‘ആ ബ്ലൗസ് ഉപയോഗിക്കാൻ പറ്റിയില്ല, അവസാന നിമിഷമാണ് തീർന്നത്; ഭാഗ്യയ്ക്ക് പ്രിയം സിംപിൾ ഡിസൈൻ’
Mail This Article
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹത്തിന്റെ ചടങ്ങുകളിൽ ധരിച്ച വസ്ത്രങ്ങളെപ്പറ്റിയാണ് സമൂഹമാധ്യമങ്ങളിലെ ഫാഷൻ, ലൈഫ് സ്റ്റൈൽ ഫോറങ്ങളിൽ ചർച്ചകൾ. വ്യത്യസ്തവും ലളിതവും മനോഹരവുമായ ലുക്കിലാണ് ഭാഗ്യ ചടങ്ങുകളിലെല്ലാം പ്രത്യക്ഷപ്പെട്ടത്. ഭാഗ്യ സാരിയോടൊപ്പം ധരിച്ച ബ്ലൗസുകൾ ആയിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഭാഗ്യയുടെ അമ്മ രാധികാ സുരേഷ് സാധാരണയായി സാരിയാണു ധരിക്കാറുള്ളതെങ്കിലും സംഗീത് ചടങ്ങിനു ധരിച്ചത് ലെഹങ്കയായിരുന്നു. അതും ശ്രദ്ധിക്കപ്പെട്ടു.
വസ്ത്രങ്ങളുടെ ഡിസൈനിനു വേണ്ടി പല ഡിസൈനർമാരെയും ആലോചിച്ചെങ്കിലും ഒടുവിൽ തനിക്ക് ഇണങ്ങുന്ന രീതിയിൽ ബ്ലൗസ് ഡിസൈൻ ചെയ്തു തന്നത് തിരുവനന്തപുരത്തുള്ള മിസ് ഇന്ത്യ എന്ന ബൊട്ടീക്കിലെ ഹർഷ സഹദ് ആയിരുന്നുവെന്നു ഭാഗ്യ ഇൻസ്റ്റഗ്രാമിൽ എഴുതിയിരുന്നു. 20 വർഷമായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മിസ് ഇന്ത്യ ബോട്ടിക് നടത്തുന്ന ഹർഷ സഹദ് സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചിരുന്നു. ഇപ്പോഴും താരങ്ങൾക്ക് വസ്ത്രം ഡിസൈൻ ചെയ്തു കൊടുക്കുന്നുണ്ട്.
വിവാഹത്തിന് വളരെ കുറച്ചു ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് തന്റെയടുത്ത് ഭാഗ്യ എത്തിയതെന്ന് ഹർഷ മനോരമ ഓൺലൈനിനോട് പറഞ്ഞു. ഭാഗ്യ ഹൽദിക്ക് ധരിച്ച ലെഹങ്കയും വിവാഹത്തിനും റിസപ്‌ഷനും ധരിച്ച ബ്ലൗസും ഡിസൈൻ ചെയ്തത് മിസ് ഇന്ത്യ ആണ്. വരൻ ശ്രേയസ്സിന്റെ അമ്മയുടെയും സഹോദരിമാരുടെയും തിളങ്ങുന്ന ലുക്കിന് പിന്നിലും ഹർഷ സഹദ് ആയിരുന്നു. അതിനെപ്പറ്റി ഹർഷ സംസാരിക്കുന്നു:
‘‘ഭാഗ്യ ഗുരുവായൂരിലെ വിവാഹച്ചടങ്ങിനു ധരിച്ച സാരി ഹൈദരാബാദിൽനിന്ന് കസ്റ്റം മെയ്ഡ് ആയി നെയ്ത് എടുത്തതാണ്. ആ സാരിയോടൊപ്പം ധരിച്ച ബ്ലൗസ് ഡിസൈൻ ചെയ്തത് മിസ് ഇന്ത്യ ആണ്. കൂടാതെ ഭാഗ്യ ഹൽദിക്ക് ധരിച്ച വസ്ത്രം, വരന്റെ വീട്ടിൽനിന്നുള്ള മന്ത്രകോടിയുടെ ബ്ലൗസ്, റിസപ്‌ഷന്റെ ബ്ലൗസ് ഇതെല്ലാം ഞങ്ങളാണ് ചെയ്തത്. രാധിക സംഗീതിനു ധരിച്ച ലെഹങ്ക ചെയ്തതും മിസ് ഇന്ത്യ ആണ്. രാധികയ്ക്ക് ലെഹെങ്ക ചേരുമോ എന്ന പേടി ഉണ്ടായിരുന്നു. ഷോർട്ട് ബ്ലൗസ് വേണ്ട എന്ന് പറഞ്ഞിരുന്നു. ഹൽദിയുടെ ഡ്രസ് മഞ്ഞയും വെള്ളയും നിറങ്ങൾ കൊണ്ട് ഡൈ ചെയ്ത് എടുത്തതാണ്. ക്രെയ്പ് സിൽക്കിൽ ടൈ ആൻഡ് ഡൈ ആണ് ചെയ്തത്. സ്കർട്ടും ഹാൻഡ് വർക്ക് ചെയ്ത ബ്ലൗസും ദുപ്പട്ടയും. തൂവെള്ളയും ലമൺ യെല്ലോയും ചേർന്ന കോംബിനേഷൻ ആണ്. ദുപ്പട്ടയിൽ മുഴുവൻ ഗ്ലാസ് ബീഡ് വർക്ക് ചെയ്തിട്ടുണ്ട്.
