അത് ടിക് ടോക്, വിശദീകരണവുമായി യുവതിയും യുവാവും; വിമർശനത്തിനൊപ്പം ട്രോളുകളും
Mail This Article
സമൂഹമാധ്യമങ്ങളിൽ രോഷത്തിനു കാരണമായ വിഡിയോയ്ക്കു വിശദീകരണവുമായി യുവാവും യുവതിയും രംഗത്ത്. യുവതിയുടെ മുഖത്തടിച്ചത് ടിക് ടോക് ചെയ്യുന്നതിന്റെ ഭാഗമായിരുന്നു എന്നും തങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല എന്നുമാണ് ഇവർ പറയുന്നത്. യുവതിയുടെ മുഖത്ത് അടിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിനു വഴിവച്ചതോടെയാണ് ഇരുവരും വിശദീകരണവുമായി എത്തിയത്.
തങ്ങൾ ഒരുമിച്ച് പഠിച്ചവരാണെന്നും ടിക് ടോകിനു വേണ്ടി അടിക്കുന്നതായി അഭിനയിച്ചതാണെന്നും അവകാശപ്പെട്ടു. കാര്യങ്ങൾ ഇങ്ങനെയാകുമെന്നു കരുതിയില്ലെന്നും ഇവർ പറയുന്നു. ദൃശ്യങ്ങള്‍ പകർത്തിയ സുഹൃത്തും ഇവർക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ വിശദീകരണത്തിനുശേഷവും സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും ട്രോളുകളും തുടരുകയാണ്.
മരച്ചുവട്ടിലിരുന്ന് സംസാരിക്കുന്നതിനിടെ യുവതിയുടെ മുഖത്ത് യുവാവ് ആഞ്ഞടിക്കുകയായിരുന്നു. സുഹൃത്തുക്കൾ ‘അടിക്കെടാ’ എന്നു പറയുന്നതും വിഡിയോയിൽ കേൾക്കാം. ഇതു വാർത്താ പ്രാധാന്യം നേടിയതോടെ പരിശോധിച്ച് നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.