വിവാഹദിനത്തില്‍ മൂന്ന് ലുക്കിൽ മൈഥിലി; ആസൂത്രണം ഇവർ: രഹസ്യമായി ഹൽദിയും
Mail This Article
നടി മൈഥിലിയുടെ വിവാഹവാർത്ത അപ്രതീക്ഷിതമായാണ് ആരാധകരെ തേടിയെത്തിയത്. ഗുരുവായൂർ അമ്പലത്തിൽ നാടൻ വധുവായി എത്തി താരം ശ്രദ്ധ നേടി. ഈ സിംപിൾ വെഡ്ഡിങ് ലുക്കിന് നിരവധി പ്രശസംകളാണു ലഭിച്ചത്. മൈഥിലിയുടെ അടുത്ത സുഹൃത്തുക്കളായ നടി ശ്രിന്ദ, മേക്കപ് ആർട്ടിസ്റ്റ് ഉണ്ണി പി.എസ്, എന്നിവരാണ് വിവാഹത്തിന്റെ ആസൂത്രകർ. ശ്രിന്ദയുടെ സുഹൃത്തും സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമായ സ്മിജിയും ഒപ്പം ചേർന്നു. ഇവരെല്ലാം ഒന്നിച്ചു പ്രവർത്തിച്ചതോടെ മൈഥിലിയുടെ വിവാഹ സ്വപ്നങ്ങൾ യാഥാർഥ്യമായി.
മൂന്ന് ലുക്കുകളിലാണ് വിവാഹദിനത്തിൽ മൈഥിലി ഒരുങ്ങിയത്. ക്ഷേത്രത്തിലെ ചടങ്ങിന് സിംപിൾ ലുക്ക് മതി എന്നായിരുന്നു താരത്തിന്റെ ആഗ്രഹം. അതിനുസരിച്ചാണ് കോസ്റ്റ്യൂമും ആഭരണങ്ങളും മേക്കപ്പും തിരഞ്ഞെടുത്തത്. ടിഷ്യൂ വേവിങ് ഉള്ള കേരള സാരിയാണ് ധരിച്ചത്. ഇതോടൊപ്പം കസ്റ്റമൈസ് ചെയ്ത ബ്ലൗസ് പെയർ ചെയ്തു. ബീഡ്സ് വർക്ക് ആണ് ഈ പഫ് സ്ലീവ് ബ്ലൗസിന്റെ പ്രധാന ആകർഷണം. രണ്ടു മാലകൾ, കമ്മൽ, നെറ്റിച്ചുട്ടി, വെയിസ്റ്റ് ചെയിൻ, കുപ്പിവളകൾ എന്നിവയാണ് ആക്സസറൈസ് ചെയ്തത്. ചർമത്തിന് ലൈറ്റ് ഷെയ്ഡ് നൽകി കണ്ണുകൾ എടുത്തു കാണിക്കുന്നതായിരുന്നു മേക്കപ്. പരമ്പരാഗത രീതിയിൽ വാലിട്ട് കണ്ണെഴുതുകയായിരുന്നു. വെയ്‌വി ടെക്സ്ചർ നൽകി ലൂസ് ആയി പിൻ ചെയ്ത് മുല്ലപ്പൂ ചൂടിയാണ് മുടി സ്റ്റൈൽ ചെയ്തത്.
മെറൂൺ,ഗോൾഡൻ ബനാറസി സാരിയിലാണ് വെഡ്ഡിങ് ഫങ്ഷന് ഒരുങ്ങിയത്. ആദ്യത്തേതിൽനിന്നും വ്യത്യസ്തമായി ‘റിച്ച് ഫീൽ’ ആണ് ഈ ലുക്കിനുള്ളത്. ഹെവി വർക്കുകളുള്ള ബ്ലൗസ് പെയർ ചെയ്തു. ട്രെഡീഷനൽ കേരള വധു എന്നതിനു പകരം ഉത്തരേന്ത്യന്‍ സൗത്തിന്ത്യൻ സ്റ്റൈലുകള്‍ സംയോജിപ്പിച്ചാണ് ഒരുങ്ങിയത്. ഔട്ട്ഫിറ്റിന് യോജിക്കുന്ന രീതിയിൽ ആഭരണങ്ങളും മേക്കപ്പും ഹെവിയാക്കി.
ആദ്യ രണ്ടു ലുക്കുകളിൽനിന്നു വ്യത്യസ്തമായി റെഡ് കാർപറ്റ് ലുക്കിലായിരുന്നു വെഡ്ഡിങ് റിസപ്ഷന്‍. വെസ്റ്റേൺ സ്റ്റൈലിലുള്ള ചുവപ്പ് ഗൗൺ ആയിരുന്നു വേഷം. ഇതോടൊപ്പം ഡയമണ്ട് ചോക്കർ ആണ് ആക്സസറൈസ് ചെയ്തത്. നീറ്റ് ആൻഡ് ക്ലീൻ ഈ ലുക്കിനെ വിശേഷിപ്പിക്കാം. ന്യൂഡ് മേക്കപ് ആണ് ചെയ്തത്. സ്ലീക് ബൻജ് സ്റ്റൈലിലായിരുന്നു ഹെയർ. മലയാളിത്തനിമയുള്ള മൈഥിലിയെ കംപ്ലീറ്റ് വെസ്റ്റേൺ ലുക്കിൽ ഒരുക്കുക എന്നതൊരു ചാലഞ്ച് ആയി ഏറ്റെടുക്കുകയായിരുന്നുവെന്ന് ഉണ്ണി പറയുന്നു.
ഇതു കൂടാതെ വിവാഹത്തിന് മുന്നോടിയായി ഹൽദി സംഘടിപ്പിച്ചിരുന്നു. ഫോർട്ട് കൊച്ചിയിലെ സീക്രട്ട് ഗാർഡനിൽ ഏപ്രിൽ 25ന് ആയിരുന്നു അത്. ദ് പോപ് ഓഫ് പോപ്പിൻസ് എന്നതായിരുന്നു തീം. ക്ഷണിക്കപ്പെട്ടവർ പല നിറത്തിലുള്ള ഡ്രസ്സുകൾ ധരിച്ചാണ് എത്തിയത്. പച്ച നിറത്തിലുള്ള ലെഹംഗ ആയിരുന്നു മൈഥിലിയുടെ വേഷം. ഉത്തരേന്ത്യൻ സ്റ്റൈലിലുള്ള മേക്കപ്പും ഹെയർസ്റ്റൈലുമാണ് ചെയ്തത്. വിവാഹം രഹസ്യമാക്കി വയ്ക്കാം എന്നു തീരുമാനിച്ചിരുന്നതിനാൽ ഹൽദി ചിത്രങ്ങൾ പുറത്തുവിട്ടിരുന്നില്ല.
മൈഥിലിയുടെ വെഡ്ഡിങ് ലുക്കുകൾ ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഉണ്ണിയും സ്മിജിയും. വിവാഹം മികവുറ്റ രീതിയിൽ പൂർത്തിയായത് സുഹൃത്തുക്കളെന്ന നിലയില്‍ സന്തോഷവും അഭിമാനവും നൽകിയെന്ന് ഇവർ പറയുന്നു.
English Summary : Deatails of Actress Mythili's wedding looks