‘വലിയ ബോർഡറുള്ള സാരി ധരിക്കരുത്’; അനുഭവം പങ്കുവച്ച് ദിവ്യദർശിനി
Mail This Article
ഉയരക്കുറവ് മുൻനിർത്തിയുള്ള പരിഹാസങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ദിവ്യദര്‍ശിനി. വലിയ ബോർഡറുള്ള സാരി ധരിക്കരുത്. നിങ്ങളെ കൂടുതൽ ചെറുതായി തോന്നും എന്നു പലരും പറയാറുണ്ടെന്നാണ് ദിവ്യദർശിനി സമൂഹമാധ്യമത്തിൽ കുറിച്ചത്. വലിയ ബോർഡറുള്ള സാരി ധരിച്ചുള്ള ചിത്രവും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
തമിഴ് ടെലിവിഷൻ താരമായ ദിവ്യദർശിനി കോഫി വിത് ഡിഡി എന്ന പരിപാടിയുടെ അവതാരകയാണ്. ഡിഡി എന്ന പേരിലാണ് താരം മിനിസ്ക്രീൻ രംഗത്ത് അറിയപ്പെടുന്നത്. ‘‘വലിയ ബോർഡറുള്ള സാരി ധരിക്കരുത്. നിങ്ങളെ കൂടുതൽ ചെറുതായി തോന്നും. ഇത് ഞാൻ ഒരുപാട് തവണ കേട്ടിട്ടുണ്ട്. അത് കുഴപ്പമില്ല ഡിഡി. നിനക്ക് ഇഷ്ടമാണെങ്കിൽ ധരിക്കൂ എന്നു ഞാൻ അപ്പോഴെല്ലാം സ്വയം പറയും. ബുദ്ധിയിലും പെരുമാറ്റത്തിലും വാക്കുകളിലുമാണ് നിങ്ങളുടെ ഉയരമുള്ളത്. അല്ലാതെ ശരീരത്തിന്റെ നീളത്തിലല്ല’’– ദിവ്യദർശിനി കുറിച്ചു. വലിയ വയലറ്റ് ബോർഡറുള്ള വെള്ള സാരിയിലുള്ള ചിത്രമാണ് ദിവ്യദർശിനി ഇതോടൊപ്പം പങ്കുവച്ചത്.
മികച്ച സന്ദേശമാണ് ദിവ്യ ദർശിനി നൽകിയത്. ഉയരമോ നിറമോ വണ്ണമോ ഒന്നും മുൻനിർത്തി ആരെയും വിലയിരുത്താൻ പാടില്ല. ഇഷ്ടമുള്ളതു ധരിക്കാനും കഴിക്കാനുമെല്ലാം എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും അതിൽ നെഗറ്റീവ് കമന്റ് പറയുന്നത് മോശം പ്രവണതയാണന്നും ആരാകരുടെ കമന്റുകളുണ്ട്.