അക്കൗണ്ട് ഹാക് ചെയ്തു, വധഭീഷണി വരെയുണ്ട് ; വെളിപ്പെടുത്തലുമായി ഫുക്രു
Mail This Article
ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക് ചെയ്യപ്പെട്ടുവെന്നും വധഭീഷണി സന്ദേശം ഉൾപ്പടെ ലഭിക്കുന്നുണ്ടെന്നും വെളിപ്പെടുത്തി ടിക്ടോക് താരവും റിയാലിറ്റി ഷോ മത്സരാർഥിയുമായിരുന്ന ഫുക്രു എന്ന കൃഷ്ണ ജീവ്. ഹാക് ചെയ്തവർ തന്റെ അക്കൗണ്ടിൽ നിന്ന് മോശം കമന്റുകളും സന്ദേശങ്ങളും അയച്ചതായും ഫുക്രു പറഞ്ഞു. തുടർച്ചയായി വധഭീഷണി ഉൾപ്പടെയുള്ള സന്ദേശങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്നും എന്നാൽ അതെല്ലാം അത്തരം മനോഭാവത്തോടു കൂടിയാണ് എടുക്കുന്നതെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ ഫുക്രു വ്യക്തമാക്കി.
ഹാക് ചെയ്യപ്പെട്ട അക്കൗണ്ട് പിന്നീട് തിരിച്ചു പടിച്ചു. മുൻപും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. എല്ലാവരോടും സ്നേഹം മാത്രമാണുള്ളതെന്നും സുരക്ഷിതരായി വീട്ടിൽ തന്നെയിരിക്കാൻ ശ്രദ്ധിക്കണമെന്നും വിഡിയോയ്ക്കൊപ്പം താരം കുറിച്ചിട്ടുണ്ട്.
ഫുക്രുവിന്റെ വാക്കുകൾ
ഈ സാഹചര്യത്തിൽ ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നത് ശരിയാണോ എന്നെനിക്കറിയത്തില്ല. എങ്കിലും എനിക്ക് നിങ്ങളോട് അത് പറയാൻ തോന്നി. എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്നലെ ആരോ ഹാക് ചെയ്തു. അതീന്ന് ഞാനിടാത്ത കുറേ കമന്റുകൾ പോയിട്ടുണ്ടായിരുന്നു. ഇതിനു മുമ്പ് ഞാൻ ബിഗ് ബോസിലായിരുന്നു സമയത്തും കുറേ ആളുകൾ ഒരുമിച്ച് റിപ്പോർട്ട് അടിച്ച് എന്റെ അക്കൗണ്ട് കളഞ്ഞു. അത് ഞങ്ങൾ തിരിച്ചെടുത്തു. ഹാക് ചെയ്തതും ഞങ്ങൾ തിരിച്ചെടുത്തു. ഹാക് ചെയ്യപ്പെട്ട സമയത്ത് നിങ്ങളെ അറിയിക്കാതിരുന്നത് അവര് എന്തെങ്കിലും ചെയ്തു കളയുമോ എന്ന പേടി കൊണ്ടാണ്. എന്തിനു വേണ്ടി ഇത് ചെയ്യുന്ന എന്ന് എനിക്കറിയത്തില്ല. ചിലപ്പോൾ മറ്റുള്ളവരോടുള്ള അമിതമായ ഇഷ്ടം കൊണ്ട് ചെയ്യുന്നതായിരിക്കാം. എന്റെ ഇൻസ്റ്റഗ്രാമായാലും ഫെയ്സ്ബുക്കായാലും ഒരുപാട് മോശം കമന്റുകളുണ്ട്. വധഭീഷണി വരെയുണ്ട്. എല്ലാം ഞാൻ അതിന്റെ സ്പിരിറ്റിലാണ് എടുക്കുന്നത്. ഈയൊരു കാര്യം നിങ്ങളോടു പറയാൻ വേണ്ടി മാത്രമാണ് ഞാൻ ഈയൊരു വിഡിയോ ചെയ്തത്. നിങ്ങളാരും എന്നെ സംശയത്തോടെ നോക്കണ്ട. ഞാനെന്റെ പറമ്പിലാണ് ഉള്ളത്. എല്ലാവരും വീട്ടില് സേഫ് ആയിരിക്കുക.
English Summary : TikToker Fukru on account hacking and cyber attack