എന്തേലും മിസ് ചെയ്യുമോ ? ടിക്ടോക്കിന് ‘ബൈ’ പറഞ്ഞ് ഫുക്രു; വിഡിയോ
Mail This Article
ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധന വാർത്തയ്ക്കു പിന്നാലെ ടിക്ടോക്കിന് നന്ദി പറഞ്ഞ് പ്രശസ്ത ടിക്ടോക് താരം ഫുക്രു. നിരോധനത്തെക്കുറിച്ചുള്ള ഫുക്രുവിന്റെ പ്രതികരണം എന്തായിരിക്കുമെന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളില്‍ ഉയർന്നിരുന്നു. രസകരമായ ഒരു വിഡിയോ പങ്കുവച്ച് ടിക്ടോക്കിന് ‘ബൈ’ പറഞ്ഞാണ് ഫുക്രു പ്രതികരിച്ചത്.
ചൈനീസിലുള്ള സംഭാഷണത്തിന് മലയാളം സബ്ടൈറ്റിൽ നൽകിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. ‘ചൈനീസ് ആപ്പുകൾ നിരോധിച്ചല്ലോ, എന്തേലും മിസ് ചെയ്യുമോ’ എന്ന ചോദ്യത്തിന് ‘ടിക്ടോക്, ചെറുതായിട്ട്’ എന്നാണ് ഫുക്രുവിന്റെ ഉത്തരം. പിന്നീട് സ്വതസിദ്ധമായ ശൈലിയിൽ ‘ബൈ’ പറയുന്നു. അദൃശ്യമായ നിരവധി തടസ്സങ്ങൾ മറികടക്കാനും എളിയ പരിശ്രമത്തിലൂടെ നിങ്ങളെ രസിപ്പിക്കാനും ടിക്ടോക് ഞങ്ങളിൽ ചിലരെ സഹായിച്ചു’ എന്നു വിഡിയോയുടെ അവസാനം എഴുതി കാണിക്കുന്നു.
ടിക്ടോക്കിലൂടെ അതിവേഗം പ്രശസ്തിയിലേക്ക് ഉയർന്ന വ്യക്തിയാണ് ഫുക്രു എന്ന പേരിലറിയപ്പെടുന്ന കൊല്ലം സ്വദേശി കൃഷ്ണജീവ്. വിഡിയോകൾ ശ്രദ്ധ നേടിയതോടെ ഫുക്രുവിന് നിരവധി ആരാധകരെ ലഭിച്ചു. ഇതോടെ മോഡലിങ്, ഫോട്ടോഷൂട്ട്, ഉദ്ഘാടനങ്ങൾ എന്നിവയ്ക്ക് ക്ഷണം ലഭിച്ചു. പിന്നാലെ സിനിമയിലും ഹ്രസ്വചിത്രങ്ങളിലും റിയാലിറ്റി ഷോയിലും അവസരങ്ങള്‍. നിലവിൽ 44 ലക്ഷം ഫോളോവേഴ്സ് ആണ് ഫുക്രുവിന് ഉള്ളത്.
ടിക്ടോക്കിനു പുറമേ ഷെയർ ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ക്ലബ് ഫാക്ടറി, എക്സെൻഡർ, വൈറസ് ക്ലീനർ എന്നിവ ഉൾപ്പെട 59 ആപ്ലിക്കേഷനുകളാണ് ഇന്ത്യയിൽ നിരോധിച്ചത്. ചൈനീസ് അതിർത്തിയിൽ സംഘർഷാവസ്ഥ അയവില്ലാതെ തുടരവെയാണ് ഈ തീരുമാനം.
English Summary : Fukru on Tiktok Ban