വെഡ്ഡിങ് ഷൂട്ടിന് മയക്കിക്കിടത്തിയ സിംഹക്കുട്ടി; വൈറലാകാൻ എന്തും ചെയ്യുന്ന അവസ്ഥയെന്ന് വിമര്‍ശനം
Mail This Article
പാക്കിസ്ഥാനിലെ ലാഹോർ സ്വദേശികളായ ദമ്പതികളുടെ വിവാഹ ഫോട്ടോഷൂട്ടിനായി സിംഹക്കുട്ടിയെ ഉപയോഗിച്ച സംഭവം വിവാദത്തിൽ. മരുന്ന് നൽകി സിംഹക്കുട്ടിയെ മയക്കിക്കിടത്തിയാണു ഫോട്ടോഷൂട്ടിന് ഉപയോഗിച്ചത്. എന്നാൽ ഈ പ്രവൃത്തിക്കെതിരെ സാമൂഹ്യ പ്രവർത്തകരും മൃഗസംരക്ഷണ സംഘടനകളും രംഗത്തെത്തുകയായിരുന്നു.
ഫൊട്ടോഗ്രഫി ചെയ്ത സ്റ്റുഡിയോയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഷൂട്ടിനിടെ പകർത്തിയ ഒരു വിഡിയോ പങ്കുവച്ചിരുന്നു. മയക്കിക്കിടത്തിയ സിംഹക്കുട്ടിയുടെ മുകളിലായി വധുവും വരനും കൈകൾ കോർത്തുപിടിച്ച് ഇരിക്കുന്നതും ഫോട്ടോഗ്രഫറുടെ നിർദേശങ്ങൾ അനുസരിക്കുന്നതുമാണ് വിഡിയോയിലുള്ളത്. ഈ ദൃശ്യങ്ങൾ വൈറലായതോടെയാണ് വിമർശനം ഉയർന്നത്.
വെഡ്ഡിങ് ഫോട്ടോഷൂട്ട് വ്യത്യസ്തവും വൈറലും ആക്കുന്നതിനായി എന്തും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന വിമർശനം. ഇതിനു പിന്നാലെയാണ് മൃഗസംരക്ഷണ സംഘടനകൾ ഫോട്ടോഷൂട്ടിനെതിരെ രംഗത്തെത്തിയത്. ഇത്രയും ചെറിയൊരു സിംഹക്കുട്ടിയെ മരുന്നു നൽകി മയക്കുകയും വെറുമൊരു കളിപ്പാട്ടം പോലെ ഷൂട്ടിന് ഉപയോഗിക്കുകയും ചെയ്തത് അതിക്രൂരമായ പ്രവൃത്തിയാണെെന്നും ഇതിനെതിരെ ശക്തമായി നടപടി വേണമെന്നുമാണ് സംഘടനകളുടെ ആവശ്യം.
English Summary : Sedated Lion Cub For Wedding Shoot; Video