അനന്ത് - രാധിക വിവാഹാഘോഷങ്ങൾക്ക് തുടക്കം: വരാനിരിക്കുന്നത് ആഡംബര ആഘോഷങ്ങളുടെ നാളുകൾ
Mail This Article
മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും പ്രശസ്ത വ്യവസായി വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങൾക്ക് കൊടിയേറി. ഗുജറാത്തി വിവാഹങ്ങളിലെ ആദ്യ ചടങ്ങായ 'ലഗാൻ ലഖ്വാനു'വോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. അംബാനി കുടുംബത്തിന്റെ ഗുജറാത്തിലെ ജാം നഗറിലുള്ള ഫാം ഹൗസിലായിരുന്നു ആഘോഷം.
'കങ്കോത്രി' എന്നറിയപ്പെടുന്ന ആദ്യ വിവാഹ ക്ഷണക്കത്ത് സൃഷ്ടിക്കുന്നത് ഈ ചടങ്ങിലാണ്. അതിനുശേഷം ഈ ക്ഷണക്കത്ത് ഈശ്വരന് സമർപ്പിക്കും. ഔദ്യോഗികമായ വിവാഹ ക്ഷണക്കത്തുകൾ എല്ലാം ചടങ്ങിനു ശേഷമാണ് അയയ്ക്കുന്നത്. ആഡംബര വിവാഹ ആഘോഷം എന്നതിലുപരി പരമ്പരാഗത ഇന്ത്യൻ വിവാഹ ചടങ്ങുകളുടെ പ്രാധാന്യം എടുത്തു കാട്ടുന്ന തരത്തിലാണ് ആഘോഷങ്ങൾ അംബാനി കുടുംബം സംഘടിപ്പിച്ചത്. അനാമിക ഖന്ന പ്രത്യേകമായി ഡിസൈൻ ചെയ്ത ലഹങ്കയാണ് രാധിക മെർച്ചന്റ് ചടങ്ങുകൾക്കായി തിരഞ്ഞെടുത്തത്.
ഫ്ലോറൽ ഡിസൈനും സീക്വിനുകളും ഉൾപ്പെടുത്തിയാണ് അനാമിക ഖന്ന ലഹങ്ക അതിമനോഹരമായി അണിയിച്ചൊരുക്കിയത്. കാഴ്ചയിൽ ലളിതമാണെങ്കിലും പ്രൗഡി ഒട്ടും കുറയാത്ത തരത്തിലായിരുന്നു രാധികയുടെ വേഷവിധാനം. മൂന്നു തട്ടുകളുള്ള വജ്ര നെക്ലേസും നെറ്റിച്ചുട്ടിയും വളകളുമാണ് രാധിക അണിഞ്ഞത്. വസ്ത്രത്തിന് ചേർന്നു പോകുന്ന വിധത്തിൽ ലൗലിൻ രാംചന്ദനി വധുവിന്റെ ഹെയർ സ്റ്റൈലിംഗും മേക്കപ്പും മനോഹരമാക്കി. ലൗലിൻ തന്നെയാണ് രാധികയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.
വിവാഹം ഈ വർഷത്തിൻ്റെ അവസാനത്തോടെയെ ഉണ്ടാകു എങ്കിലും പല ഘട്ടങ്ങളിലായി വർഷം ഉടനീളം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനാണ് പദ്ധതി. മാർച്ച് ഒന്നു മുതൽ മൂന്നു വരെ ജാംനഗറിലെ വസതിയിൽ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്. 2022 ഡിസംബറിൽ രാജസ്ഥാനിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും മോതിര കൈമാറ്റം നടന്നിരുന്നു. കഴിഞ്ഞവർഷം ജനുവരിയിൽ അംബാനിയുടെ വസതിയായ ആൻ്റീലിയയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.