10 ദിവസം നീണ്ട ആഘോഷം, സാക്ഷിയായി ലക്ഷങ്ങൾ; അത്യാഡംബരം ബ്രൂണൈ രാജകുമാരന്റെ വിവാഹം, ചിത്രങ്ങൾ
Mail This Article
10 ദിവസം നീണ്ടു നിന്ന ഒരു ആഡംബര വിവാഹത്തിന് വേദിയാവുകയാണ് കുറച്ചുദിവസമായി ബ്രൂണൈ. നാടും നഗരവും ഒരുപോലെ ഏറ്റെടുത്ത വിവാഹം രാജ്യത്തെ രാജകുമാരന്റേത് തന്നെയാണ്. 32കാരനായ അബ്ദുൾ മതീനാണ് 29 കാരിയായ യാങ് മുളിയ അനിഷ റോസ്നയെ വിവാഹം ചെയ്തത്. ജനുവരി 7 മുതലാണ് കല്യാണ മാമാങ്കം തുടങ്ങിയത്.
ജനുവരി 7 ന് ഖതം ഖുറാൻ എന്നറിയപ്പെടുന്ന പരമ്പരാഗത മുസ്ലീം ചടങ്ങോടെയാണ് രാജകീയ വിവാഹ ആഘോഷങ്ങൾ തുടങ്ങിയത്. ചടങ്ങിൽ വധു ഖുറാൻ പൂർണമായും വായിക്കണം. വിവാഹത്തിന് വെളുത്ത ഹിജാബും പരമ്പരാഗത മലായ് വിവാഹ വസ്ത്രമായ വെള്ള ബാജു കുറുംഗുമാണ് വധു ധരിച്ചത്. മലേഷ്യൻ ഡിസൈനറായ തെഹ് ഫിർദൗസാണ് വസ്ത്രം ഡിസൈൻ ചെയ്തത്.
ജനുവരി 11 നാണ് ഔദ്യോഗിക ഇസ്ലാമിക ചടങ്ങുകൾ നടന്നത്. ബെർബെഡക് പെൻഗന്റിൻ ദിരാജ അഥവാ പൗഡറിങ് ചടങ്ങാണ് പിന്നീട് നടന്നത്. കടും ചുവപ്പ് മലായ് വിവാഹ വസ്ത്രത്തിലാണ് ചടങ്ങിൽ വധൂവരൻമാരെത്തിയത്. അവരുടെ കുടുംബാംഗങ്ങൾ ഇരുവരുടെയും കയ്യിൽ നിറമുള്ള പൊടികൾ നൽകി. പ്രതുൽപാദശേഷിക്കും സമ്പത്തിനും അനുഗ്രഹം നൽകുന്ന ചടങ്ങാണിത്.
ആഘോഷങ്ങളിലെ ഏറ്റവും പ്രധാനമായ ദിവസം ജനുവരി 14 ഞായറാഴ്ചയായിരുന്നു. സൈനിക യൂണിഫോമിലാണ് രാജകുമാരൻ എത്തിയത്. വെളുത്ത ഗൗണും ഡയമണ്ട് ആഭരണങ്ങളുമാണ് വധു ധരിച്ചത്.
ലോകത്തെ ഏറ്റവും വലിയ റെസിഡൻഷ്യൽ പാലസും സുൽത്താന്റെ വസതിയുമായ ഇസ്താന നൂറുൽ ഇമാനിൽ വെച്ചായിരുന്നു റിസെപ്ഷൻ ചടങ്ങുകൾ. 1788 മുറികളും 257 ബാത്ത്റൂമുകളുമാണ് വസതിയിലുള്ളത്. തലസ്ഥാന നഗരമായ ബന്ദർ സെരി ബെഗവാനിൽ വച്ച് രാജകീയമായ വിവാഹ ഘോഷയാത്ര നടന്നു. നിരവധി പേരാണ് തെരുവോരങ്ങളിൽ ദമ്പതികൾക്ക് ആശംസകളർപ്പിക്കാനായി തയാറായി നിന്നത്. തുറന്ന റോൾസ് റോയ്സ് കാറിലാണ് വരനും വധുവും ഘോഷയാത്ര നടത്തിയത്.
ചടങ്ങിൽ ഭൂട്ടാൻ, സൗദി അറേബ്യ, ജോർദാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള രാജകുടുംബങ്ങളും മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ അയൽ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും പങ്കെടുത്തു. സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ് ആഘോഷങ്ങളുടെ നിരവധി ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു.
ഏഷ്യയിലെ ഏറ്റവും യോഗ്യതയുള്ള ബാച്ചിലർമാരിൽ ഒരാളായി ഒരിക്കൽ വാഴ്ത്തപ്പെട്ട, ‘ഹോട്ട് റോയൽ’ എന്ന് വിശേഷിപ്പിക്കുന്ന രാജകുമാരൻ മതീന് സമൂഹ മാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സുണ്ട്. ഇംഗ്ലണ്ടിലെ സാൻഡ്‌ഹർസ്റ്റ് പട്ടണത്തിലെ റോയൽ മിലിട്ടറി അക്കാദമിയിൽ നിന്നാണ് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നിലവിൽ ബ്രൂണെ എയർഫോഴ്‌സിൽ പൈലറ്റായി സേവനമനുഷ്ഠിക്കുകയാണ് മതീൻ. വധു ഒരു ഫാഷൻ ബ്രാൻഡിന്റെ ഉടമയാണ്. മതീന്റെ പിതാവ് ബോൾകിയയുടെ പ്രധാന ഉപദേശകരില്‍ ഒരാളുടെ ചെറുമകളാണ് വധുവായ അനിഷ റോസ്ന എന്നും റിപ്പോർട്ടുകളുണ്ട്.
ഹസനുല്‍ ബോല്‍കിയ ഇബ്‌നി ഒമര്‍ അലി സൈഫുദ്ദീന്‍ മൂന്നാമന്‍ സുൽത്താന്റെ നാലാമത്തെ മകനാണ് അബ്ദുൾ മതിൻ. ബ്രൂണൈയിലെ 29-ാമത്തെ സുല്‍ത്താനാണ് ഹസനുല്‍ ബോല്‍കിയ 1984-ല്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനവും വഹിക്കുന്നു. 2017-ല്‍ തന്റെ ഭരണത്തിന്റെ സുവര്‍ണ ജൂബിലി അദ്ദേഹം ആഘോഷിച്ചിരുന്നു.
സുൽത്താനും ബ്രൂണെ രാജകുടുംബത്തിലെ അംഗങ്ങളും അതിഗംഭീരമായ ജീവിതശൈലി നയിക്കുന്നവരും ആഡംബര പാർട്ടികൾ നടത്തുന്നവരുമാണ്. 1996-ൽ സുൽത്താന്റെ ഐതിഹാസികമായ 50-ാം ജന്മദിനാഘോഷത്തിന് ഏകദേശം 25 മില്യൺ ഡോളർ ചിലവായി. മൈക്കൽ ജാക്സന്റെ സ്വകാര്യ സംഗീതക്കച്ചേരിയും ബ്രിട്ടനുമായുള്ള പോളോ മത്സരവും അന്ന് സംഘടിപ്പിച്ചിരുന്നു.