ADVERTISEMENT

ഓഗസ്റ്റ് ആകുമ്പോഴേക്കും കോവിഡ് പ്രതിസന്ധി മാറും എന്ന പ്രതീക്ഷയിലാണു വിവാഹം തീരുമാനിച്ചത്. പക്ഷേ അതുണ്ടായില്ല. എങ്കിലും നിശ്ചയിച്ച ദിവസം തന്നെ വിവാഹിതയാകാൻ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയതാരം എലീന പടിക്കൽ. വരൻ രോഹിത്തിന്റെ സ്വദേശമായ കോഴിക്കോട് വച്ചായിരിക്കും ചടങ്ങുകൾ. വിവാഹ വിശേഷങ്ങൾ എലീന മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു.

∙ കോവിഡ് വിട്ടു മാറിയിട്ടില്ല. പ്രതീക്ഷിച്ചതു പോലെ വിവാഹം നടത്താനാവില്ല എന്നതിൽ വിഷമമുണ്ടോ ?

ജനുവരിയിൽ ആയിരുന്നല്ലോ വിവാഹനിശ്ചയം. ഓഗസ്റ്റ് ആകുമ്പോഴേക്കും കോവിഡും അതു മൂലമുള്ള പ്രശ്നങ്ങളും കുറയും എന്നാണ് അന്നു കരുതിയത്. പക്ഷേ അതു തെറ്റി. എങ്കിലും നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താൻ തീരുമാനിച്ചു.

വിവാഹവുമായി ബന്ധപ്പെട്ട് ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല. ആഡംബരങ്ങളോടൊന്നും താൽപര്യവുമില്ല. സുഹൃത്തുക്കൾക്കും കസിൻസിനും വിവാഹത്തിൽ പങ്കെടുക്കാനാവണം എന്നു മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. 

സുഹൃത്തുക്കളിൽ കൂടുതൽ പേരും കേരളത്തിനു പുറത്തുള്ളവരാണ്. കസിൻസ് പലരും വിദേശരാജ്യങ്ങളിലാണ്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അവർക്ക് വരാനാവില്ല. അക്കാര്യത്തിൽ എനിക്ക് ദുഃഖമുണ്ട്.

alina-rohit-5

∙ ചടങ്ങുകൾ എങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത് ?

ഈ സാഹചര്യത്തിൽ വിവാഹത്തിന് 15 ദിവസം മുൻപ് മാത്രമേ പൂർണമായ പ്ലാൻ പറയാൻ പറ്റൂ. ഇനി ലോക്ഡൗണ്‍ വരുമോ, മാനദണ്ഡങ്ങളിൽ മാറ്റം വരുമോ എന്നൊന്നും അറിയില്ലല്ലോ. അതുകൊണ്ട് ക്ഷണിക്കൽ പോലും തുടങ്ങിയിട്ടില്ല. 

കോഴിക്കോട് വച്ചാണു വിവാഹം. 26–ാം തീയതിയോടു കൂടി ഞാനും കുടുംബാംഗങ്ങളും എന്റെ സുഹൃത്തുക്കളും കോഴിക്കോട്ടേക്ക് പോകും. അവിടെ സ്ഥലം ബുക്ക് ചെയ്തിട്ടുണ്ട്. ഹിന്ദു–ക്രിസ്ത്യൻ ആചാരങ്ങൾ ഉൾപ്പെടുത്തി, വളരെ ലളിതമായിട്ടായിരിക്കും വിവാഹം. 

∙ വിവാഹവസ്ത്രം തയ്യാറായോ ?

വിവാഹസാരി തയ്യാറാക്കുന്നത് ആര്യ നായർ എന്ന എന്റെ സുഹൃത്താണ്. ആര്യയ്ക്ക് കാഞ്ചീപുരത്ത് ഒരു ബുട്ടീക് ഉണ്ട്. വളരെ സിംപിളായ ഒരു സാരിയാണ്. എന്റെയും രോഹിത്തിന്റെ പേരിന്റെ ആദ്യത്തെ അക്ഷരങ്ങൾ ഉപയോഗിച്ചാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു ടിപ്പിക്കൽ ഹിന്ദു വെഡ്ഡിങ് സാരി ആയിരിക്കും. അപ്പന്റെയും അമ്മയുടെയും പേര് സാരിയിൽ എഴുതണമെന്ന ഒരു ആഗ്രഹം മാത്രമാണ് ഞാൻ പറഞ്ഞത്. പിന്നെ അമ്മയുടെയും അപ്പയുടെയും ഒരു ആശംസ സാരിയിൽ ഉണ്ടാകും. അത് അവർ നേരിട്ട് ആര്യയെ അറിയിക്കുകയായിരുന്നു. സാരി കിട്ടുമ്പോൾ മാത്രമേ അതെന്താണെന്ന് എനിക്കറിയാനാവൂ.

