‘വണ്ണമുള്ളവരോട് സമൂഹത്തിന് വെറുപ്പ്’ ; അനുഭവം പങ്കുവച്ച് മോഡല്‍
Mail This Article
വണ്ണമുള്ളവരോട് സമൂഹത്തിന് വെറുപ്പാണെന്ന് പ്ലസ് സൈസ് മോഡലും മേക്കപ് ആർടിസ്റ്റുമായ ടെസ് ഹോളിഡേ. ഗ്രാമി പുരസ്കാര നിശയുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ മോശം അനുഭവം പങ്കുവച്ചാണ് ഹോളിഡേ ഇക്കാര്യം പറഞ്ഞത്. അന്നു താൻ ധരിച്ച വസ്ത്രം മോശമാണെന്നു വിമർശനമുയർന്നെന്നും അതേ വസ്ത്രം മെലിഞ്ഞവർ ധരിക്കുമ്പോൾ പ്രശംസകൾ ലഭിക്കുന്നുവെന്നുമാണ് ഹോളിഡേയുടെ വാദം.
ഡിസൈനർ ലിറിക മറ്റോട്ടി ഡിസൈൻ ചെയ്ത പിങ്ക് ഫ്രോക് ധരിച്ചാണ് ഹോളിഡേ ഗ്രാമി പുരസ്കാര നിശയ്ക്ക് എത്തിയത്. സ്ട്രോബറി ഡിസൈന്‍ ആയിരുന്നു ഫ്രോക്കിന്റെ ശ്രദ്ധാകേന്ദ്രം. എന്നാൽ അന്നത്തെ വസ്ത്രധാരണം വിമർശനങ്ങൾക്കു കാരണമായെന്നാണു ഹോളിഡേ പറയുന്നത്. ഏറ്റവും മോശം വസ്ത്രത്തിന്റെ പട്ടികയില്‍ വരെ സ്ഥാനം പിടിച്ചു. എന്നാൽ മെലിഞ്ഞവർ അതേ വസ്ത്രം ധരിച്ച് എത്തുമ്പോൾ എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നതായും ഹോളിഡേ പറയുന്നു.
‘‘ജനുവരിയിലെ ഗ്രാമിയിൽ ഞാൻ ധരിച്ചപ്പോൾ മോശം വസ്ത്രങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയ വസ്ത്രമാണിത്. പക്ഷേ ഇപ്പോൾ നിരവധി മെലിഞ്ഞ ആളുകൾ ഈ വസ്ത്രം ധരിച്ച് ടിക്ടോക്കിലും മറ്റും പ്രത്യക്ഷപ്പെടുമ്പോൾ എല്ലാവരും ശ്രദ്ധിക്കുന്നു. ചുരുക്കിപറഞ്ഞാൽ, നമ്മുടെ സമൂഹം വണ്ണമുള്ള ആളുകളെ വെറുക്കുന്നു, പ്രത്യേകിച്ച് ഞങ്ങൾ വിജയിക്കുമ്പോൾ’’ – ഗ്രാമിയ്ക്ക് എത്തിയപ്പോഴുള്ള തന്റെ ചിത്രം പങ്കുവച്ച് ഹോളിഡേ കുറിച്ചു. ഏഴുമാസം മുമ്പ് രാജകുമാരിയെ പോലെ ഒരുക്കിയ ഡിസൈനർക്കും സ്റ്റൈലിസ്റ്റിനും കുറിപ്പിൽ നന്ദി പറയുന്നുണ്ട്.
വണ്ണമുള്ളവരോടുള്ള സമൂഹത്തിന്റെ പെരുമാറ്റം സൂചിപ്പിക്കാനാണ് ഇക്കാര്യം പറഞ്ഞതെന്ന് മറ്റൊരു ട്വീറ്റിലൂടെ ഹോളിഡേ വ്യക്തമാക്കി. ഇക്കാര്യം തുറന്നു പറഞ്ഞതിന് നിരവധിപ്പേര്‍ ഹോളിഡേയ്ക്ക് അഭിനന്ദനവുമായി എത്തുന്നുണ്ട്.
English Summary : Tess Holliday says society hates fat people