‘ബാഗി ജീൻസി’ൽ മലയാളിയുടെ മനം കവര്ന്നു; കാലത്തിനു മുൻപേ സഞ്ചരിച്ച പ്രിയയുടെ ഫാഷൻ തിരഞ്ഞെടുപ്പുകൾ
Mail This Article
ആറാംതമ്പുരാനിൽ ഉണ്ണിമായ കുശുമ്പോടെ നോക്കിയ നയൻതാരയെ ഓർമയില്ലേ? പ്രിയ രാമനെ അങ്ങനെയൊന്നും മലയാളികൾക്ക് മറക്കാനാവില്ല. മാന്ത്രികം, ആറാംതമ്പുരാൻ, കാശ്മീരം, സൈന്യം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ പ്രിയ രാമന്‍ പിന്നീട് സിനിമയിൽ നിന്ന് ഇടവേളയെടുത്തു. ആറാം തമ്പുരാനിലെ ഉണ്ണിമായ മാത്രമല്ല ആ തലമുറയിലെ പെൺകുട്ടികളെല്ലാം തന്നെ അൽപം അസൂയയോടെയാണ് പ്രിയയെ നോക്കിയിരുന്നത്. കാരണം എല്ലാകാലത്തും മേക്കപ്പിലും വസ്ത്രത്തിലുമെല്ലാം വ്യത്യസ്തത പുലർത്താൻ പ്രിയ ശ്രദ്ധിച്ചിരുന്നു.
തൊണ്ണൂറുകളിൽ തന്നെ ക്രോപ് ടോപ്പുകളും, ബാഗി ജീൻസും പ്രിയയുടെ വസ്ത്രധാരണത്തിന്റെ ഭാഗമായിരുന്നു. ബോൾഡ് വസ്ത്രങ്ങൾ ധരിക്കുമ്പോഴും അതിൽ യാതൊരു അരോചകത്വവും ഉണ്ടായിരുന്നില്ല. കൂടാതെ നല്ല നല്ല ഫ്രോക്കുകളും, ബാഗി ടിഷർട്ടുകളും അന്നേ ട്രെൻഡ് ആക്കിയ ആളാണ് പ്രിയ രാമന്‍. ഇവരുടെ വസ്ത്രധാരണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നിരവധിപേർ അക്കാലത്ത് ഉണ്ടായിരുന്നു. വസ്ത്രത്തിൽ മാത്രമല്ല ഹെയർ സ്റ്റൈലിനും വ്യത്യസ്തതകൾ പ്രിയ കൊണ്ടുവന്നിരുന്നു. ലിപ്സ്റ്റിക് ഷേഡുകളും, ഗ്ലോസി ലിപ്സും ന്യുഡ് ഷെയ്ഡുകളുമൊക്കെ പ്രിയ പരീക്ഷിച്ചു
വയസ്സ് 50 ആയിട്ടും പ്രിയയുടെ സൗന്ദര്യത്തിനു കോട്ടംതട്ടിയിട്ടില്ല. പ്രായമാകുന്നതിന്റെ ലക്ഷണം പോലുമില്ലെന്നതാണ് യാഥാർഥ്യം. ഇന്നും ഒരുങ്ങി വരുമ്പോൾ ആറാംതമ്പുരാനിലെ നയൻതാരയും മാന്ത്രികത്തിലെ ബെറ്റിയുമൊക്കെയാണെന്നു തോന്നും. ഇപ്പോൾ കൂടുതലും സാരിയിൽ ആണ് പ്രിയ രാമന്‍ എത്താറുള്ളത്. ചിലപ്പോൾ പട്ടുസാരികളിലും മറ്റുചിലപ്പോൾ കോട്ടൻ, ഷിഫോൺ സാരികളിലും താരം എത്താറുണ്ട്. അതിന് ചേരുന്ന ആഭരണങ്ങളും കൂടി ആകുമ്പോൾ ആറാംതമ്പുരാനിലെ ജഗന്റെ ഡയലോഗ് പോലെ കാവിലെ ഭഗവതി നേരിട്ട് ഇറങ്ങി വന്നതാണെന്ന് തോന്നും. ഇപ്പോൾ കൂടുതലും സീരിയലിൽ അഭിനയിക്കുന്നത് കൊണ്ടു തന്നെ അതിനനുസരിച്ചുള്ള സാരികളാണ് താരം കൂടുതൽ ധരിക്കുന്നത്.
എന്നാൽ മോഡേൺ വസ്ത്രങ്ങളോട് താരത്തിന് വിമുഖതയും ഇല്ല. ശരീരത്തോട് ചേർന്നിരിക്കുന്ന ബോഡികോൺ ഔട്ട്ഫിറ്റുകളും പ്രിയ ധരിക്കാറുണ്ട്. ഒപ്പം കൃത്യമായ ചർമസംരക്ഷണവും നടത്താറുണ്ട്. പണ്ട് താരത്തിന്റെ മുടി കണ്ട് കൊതിച്ചവർ ഇന്നും അതേ മുടി കണ്ട് അത്ഭുതപ്പെടുന്നു എന്ന് പറയേണ്ടി വരും. എല്ലാം കൊണ്ടും പ്രിയ രാമന്റെ പ്രായം റിവേഴ്‌സ് ഗിയറിൽ തന്നെയാണ്.