശോഭിത സാരി ധരിക്കാറുണ്ട്
എന്നാൽ ഇതിനൊപ്പം അവരുടെ ലുക്കിന് നിരവധി വിമർശനങ്ങളും നേരിട്ടു. പ്ലാസ്റ്റിക് സർജറി ചെയ്ത് വിജയിക്കാതെ പോയ ഒരാളാണ് ശോഭിത എന്നൊക്കെയാണ് സമൂഹമാധ്യമത്തിൽ അവർക്ക് നേരേയുള്ള വിമർശനം. നാഗചൈതന്യയുമായുള്ള വിവാഹം കൂടി ആയതോടെ സമാന്തയുമായി താരതമ്യം ചെയ്ത് നിരവധി വിമർശനങ്ങളാണ് ആളുകൾ ഉന്നയിക്കുന്നത്. എന്നാൽ ഇതിനെതിരെ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.