alina-rohit-3

റിസപ്ഷന് ഒരു ക്രിസ്ത്യൻ വെഡ്ഡിങ് ലുക്ക് ആണ് തീരുമാനിച്ചിരിക്കുന്നത്. ഷാംപെയ്ൻ നിറത്തിലുള്ള ഒരു വെഡ്ഡിങ് ഗൗൺ ആയിരിക്കും എന്റെ വേഷം. സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനർ സോഹിബ് സായി ആണ് കോസ്റ്റ്യൂം ഒരുക്കുന്നത്. 

ഇവ കൂടാതെയുള്ള മറ്റു ഡ്രസ്സുകൾ എന്റെ കോസ്റ്റ്യൂം ഡിസൈനർ നിതിൻ ആണ് സ്റ്റൈൽ ചെയ്യുന്നത്.

സ്വർണത്തിനോട് എനിക്ക് അത്ര താൽപര്യം ഇല്ല. എങ്കിലും ഹിന്ദു ആചാരപ്രകാരമുള്ള വെഡ്ഡിങ് ആയതുകൊണ്ട് കാഴ്ചയിൽ ഭംഗി കിട്ടാനായി വളരെ കുറച്ച് ആഭരണങ്ങൾ അണിയും. 

∙ വിവാഹത്തിന് കുറച്ചു ദിവസങ്ങള്‍ മാത്രം. എന്തു തോന്നുന്നു ?

‘ഇനി മുപ്പതു ദിവസമേ ഉള്ളൂ’ എന്ന് എന്റെ ഒരു സുഹൃത്ത് അടുത്തിടെ ഓർമിപ്പിച്ചിരുന്നു. സുഹൃത്ത് അതു പറഞ്ഞപ്പോഴാണ് ഇനി കുറച്ചു ദിവസങ്ങളേ ഉള്ളൂ എന്ന ചിന്ത എനിക്കു വന്നത്. അപ്പോൾ ചിരി വന്നു. കുറച്ചു കൂടി ദിവസങ്ങൾ കഴിയുമ്പോൾ ശരിക്കും എക്സൈറ്റഡ് ആകുമായിരിക്കും.

അമ്മ ഇടയ്ക്ക് ഇരുന്ന് കരയുന്നതു കാണാം. ‘എന്നെ പിരിഞ്ഞു നിൽക്കണമല്ലോ, കല്യാണം കഴിഞ്ഞാൽ ഞാനിനി വീട്ടിലേക്ക് വരുമോ’ എന്നല്ലാമാണ് അമ്മയുടെ ചിന്ത. പക്ഷേ സത്യം എന്തെന്നു വച്ചാൽ, വിവാഹം കഴിഞ്ഞ് ഏറെ വൈകാതെ ഷൂട്ടുകൾ തുടങ്ങും. അതിനു വീട്ടിൽ നിന്നു പോകുന്നതാണ് എളുപ്പം. അതുകൊണ്ട് ഏറെ വൈകാതെ വീട്ടിലേക്ക് തിരിച്ചെത്തും.

പിന്നെ പുതിയൊരു ഫാമിലിയെ കിട്ടുന്നു, അവിടെ ഞാന്‍ എങ്ങനെ ആയിരിക്കും എന്നൊക്കെ ആലോചിക്കുമ്പോൾ എക്സൈറ്റ്മെന്റ് ഉണ്ട്.

alina-padikkal-rohit

∙ പ്രേക്ഷകരോട് പറയാനുള്ളത് ?

ജീവിതത്തിലെ പുതിയൊരു ഘട്ടം ആരംഭിക്കുകയാണ്. നിങ്ങൾ എല്ലാവരുടേയും പ്രാര്‍ഥനയും സ്നേഹവും എനിക്കുണ്ടാകണം. ഇതുവരെ നൽകിയ പിന്തുണ ഇനിയും തുടരണം. 

English Summary : Anchor Alina Padikkal on wedding preparations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com