വിവാഹ വേഷത്തിൽ ഹെൽമറ്റില്ലാതെ സ്കൂട്ടറിൽ യാത്ര, വിഡിയോ വൈറലായതോടെ പണികിട്ടി
Mail This Article
വിവാഹ ദിവസത്തിൽ കല്യാണ വേഷത്തിൽ വധു സ്കൂട്ടർ ഓടിച്ച് ഒറ്റയ്ക്കെത്തുന്നു. കാണാൻ നല്ല മനോഹരമായൊരു കാഴ്ചയാണ്. പക്ഷേ, വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാൻ മറന്നുപോയാലോ? പണിപാളുമല്ലേ..? അത്തരത്തിലൊാരു വിഡിയോ ആണ് കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
തിരക്കേറിയ റോഡിലൂടെ വിവാഹ വസ്ത്രത്തിൽ സ്കൂട്ടറിൽ യാത്ര ചെയ്യുന്ന യുവതിയിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. വളരെ വേഗത്തിലാണ് ഹെൽമറ്റില്ലാതെ യുവതി വാഹനം ഓടിക്കുന്നത്. വിഡിയോയുടെ രണ്ടാംഭാഗത്തിൽ 6000 രൂപ പിഴ ചുമത്തിയിട്ടുള്ള ചലാനാണ് കാണിക്കുന്നത്.
ഡൽഹി പൊലീസ് പങ്കുവച്ച വിഡിയോ നിരവധി പേരാണ് കണ്ടത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് യുവതിയുടെ വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് നടപടിയെടുക്കുകയായിരുന്നു. ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചതിന് 1000 രൂപയും ലൈസൻസ് ഇല്ലാത്തതിന് 5000 രൂപയുമാണ് പിഴ ചുമത്തിയത്.
ഒരു ഹിന്ദി ഗാനത്തിന്റെ അകമ്പടിയിലാണ് യുവതി വാഹനം ഓടിച്ചത്. ‘ഒരു റീലിനായി ഇങ്ങനെ പോകുന്നത് സുരക്ഷയെ ആശങ്കപ്പെടുത്തുന്നു’ എന്ന കുറിപ്പോടെയാണ് ഡൽഹി പൊലീസ് വിഡിയോ പങ്കുവച്ചത്. നിരവധി പേരാണ് പൊലീസിന് അഭിനന്ദനവുമായി എത്തുന്നത്.