പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോറ്റു, ട്രംപിന്റെ മുടിയുടെ നിറം മാറി !
Mail This Article
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോറ്റതോടെ ഡോണൾഡ് ട്രംപിന്റെ മുടിയുടെ നിറം മാറി! സോഷ്യൽ ലോകത്തിന്റേതാണ് രസകരമായ ഈ കണ്ടെത്തൽ. തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ എത്തിയപ്പോഴാണ് ട്രംപിന്റെ മുടിയുടെ നിറം മാറ്റം ക്യാമറയിൽ പതിഞ്ഞത്. സ്വർണം വെള്ളിയായി മാറി എന്നാണ് ഈ മാറ്റത്തെ ട്രോളന്മാർ വിശേഷിപ്പിക്കുന്നത്.
ഗോൾഡൻ നിറത്തിലാണ് ട്രംപ് മുടി കളർ ചെയ്യാറുള്ളത്. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ട്രംപിന്റെ ഈ സ്വർണത്തലമുടി ചർച്ചകളിൽ നിറയുകയും ചെയ്തു. ട്രംപ് ഹെയർസ്റ്റൈലിസ്റ്റിന് 70000 ഡോളറാണ് ശമ്പളം നൽകുന്നതെന്ന റിപ്പോർട്ടുകളും അക്കാലയളവിൽ പുറത്തുവന്നിരുന്നു. അങ്ങനെ അമേരിക്കൻ പ്രസിഡന്റ് പദത്തിൽ കഴിഞ്ഞ നാലു വർഷം സ്വർണത്തലമുടിയുമായി വിലസുകയായിരുന്നു ഡോണൾഡ് ട്രംപ്.
എന്നാൽ 2020 ലെ തിരഞ്ഞെുപ്പിൽ ഏറ്റ തോൽവിയോടെ മുടിയുടെ കാര്യം ട്രംപ് മറന്നു എന്നാണ് സോഷ്യൽ ലോകത്തിന്റെ നിരീക്ഷണം. വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ ജനങ്ങളെ അഭിസംബോധന ചെയ്യാൻ നരച്ച മുടിയുമായാണ് ട്രംപ് എത്തിയത്. നിറത്തിൽ മാത്രമല്ല സാധാരണ ഗതിയിൽ പ്രത്യക രീതിയിൽ സ്റ്റൈൽ ചെയ്യാറുള്ള മുടി ഇത്തവണ ചീകി ഒതുക്കിയിട്ടുണ്ടെന്നതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല.
രസകരമായ നിരവധി ട്വീറ്റുകൾ ഇതുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നുണ്ട്. ട്രംപിന്റെ ഹെയർ സ്റ്റൈലിസ്റ്റ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ അടുത്തേക്ക് പോയി കാണുമോ എന്നാണ് ചിലരുടെ ചോദ്യം. വൈറ്റ് ഹൗസിലെ ദിവസങ്ങളുടെ ഓർമയ്ക്കായാണ് ട്രംപ് മുടി ‘വൈറ്റ്’ ആക്കിയതെന്നാണ് മറ്റൊരു ട്വീറ്റ്. അതല്ല രണ്ടാം സ്ഥാനത്ത് എത്തിയതാണ് ഗോൾഡ് മാറി സിൽവർ ആകാൻ കാരണമെന്നു മറ്റു ചിലർ പറയുന്നു. എന്തായാലും പ്രസിഡന്റ് പദത്തിലേക്ക് എത്തുമ്പോഴെന്ന പോലെ വിടവാങ്ങുമ്പോഴും ട്രംപിന്റെ തലമുടി ചർച്ചകളിൽ സ്ഥാനം പിടിക്കുകയാണ്.
English Summary : Donald Trump’s hair changed post election loss