ADVERTISEMENT

സ്ത്രീധനം ചോദിക്കുന്നവരെ വേണ്ടെന്നു പറയാൻ ആഹ്വാനം ചെയ്തു പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമത്തിൽ നിന്നും നീക്കം ചെയ്തത് ആരെയും പേടിച്ചിട്ടല്ലെന്നു വ്യക്തമാക്കി നടി വീണ നായർ. മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇതിലും വലിയ ഭീഷണി മുൻപ് ഉണ്ടായപ്പോൾ പോസ്റ്റ് പിൻവലിച്ചിട്ടില്ല. എന്നാൽ തന്റെ മകനെ കുറിച്ച് കമന്റുകൾ വന്നതോടെയാണ് പോസ്റ്റ് നീക്കം ചെയ്തതെന്ന് വീണ വ്യക്തമാക്കി. 

ഗാർഹിക പീഡനത്തെത്തുടർന്ന് വിസ്മയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണു സ്ത്രീധനത്തിനെതിരെയുള്ള കുറിപ്പ് വീണ പങ്കുവച്ചത്. വിവാഹത്തിന് സ്വർണം വാങ്ങരുതെന്നും പെൺകുട്ടികളുടെ ഉന്നമനം ഉറപ്പാക്കണമെന്നും ഇതിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിവാഹസമയത്ത് ധാരാളം ആഭരണങ്ങൾ ധരിച്ച് നിൽക്കുന്ന വീണയുടെ ചിത്രം മുൻനിർത്തി അവഹേളിക്കുന്ന കമന്റുകൾ വന്നു. പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചു. ഇതിന്റെ കാരണവും ട്രോളുന്നവർക്കുള്ള മറുപടിയും സമൂഹമാധ്യമത്തിൽ ലൈവിലെത്തിയാണു താരം നൽകിയത്.

വിവാഹത്തിന് 44 ദിവസം മുമ്പ് അച്ഛനും ആറു മാസം മുമ്പ് അമ്മയും മരിച്ചു. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ കുറച്ച് സ്വർണമാണ് തനിക്കുണ്ടായിരുന്നത്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹവും അന്നത്തെ നാട്ടുനടപ്പും കാരണം ഒരുപാട് സ്വര്‍ണം ധരിക്കണമെന്നു തനിക്കുണ്ടായിരുന്നു. അതിനായി സുഹൃത്തിന്റെ ജ്വല്ലറിയിൽ നിന്നും ഒരു ദിവസത്തേയ്ക്കായി സ്വർണം എടുക്കുകയായിരുന്നു. ഇക്കാര്യം ഭർത്താവിന്റെ വീട്ടുകാർക്കും അറിയാം. അന്നത്തെ തന്റെ ഭ്രമം കൊണ്ടാണ് അങ്ങനെ ചെയ്തത്. അതിലിപ്പോൾ പശ്ചാത്താപമുണ്ട്. 7 വർഷം കൊണ്ട് തനിക്കു മാറ്റം വന്നിട്ടുണ്ട്. സ്വര്‍ണം ചോദിച്ച് വരുന്ന പുരുഷന്മാരെ പെൺകുട്ടികൾ വേണ്ടെന്നു തന്നെ പറയണമെന്നാണു തന്റെ നിലപാടെന്നു വീണ വ്യക്തമാക്കി.

വീണ നായരുടെ വിഡിയോ കാണാം :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com