കാതു മുറിച്ചുമാറ്റി, നാവു പിളർത്തി; ‘സ്കൾ ഫെയ്സ്’ ചെലവിട്ടത് 7.5 ലക്ഷം രൂപ
Mail This Article
സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന പല വിഡിയോകളും ആളുകളെ രസിപ്പിക്കാറുണ്ട്. എന്നാൽ 41 കാരനായ സാൻഡ്രോ ഡാൽക്കെയുടെ വിഡിയോകൾ ആളുകളെ ഭയപ്പെടുത്തുകയാണ്. ചെവികൾ നീക്കം ചെയ്‌തും നാവു പിളർത്തിയും എണ്ണമറ്റ പരീക്ഷണങ്ങളാണ് സ്വന്തം ശരീരത്തിൽ ഇയാൾ ചെയ്‌തത്. സ്കൾ ഫെയ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഇയാളുടെ വിശേഷങ്ങൾ അറിയാം.
40 ടാറ്റൂകൾ, 13 പിയേഴ്സിങ്ങുകൾ, 4 ട്രാൻസ്ഡെർമൽ ഇംപ്ലാൻഡുകൾ, മൈക്രോചിപ് ഇംപ്ലാൻഡുകൾ തുടങ്ങി ശരീരം മുഴുവൻ പരിഷ്‌കാരങ്ങളാണ്. മിസ്‌റ്റർ സ്‌കൾ ഫെയ്സ് എന്നാണ് ഈ ജർമനിക്കാരൻ അറിയപ്പെടുന്നത്. തലയിൽ കൊമ്പുകൾ, ആറ് പന്തുകൾ, പെന്റഗ്രാം കൊണ്ട് സ്വയം മുദ്രകുത്തലുകൾ എന്നിവയ്ക്കു പുറമെ തലയോട്ടിയുടെ രൂപം കൈവരിക്കാൻ കണ്ണുകൾക്കു ചുറ്റുമുള്ള ചർമത്തിൽ ടാറ്റൂ ചെയ്‌തിട്ടുമുണ്ട്. ഇടംകൈയിൽ ഒരു സിലിക്കൺ ചിലന്തിയും വലംകൈയിൽ ഒരു സിലിക്കൺ കുതിരയുമുണ്ട്. 17 ാം വയസ്സിൽ തുടങ്ങിയ ഇത്തരം തീവ്ര ശരീര പരിഷ്‌കാരങ്ങൾക്കായി ഇതുവരെ 8000 പൗണ്ട് (ഏകദേശം 7.5 ലക്ഷം രൂപ) ചെലവഴിച്ചു.
സാൻഡ്രോ സാത്താൻ ആരാധകനാണെന്നും ആചാരങ്ങളുടെ ഭാഗമായാണ് ഇതെല്ലാം ചെയ്യുന്നതെന്നും ചിലർ ആരോപിക്കാറുണ്ട്. എന്നാൽ ബോഡി മോഡിഫിക്കേഷനോടുള്ള ഇഷ്ടം കൊണ്ടു മാത്രമാണ് ഇതെല്ലാം ചെയ്യുന്നതെന്നു പറഞ്ഞ് സാൻഡ്രോ ആരോപണങ്ങൾ തള്ളിക്കളയുന്നു. ആളുകൾ തന്നെ കണ്ടു പേടിക്കാറുണ്ടെന്നും പൊതു ഇടങ്ങളിൽനിന്നു ചിലർ തന്നെ പുറത്താക്കിയിട്ടുണ്ടെന്നും ഇയാൾ ദ് ഡെയ്‌ലി മെയിലിനോട് പറഞ്ഞു.
മറ്റുള്ളവരെ ഉപദ്രവിക്കാതെ, നിയമം ലംഘിക്കാതെ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം സാൻഡ്രോയ്ക്ക് ഉണ്ടെന്നാണു വിമർശകരോട് സാൻഡ്രോയുടെ ആരാധകർ പറയുന്നത്.