ഒരുപാട് ബുദ്ധിമുട്ടി ചെയ്തതാണ് ഭാഗ്യയുടെ വിവാഹത്തിന്റെ ബ്ലൗസ്. അക്കാര്യം ഭാഗ്യ സ്റ്റോറി ഇടുകയും ചെയ്തിട്ടുണ്ട്. അവസാന നിമിഷമാണ് ഭാഗ്യ വിവാഹ ബ്ലൗസ് ഡിസൈൻ ചെയ്യണമെന്നുപറഞ്ഞ് ഞങ്ങളുടെ അടുത്തെത്തിയത്. സാരി എടുത്തിട്ട് മൂന്നു മാസം കഴിഞ്ഞിരുന്നു. പക്ഷേ, അതിന്റെ ബ്ലൗസ് എന്തുകൊണ്ടോ ഉപയോഗിക്കാൻ പറ്റിയില്ല. അവസാന നിമിഷമാണ് കസിൻസോ മറ്റോ പറഞ്ഞ് എന്നെപ്പറ്റി ഭാഗ്യ അറിഞ്ഞത്. ആദ്യം ഒരു ബ്ലൗസ് ചെയ്തു നോക്കി. അതു പാകമായിരുന്നു. അങ്ങനെയാണ് വിവാഹത്തിന്റെ ബ്ലൗസ് ചെയ്യാൻ തീരുമാനിച്ചത്. വിവാഹത്തിന്റെ സാരി വല്ലാത്ത ഒരു നിറം ആയിരുന്നു. ഇളം പീച്ച് നിറവും ഓറഞ്ചിനോട് അടുത്തു നിൽക്കുന്ന ഒരു പീച്ച് നിറവും ഉള്ള കോംബിനേഷൻ ആയിരുന്നു അത്. അതിന്റെ വിത്ത് ബ്ലൗസ് ഇല്ലല്ലോ. പിന്നെ സാരിക്ക് ചേരുന്ന നിറം കാഞ്ചീപുരം തുണിയിൽ ഡൈ ചെയ്ത് എടുത്തതാണ്. ഞങ്ങൾ 20 ദിവസം തുടർച്ചയായി ഇരുന്നാണ് ഭാഗ്യയുടെ വിവാഹത്തോടനുബന്ധിച്ച് എല്ലാവർക്കും ഡ്രസ് ഡിസൈൻ ചെയ്തത്.
ഭാഗ്യക്ക് വളരെ ലളിതമായ ഡിസൈൻ ആയിരുന്നു വേണ്ടത്. സാരിയിൽ പൂക്കളുടെ വീവിങ് ഉണ്ട്. ആ ഡിസൈൻ പോലെ ഗ്ലാസ് മുത്തുകളും ഷുഗർ ബീഡ്‌സും ഗോൾഡൻ കസവു നൂലും വച്ചിട്ടാണ് ബ്ലൗസിലെ ഡിസൈൻ ചെയ്തത്. മൂന്നു പണിക്കാർ ആറു ദിവസം പകലും രാത്രിയിലും ഇരുന്നാണ് ആ വർക്ക് ചെയ്തത്. ചെറിയ മുത്തുകൾ ഉപയോഗിച്ച് വർക്ക് ചെയ്യാൻ ഒരുപാടു സമയമെടുക്കും. ബ്ലൗസിന്റെ കയ്യിലും പിൻഭാഗത്തും ഡിസൈൻ ഉണ്ട്. വളരെ ഒതുങ്ങി ഇരിക്കുന്ന ബ്ലൗസ് ആണ്. ഭാഗ്യയുടെ എല്ലാ ബ്ലൗസുകളും ഞങ്ങൾ അങ്ങനെയാണ് ചെയ്തിരിക്കുന്നത്. ഭാഗ്യയുടെ മേക്കപ്പ് ആർട്ടിസ്റ്റ് എനിക്ക് മെസേജ് അയച്ചു, ബ്ലൗസ് വളരെ നന്നായിരുന്നു എന്ന്.
