ADVERTISEMENT

അഞ്ചലിൽ യുവതിയെ ഭർത്താവ് പാമ്പിനെ കൊണ്ടു കടിപ്പിച്ച് കൊന്ന വാർത്തയുടെ ഞെട്ടലിലാണ് ഇപ്പോഴും കേരളീയ സമൂഹം. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നിരവധിപ്പേർ രോഷം പ്രകടിപ്പിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ വാണി പ്രയാഗ് എന്ന യുവതി എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്. 

പെണ്ണിനെ വെറും വില്‍പന ചരക്കായി കാണാതെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടതെന്നു വാണി കുറിപ്പിലൂടെ ഓർമിപ്പിക്കുന്നു. സൂരജിനെപ്പോലുള്ളവരെ ഈ നാട്ടിലെ പെണ്ണുങ്ങൾക്ക് പുരുഷനായി അംഗീകരിക്കാൻ കഴിയില്ല. കാരണം പെണ്ണിന്റെ കാഴ്ചപ്പാടിലെ പുരുഷൻ അവളെ സ്നേഹിക്കുന്നവനാണ്‌, സംരക്ഷിക്കുന്നവനാണ്‌. അല്ലാതെ കെട്ടിയ താലിയുടെ ബലത്തിൽ പിഴിഞ്ഞുറ്റി ചണ്ടിയാകുമ്പോൾ കൊന്നു കളയുന്നവനല്ലെന്നും വാണി കുറിക്കുന്നു.

വാണി പ്രയാഗ്‌ എഴുതിയ കുറിപ്പ് വായിക്കാം; 

ഉത്രയെ എനിക്കറിയാം. ഒന്നല്ല ഒരു പാട്‌ ഉത്രമാരെ. അടുക്കളയിലെ പാത്രങ്ങളോടും ബാത്ത്‌റൂമിലെ ഷവറിനോടും മാത്രം പരിഭവം പറയുന്ന ഉത്രമാർ. ഒരായിരം സ്വപ്നങ്ങളുടെ നിറക്കൂട്ടുകളിലൂടെയായിരിക്കും ഒരു പെൺകുട്ടി അവളുടെ വിവാഹ ജീവിതത്തിലേക്ക്‌ കടക്കുന്നത്‌. വളർന്നു വന്നതിൽ നിന്നും തികച്ചും വ്യത്യസ്ഥമായൊരു ചുറ്റുപാടിലേക്കുള്ളൊരു പറിച്ചു നടൽ.

തന്റെ പാതിയെ കുറിച്ച്‌ അവൾക്ക്‌ ഒരായിരം സങ്കൽപ്പങ്ങൾ ഉണ്ടായിരിക്കും. ഒരുമിച്ച്‌ നെയ്തു കൂട്ടേണ്ടുന്ന ഒരു വർണ്ണ കൊട്ടാരമുണ്ടാകും. ഇതിൽ സ്ത്രീധനം വില്ലനായി വരുന്നതെപ്പോഴാണ്‌ ? ഒരു കുഞ്ഞിനെ അതാണാവട്ടെ, പെണ്ണാവട്ടെ. വളർത്തി വലുതാക്കി പതിനെട്ടോ ഇരുപതോ വയസാകുമ്പോൾ അല്ലെങ്കിൽ അതിനു മുൻപേ പലരും അവരുടെ ഉള്ളിലേക്ക്‌ കുത്തിവെക്കുന്ന ഒരു വികാരം ഉണ്ട്‌. ആണ്‌ കുടുംബം പുലർത്താനുള്ളതും പെണ്ണ്‌ മറ്റൊരു വീട്ടിലേക്ക്‌ ചെന്നു കയറാനുള്ളവളും.

ഇത്രയും കാലം വളർത്തി വലുതാക്കി ആരും കണ്ടാൽ മോഹിക്കുന്നൊരു പെണ്ണാക്കിയാൽ മാത്രം പോരാ, സ്വർണം കൊണ്ട്‌ അടി മുടി മൂടണം. ആ കച്ചവടത്തിൽ അവളുടെ വിദ്യാഭ്യാസത്തിനോ, സൗന്ദര്യത്തിനോ കാഴ്ചപ്പാടിനോ പുല്ലു വില പോലും സമൂഹം നൽകുന്നില്ല എന്നതാണ്‌ പലപ്പോഴും സംഭവിക്കുന്നത്‌. ഏതെങ്കിലും തരത്തിൽ കുറവുള്ളവളാണെങ്കിൽ പറയുകയും വേണ്ട. ആ മാതാപിതാക്കളുടെ ജീവിതാവസാനം വരെ ഊറ്റിപ്പിഴിയും അതുങ്ങളെ.

കഴിഞ്ഞ ദിവസം നമ്മൾ പത്രങ്ങളിൽ വായിച്ച ഉത്രയുടെ ജീവിതത്തെ കുറിച്ച്‌ പറയുമ്പോൾ രക്ഷിതാക്കളോട്‌ ഒന്നു മാത്രമാണ്‌ പറയാനുള്ളത്‌. നിങ്ങളുടെ പെൺമക്കളെ നിങ്ങൾ കാണേണ്ടത്‌ ഒരു വിൽപന ചരക്കായല്ല. മറിച്ച്‌ അവർക്ക്‌ നിങ്ങൾക്കു നൽകാൻ കഴിയുന്ന ഒന്നുണ്ട്‌. തന്റേടം. ജീവിതത്തെ കുറിച്ചുള്ള ബോധം, ചുറ്റുപാടിനെ കുറിച്ചുള്ള ദീർഘവീക്ഷണം. അല്ലാതെ മകളെ   എം.എക്കാരി ആക്കിയതു കൊണ്ടോ, ഇട്ടു മൂടുന്ന പൊന്നു കൊണ്ട്‌ തുലാഭാരം നടത്തിയതു കൊണ്ടോ അവർക്കെന്താണ്‌ ലഭിക്കുന്നത്‌. അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയാണ്‌ ചെയ്യേണ്ട്‌. ആരാന്റെ അകത്തളങ്ങളിൽ കരിപുരണ്ടു പോകേണ്ട ഒന്നല്ല പെണ്ണ്‌ എന്ന്‌ ബോധ്യമുണ്ടാകണം.

ഇത്രയും പറഞ്ഞ സ്ഥിതിക്ക്‌ ആ മഹാനെ കുറിച്ച്‌ കൂടി പറഞ്ഞില്ലെങ്കിൽ മുഴുവനാവില്ല. നിന്നെ ഒരിക്കലും ഇന്നാട്ടിലെ സ്ത്രീകൾക്ക്‌ ഒരു പുരുഷനായി അംഗീകരിക്കാൻ കഴിയില്ല. കാരണം പെണ്ണിന്റെ കാഴ്ചപ്പാടിലെ പുരുഷൻ അവളെ സ്നേഹിക്കുന്നവനാണ്‌, സംരക്ഷിക്കുന്നവനാണ്‌. അല്ലാതെ കെട്ടിയ താലിയുടെ ബലത്തിൽ പിഴിഞ്ഞുറ്റി ചണ്ടിയാകുമ്പോൾ കൊന്നു കളയുന്നവനല്ല.

ഉത്രയെ എനിക്കറിയാം .... ഒന്നല്ല ഒരു പാട് ഉത്രമാരെ . അടുക്കളയിലെ പാത്രങ്ങളോടും ബാത്ത്റൂമിലെ ഷവറിനോടും മാത്രം പരിഭവം...

Posted by വാണി പ്രയാഗ് on Tuesday, 26 May 2020

English Summary : Viral facebook Post on Uthra Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com