അതിവേഗ ചുവടുകളുമായി ട്രംപ്, കയ്യടിച്ച് സോഷ്യൽ ലോകം; വൈറൽ
Mail This Article
സമൂഹമാധ്യമങ്ങളിൽ തരംഗമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അദ്ദേഹം എന്തു ചെയ്യുന്നു, എന്തു പറയുന്നു എന്നറിയാൻ ലോകം കാത്തിരിക്കുകയാണ്. ട്രംപിന്റെ പ്രവൃത്തികളും പ്രസ്താവനകളും വൻവിവാദങ്ങളിലും ചർച്ചകളിലുമായിരിക്കും അവസാനിക്കുക. ഇതിന്റെ പ്രകമ്പനം കൂടുതൽ ശക്തി പ്രാപിക്കുന്നതു സമൂഹമാധ്യമങ്ങളിലായിരിക്കും. പിന്നെ ട്രംപ് അനുകൂലികളും എതിരാളികളും ഏറ്റുമുട്ടും.
ട്രംപിനെ ട്രോളാനും മത്സരമാണ്. വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ട്രംപിനെ അവതരിപ്പിച്ചാൽ സംഭവം വൈറലാകും എന്നാണു വിശ്വാസം. ഇതു ശരിയാണു താനും. ഇത്തവണ സോഷ്യൽ ലോകത്തു ട്രംപ് തിളങ്ങിയത് ഡാൻസിലൂടെയാണ്. ബാജിറാവു മസ്താനിയിലെ അടിച്ചുപൊളി പാട്ടിനാണു ട്രംപ് നൃത്തം ചെയ്തു. സിനിമയിൽ പെഷ്വാ പോരാളിയായി അഭിനയിച്ചു കയ്യടി വാങ്ങിയ രൺവീർ സിങ്ങിന്റെ തലമാറ്റി അവിടെ ട്രംപിന്റെ തലവച്ചാണു ട്രോളന്മാർ ഈ കലാപ്രകടനം ഒരുക്കിയത്.
അതിവേഗത്തിൽ കാലുകൾ ചലിപ്പിച്ചും ശരീരം ഇളക്കിയുമുള്ള ട്രംപിന്റെ നൃത്തം ചിരിപ്പൂരം തീർത്തു. രൺവീർ സിങ്ങിന്റെ പ്രകടനം ട്രംപിന്റെ വിടർന്ന ചിരിയില്‍ മുങ്ങിപ്പോയി എന്നു വേണം പറയാൻ. നിരവധിപ്പേർ റീട്വീറ്റ് ചെയ്തതോടെ സംഭവം വൈറൽ. പിന്നാലെ ട്രോളുകളും തുടങ്ങി. ഇത്രയും മികച്ച എഡിറ്റിങ് സമീപകാലത്തു കണ്ടിട്ടില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
അടുത്തിടെ ഇറ്റലിയിലെ വിയാറിഗോ കാർണിവലിന്റെ ഭാഗമായി നടന്ന പരേഡിൽ ട്രംപിന്റെ കൂറ്റൻ രൂപം സ്ഥാനം പിടിച്ചിരുന്നു. മാസ്റ്റർ ഡ്രോൺ എന്ന വിഡിയോ ഗെയിം കഥാപാത്രത്തിനാണു ട്രംപിന്റെ മുഖം നൽകിയത്. ഇതു വളരെയധികം ശ്രദ്ധ നേടി.