തിരുവനന്തപുരത്തെ റിസപ്‌ഷനു റാണി പിങ്ക് ബനാറസി സാരി ആണ് ഭാഗ്യ ഉടുത്തത്. ആ സാരിയുടെയും ബ്ലൗസ് ഞങ്ങൾ ആണ് ചെയ്തത്. ഭാഗ്യക്ക് എല്ലാം സിംപിൾ ആയിരിക്കണമെന്ന് നിർബന്ധം ഉണ്ടായിരുന്നു. അത് ഫുൾ സ്ലീവ് ബ്ലൗസ് ആയിരുന്നു. പ്ലെയിൻ ബ്ലൗസ് മെറ്റീരിയലിൽ കയ്യുടെ അറ്റത്തും പിൻഭാഗത്തും സാരിയിൽ ഉള്ള ബനാറസി വീവിങ് ചെയ്തു. കസവു നൂലും ഷുഗർ ബീഡും ആണ് ഉപയോഗിച്ചിരിക്കുന്നത്. കയ്യുടെ അറ്റത്ത് വർക്ക് കൊടുത്തിട്ടു മുകളിലേക്ക് ചെറുതായി പടർന്നു കയറുന്ന തരത്തിൽ ആണ് ചെയ്തിട്ടുള്ളത്.
ഭാഗ്യയുടെ വരൻ ശ്രേയസ്സിന്റെ സഹോദരിമാർക്കും അമ്മയ്ക്കുമുള്ള വസ്ത്രങ്ങളും മിസ് ഇന്ത്യ ആണ് ചെയ്തത്. സാരിയും ലഹങ്കയും എല്ലാം അതിൽ ഉൾപ്പെടുന്നു. സംഗീത്, ഹൽദി, കല്യാണം, കൊച്ചിയിലെ റിസപ്ഷൻ, തിരുവനന്തത്തെ റിസപ്ഷൻ എന്നീ ചടങ്ങുകൾക്കു വേണ്ട സാരികളും ലെഹങ്കകളും എല്ലാം ഞങ്ങൾ ആണ് ചെയ്തത്. ശ്രേയസിന്റെ സഹോദരിമാർ സംഗീതിനും റിസപ്‌ഷനും എല്ലാം ലെഹങ്കയാണ് ധരിച്ചത്. ഭാഗ്യയുടെ കുറച്ചു സുഹൃത്തുക്കൾക്കും ഞങ്ങൾ ആണ് ഡ്രസ് ചെയ്തത്. വളരെ കുറച്ചു സമയം കൊണ്ടാണ് ഈ കല്യാണത്തിന് വസ്ത്രങ്ങൾ എല്ലാം ചെയ്തത്.
ഡിസൈനിങ് തുടങ്ങിയിട്ട് 12 വർഷമായി. ഞാൻ പത്തോളം മലയാളം സിനിമകൾക്കും രണ്ടു തമിഴ് സിനിമകൾക്കും വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. മിസ് ഇന്ത്യയിൽ തിരക്ക് കൂടിയപ്പോൾ സിനിമ വർക്ക് വേണ്ടെന്നുവച്ചതാണ്. എന്നാലും നല്ല സിനിമകൾ വന്നാൽ ചെയ്യാൻ താൽപര്യമുണ്ട്. കോസ്റ്റ്യൂം ഡിസൈനർ അസോസിയേഷനിൽ മെമ്പറാണ്. സിനിമാതാരങ്ങൾക്ക് വ്യക്തിപരമായ ഉപയോഗത്തിന് വസ്ത്രം ഡിസൈൻ ചെയ്തു കൊടുക്കുന്നുണ്ട്. പ്രിയങ്കാ നായർ സ്ഥിരം എന്റെ അടുത്ത് നിന്നാണ് ഡിസൈൻ ചെയ്യിക്കുന്നത്. ടിവി താരങ്ങൾക്കും ചെയ്യാറുണ്ട്. മിസ് ഇന്ത്യ തുടങ്ങിയിട്ട് 20 വർഷമായി. തിരുവനന്തപുരത്ത് സാഫല്യം കോംപ്ലക്സിൽ ആണ് മിസ് ഇന്ത്യ. ആലുവയിലും ബ്രാഞ്ച് ഉണ്ട്.