58കാരൻ രാജനും 65കാരി സരസ്വതിയും വിവാഹിതരാകുന്നു; അപൂർവ പ്രണയകഥ
Mail This Article
വർഷങ്ങളായി തുടരുന്ന ഏകാന്ത ജീവിതത്തിന് വിരാമമിട്ട് പ്രണയദിനത്തിൽ ഒന്നിക്കുകയാണ് പത്തനംതിട്ട അടൂർ മഹാത്മാ ജനസേവകേന്ദ്രത്തിലെ അന്തേവാസികളായ രാജനും സരസ്വതിയും. പ്രണയത്തിന് പരിമിതികളോ പരിധികളോ ഇല്ലെന്ന് അടിവരയിടുകയാണ് ഇവരുടെ ഒന്നുചേരൽ. രാജന് 58 ഉം സരസ്വതിക്ക് 65 ഉം ആണ് പ്രായം.
തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയാണ് രാജൻ. ശബരിമല സീസണിൽ കടകളിൽ പാചകമുൾപ്പടെയുള്ള ജോലികൾ ചെയ്യാനാണ് എത്തുന്നത്. ജീവിത പ്രാരാബ്ദങ്ങൾ കാരണം വിവാഹം ചെയ്തില്ല. കോവിഡിനെത്തുടർന്നുണ്ടായ ലോക്ഡൗണിൽ ഒറ്റപ്പെട്ടു പോയ രാജനെ പൊലീസ് മഹാത്മ ജനസേവന കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ഇവിടെ വയോജനങ്ങളെ നോക്കിയും പാചകം ചെയ്തും രാജൻ മുന്നോട്ടു പോയി.
സരസ്വതി അവിവാഹിതയാണ്. മാതാപിതാക്കളുടെ മരണത്തെത്തുടർന്ന് വീട്ടിൽ തനിച്ചായ സരസ്വതിയെ 2018ൽ നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്നു മഹാത്മയിൽ എത്തിച്ചു. രാജന്റെ വരവോടെ ഇരുവരും പരസ്പരം അടുത്തു. ഇവരുടെ ഇഷ്ടമറിഞ്ഞ ചെയര്‍മാന്‍ രാജേഷ് തിരുവല്ല ഒന്നിച്ചൊരു ജീവിതത്തിന് പിന്തുണ നൽകി. കൊടുമൺ ജീവകാരുണ്യ ഗ്രാമത്തിലുള്ള വീടുകളിലൊന്നിൽ ഇവർക്ക് താമസവും തൊഴിലും മഹാത്മ ജന സേവന കേന്ദ്രം ഒരുക്കും.