താരവിവാഹങ്ങളിലും കളർപാലറ്റ്; വിവാഹം ഏതു കളറിൽ വേണം?
Mail This Article
തൂവെള്ള വസ്ത്രങ്ങളണിഞ്ഞെത്തിയ താരനിരയാൽ സമ്പന്നമായിരുന്നു ബോളിവുഡ് ഫിലിംമേക്കർ ലവ് രഞ്ജന്റെയും പ്രണയിനി അലിഷ വെയ്ദിന്റെയും വിവാഹം. വെള്ള കുർത്തയും പൈജാമയും ധരിച്ച രൺബീർ കപൂറിനൊപ്പം വെണ്മയുടെ മിഴിവു നിറഞ്ഞ ലെഹങ്കയണിഞ്ഞാണ് ശ്രദ്ധ കപൂർ എത്തിയത്. ലവ് രഞ്ജന്റെ സംവിധാനത്തിൽ അടുത്തവർഷം റിലീസിനെത്തുന്ന സിനിമയിൽ നായികാനായകന്മാരാണ് ഇരുവരും. ആഗ്രയിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാനെത്തിയ അഭിനേതാക്കളായ അർജുൻ കപൂർ, രാകുൽ പ്രീത് സിങ്, ഹുമ ഖുറേഷി, വരുൺ ശർമ, കാർത്തിക് ആര്യൻ, ജാക്കി ഭഗ്നാനി എന്നിവരും വ്യത്യസ്ത പാറ്റേണുകളിലുള്ള വെള്ള വസ്ത്രങ്ങളിൽ മിന്നി. പേസ്റ്റൽ നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് വിവാഹത്തിൽ പങ്കെടുത്ത മറ്റുള്ളവർ തിരഞ്ഞെടുത്തത്.
ഇത്തരത്തിൽ ഡ്രസ് കോഡുള്ള ആഘോഷങ്ങളിൽ, ക്ഷണിതാക്കൾക്കു മുൻകൂട്ടി പരിപാടിയുടെ കളർ പാലറ്റ് നൽകി അതിനനുസരിച്ച് ഒരുങ്ങിയെത്തണമെന്നത് അറിയിച്ചിട്ടുണ്ടാവും. വധൂവരന്മാരെ വരവേൽക്കാനുള്ളവരും ഒരേ നിറത്തിലോ പാറ്റേണിലോ ഉള്ളതോ, പ്രത്യേക കാലഘട്ടത്തെയോ സന്ദർഭത്തെയോ സൂചിപ്പിക്കുന്നതോ ആയ വസ്ത്രങ്ങളാണു ധരിക്കുക.
ആഡംബര ആഘോഷങ്ങൾക്കും പാർട്ടികൾക്കും എന്തെങ്കിലും പ്രത്യേക തീം തിരഞ്ഞെടുത്ത്, ക്ഷണിതാക്കൾക്കെല്ലാം മുൻകൂട്ടി നിർദേശങ്ങൾ നൽകി വ്യത്യസ്തമായി അതു നടപ്പാക്കുക എന്നതു ബോളിവുഡ് പരിപാടികളുടെ ട്രേഡ്മാർക്കാണ്. ഡെസ്റ്റിനേഷൻ വെഡിങ് ആണെങ്കിൽകൂടി വേദിയൊരുക്കുന്നതിലും വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും കലാപരിപാടികൾ നടത്തുന്നതിലുമെല്ലാം ഇൗ തീം പാലിക്കാൻ ഇവന്റ് നടത്തുന്ന ടീമുകൾ ശ്രദ്ധിക്കാറുണ്ട്.
ബ്രേക്ക് ദ് റൂൾസ്!
കഴിഞ്ഞയാഴ്ച നടന്ന നടൻ ഫർഹാൻ അക്തറിന്റെയും ഗായിക ഷിബാനി ദണ്ഡേക്കറിന്റെയും വിവാഹത്തിൽ ലെഹങ്കകളുടെ പതിവു ഡിസൈനിൽ നിന്നു വ്യത്യസ്തമായി, കോർസെറ്റും മെർമെയ്ഡ് സ്കർട്ടുമുള്ള ചുവപ്പ് ലെഹങ്ക –ഗൗൺ അണിഞ്ഞാണു വധു താരമായത്. 3 മീറ്ററോളം പിന്നിലേക്കു നീണ്ടുകിടന്നിരുന്നു സ്കർട്ട് ട്രെയിൻ. ഒപ്പം ധരിച്ചിരുന്ന ബ്രൈഡൽ വെയ‌്‌ലിനാകട്ടെ 8 അടി വീതിയും 5 മീറ്റർ നീളവുമുണ്ടായിരുന്നു. മാണിക്യക്കല്ലുകളിൽ തീർത്ത കമ്മൽ മാത്രമായിരുന്നു ഏക ആഭരണം.
‘ആചാരങ്ങൾ’ വ്യത്യസ്തമായി നടപ്പാക്കുന്നതും അവയിൽ മാറ്റം കൊണ്ടുവരുന്നതുമെല്ലാം ബോളിവുഡ് വിവാഹങ്ങളിലേക്കു ശ്രദ്ധയാകർഷിക്കാറുണ്ട്. കുറച്ചുനാൾ മുൻപ് വിവാഹിതരായ നടി ദിയ മിർസയും വ്യവസായി വൈഭവ് രേഖിയും വിവാഹമണ്ഡപത്തിലെ ചടങ്ങുകൾ നിർവഹിക്കാൻ പൂജാരിണിയെ നിയോഗിച്ചത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ദീർഘനാളത്തെ പ്രണയത്തിന്റെ നിറവോടെ നടൻ രാജ്കുമാർ റാവുവും നടി പത്രലേഖയും വിവാഹിതരായപ്പോൾ വധുവും വരനും പരസ്പരം സിന്ദൂരമണിയിച്ചത് മനോഹരമായ മാറ്റത്തിന്റെ മാതൃകയായി.
സബ്യസാചി ലെഹങ്കയോ ലക്ഷങ്ങളുടെ വിവാഹവസ്ത്രമോ ഇല്ലാതെ എന്തു ബോളിവുഡ് വിവാഹമെന്നു കരുതിയവരുടെ മുന്നിൽ പഴമയും ലാളിത്യം കാത്തുസൂക്ഷിച്ച്, അമ്മയുടെ സാരിയണിഞ്ഞു വിവാഹിതയായാണ് നടി യാമി ഗൗതം കയ്യടി നേടിയത്.