ജോലി ലഭിക്കുന്നില്ല, മാറി നിൽക്കാൻ പറയുന്നു; വേദന പങ്കുവച്ച് ‘ബ്ലാക് ഏലിയൻ’
Mail This Article
ശരീരത്തിൽ വരുത്തിയ മാറ്റങ്ങൾ കാരണം തനിക്ക് ജോലി നൽകാൻ ആരും തയാറാവുന്നില്ലെന്ന് ബ്ലാക് ഏലിയൻ എന്ന പേരിൽ പ്രശസ്തനായ ആന്റണി ലൊഫ്രെഡോ. ഫ്രഞ്ച് പൗരനായ ആന്റണി ബോഡി മോഡിഫിക്കേഷനിലൂടെ മുൻപും വാർത്തകളിൽ നിറഞ്ഞിരുന്നു. നാവ് രണ്ടായി പിളർത്തുകയും ചെവിയും മൂക്കും മുറിച്ചു കളയുന്നതും ഉൾപ്പടെയുള്ള മാറ്റങ്ങളാണ് ആന്റണി ശരീരത്തിൽ വരുത്തിയിട്ടുള്ളത്.
അടുത്തേക്ക് ചെല്ലുമ്പോൾ മാറിനിൽക്കാൻ പറയുകയും ഓടിപ്പോവുകയും ചെയ്യുന്നവരുണ്ട്. തന്നെ ഒരു സാധാരണ മനുഷ്യനായി കാണണം എന്നാണ് ആന്റണിയുടെ അഭ്യർഥന. ‘‘രൂപത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഒരു പ്രോജക്ടിന്റെ ഭാഗമായാണു കാണുന്നത്. ഈ മാറ്റങ്ങൾ കാരണം നിരവധി മോശം പ്രതികരണങ്ങൾ ഉണ്ടാകുന്നു. എന്നെ കാണുമ്പോൾ ചിലർ അലമുറയിടുകയും ഓടിപ്പോവുകയും ചെയ്യുന്നു. പലരും എന്നെ ഒരു ഭ്രാന്തനായാണു കാണുന്നത്. ജോലി കിട്ടുന്നില്ല. എന്റെ മനസ്സിലാക്കാന്‍ ശ്രമിക്കാത്ത ആളുകളെ എന്നും കണ്ടുമുട്ടുന്നു. ഒരോ ദിവസവും പോരാട്ടമാണ്’’– ക്ലബ് 113 പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ ആന്റണി പറഞ്ഞു.
ശരീരം കറുത്ത നിറം നൽകിയും മൂക്ക് മുറിച്ചായിരുന്നു തുടക്കം. അതിനുശേഷം നാവ് നെടുകെ കീറി ഉരഗങ്ങളെ പോലെയാക്കി. പിന്നീട് കൃഷ്ണമണികൾ ഉൾപ്പടെ ശരീരത്തിൽ ടാറ്റൂ ചെയ്തു. നിരവധി പിയെർസിങ്ങുകൾ അണിയുകയും തല മൊട്ടയടിക്കുകയുമുണ്ടായി. ഇതിലൊന്നും തൃപ്തനാകാതെ വന്ന ലോഫ്രെഡോ ഒടുവിൽ രണ്ട് ചെവികൾ കൂടി മുറിച്ചു മാറ്റി.
ചെറുപ്പം മുതലേ ശരീരത്തിൽ മാറ്റങ്ങൾ വരുത്താനുള്ള ആഗ്രഹം ലോഫ്രെഡോയിൽ ഉണ്ടായിരുന്നു. സെക്യൂരിറ്റി ഗാർഡ് ആയി ജോലി ചെയ്യവേ ആണ് വലിയ മാറ്റങ്ങളെക്കുറിച്ച് ചിന്തിച്ചത്. തുടർന്ന് ജോലി ഉപേക്ഷിച്ച് ഓസ്ട്രേലിയയിലേക്ക് പോയ ലോഫ്രെഡോ വർഷങ്ങൾക്ക് ശേഷം യൂറോപ്പിലേക്ക് തിരിച്ചെത്തിയത് ബ്ലാക്ക് ഏലിയൻ എന്ന പ്രോജക്ടുമായാണ്.
ബ്ലാക്ക് ഏലിയൻ പ്രൊജക്ട് എന്ന ലോഫ്രെഡോയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് 12 ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ശരീരത്തിൽ നടത്തുന്ന ഓരോ പരീക്ഷണവും ഫോളോവേഴ്സിനെ ഇയാൾ അറിയിക്കും. നെടുകെ പിളർന്ന നാവും നീട്ടി ഹെൽബോയ് രൂപത്തിലുള്ള ശരീരം കാണിച്ച് തെരുവുകളിലൂടെ നടക്കുകയാണ് അന്റോണിയോയുടെ പ്രധാന വിനോദം.