40 വിദഗ്ധർ, 1800 മണിക്കൂർ; കത്രീനയുടെ പ്രീ വെഡ്ഡിങ് സാരിയുടെ പ്രത്യേകതകൾ ഇങ്ങനെ
Mail This Article
പ്രീവെഡ്ഡിങ് സാരിയിലൂടെ അമ്മ സൂസൻ ടർക്കോട്ടെയുടെ ബ്രട്ടീഷ് പൈതൃകത്തിന് ആദരമർപ്പിച്ച് ബോളിവുഡ് താരം കത്രീന കൈഫ്. സെലിബ്രിറ്റി ഡിസൈനർ സബ്യസാചി മുഖർജിയാണ് കത്രീനയ്ക്കായി പേസ്റ്റൽ പിങ്ക് നിറത്തിലുള്ള കൗച്ചർ സാരി ഒരുക്കിയത്. ഗൗണിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ നീളൻ ശിരോവസ്ത്രം സാരിക്കൊപ്പം ഉണ്ടായിരുന്നു.
ഹാൻഡ് കട്ട് ഇംഗ്ലിഷ് പൂക്കൾ എംബ്ബല്ലിഷ് ചെയ്താണ് ട്യൂൾ സാരി മനോഹരമാക്കിയത്. ബംഗാളിൽനിന്നുള്ള വനിതാ തൊഴിലാളികളാണ് സാരിയിൽ എംബ്രോയ്ഡറി ചെയ്തത്. ക്രിസ്റ്റലുകൾ സാരിക്ക് പ്രൗഢിയേകി. വിദഗ്ധരായ 40 തൊഴിലാളികൾ 1800 മണിക്കൂർ കൊണ്ടാണ് സാരി തയാറാക്കിയത്.
ഫ്ലോറൽ ഡിസൈനുള്ള ഫുൾസ്ലീവ് ബ്ലൗസ് ആണ് പെയർ ചെയ്തത്. റഷ്യൻ മരതകം പതിപ്പിച്ച ഡയമണ്ട് ചോക്കറും അതിനു യോജിച്ച കമ്മലും ആയിരുന്നു ആക്സസറീസ്. സബ്യസാചി ഹെറിട്ടേജ് ജുവൽറിയിൽ നിന്നുള്ളതാണ് ഇവ.
ബെംഗളൂർ സിൽക്കിൽ തയാറാക്കിയ ഷെർവാണി ആയിരുന്നു വരൻ വിക്കി കൗശലിന്റെ വേഷം. എംബ്രോയ്ഡറിയുടെ സൗന്ദര്യമാണ് ഇതിന്റെ ആകർഷണം.
വിവാഹ ചടങ്ങിലും സബ്യസാചി വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചത്. ഡിസംബർ 9ന് രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഹോട്ടൽ സിക്സ് സെൻസസ് ഫോർട്ട് ബർവാന എന്ന ആഡംബര റിസോർട്ടില്‍വച്ചായിരുന്നു ബോളിവുഡ് താരങ്ങളായ വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം.