അംബാനി കുടുംബത്തിലെ ആഘോഷത്തിന് പ്രത്യേക ഡ്രസ് കോഡ്, സംഗീത വിരുന്നൊരുക്കാൻ പോപ്പ് താരം റിയാനയും
Mail This Article
മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ മാർച്ച് 1 മുതല്‍ ഗുജറാത്തിലെ ജാംനഗറിൽ വച്ചാണ് നടക്കുക. പല മേഖലയിൽ നിന്നുള്ള അതിഥികളെത്തുന്ന വിവാഹ ആഘോഷം ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് അംബാനി കുടുംബം. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പ്രീവെഡ്ഡിങ് ആഘോഷത്തിനായി 9 പേജുള്ള ഇവന്റ് ഗൈഡാണ് തയാറാക്കിയത്.
ആഘോഷത്തിനെത്തുന്ന അതിഥികൾക്കായി തയാറാക്കിയ ഗൈഡിൽ മൂന്നുദിവസത്തെ ആഘോഷത്തെ പറ്റിയും തിരഞ്ഞെടുക്കേണ്ട വസ്ത്രത്തെ പറ്റിയുമെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു ദിവസത്തെ ആഘോഷങ്ങളും വ്യത്യസ്തമായ തീം ആസ്പദമാക്കിയുള്ളതാണ്.
എവർലാൻഡിലൊരു സായാഹ്നം എന്നതാണ് ആദ്യ ദിവസത്തെ തീം. ഇതിനായി ‘എലഗന്റ് കോക്ക്ടെയ്ൽ’ ഡ്രസ് കോഡാണ് നിർദേശിച്ചത്. വൈകുന്നേരത്തെ പാർട്ടിയാണ് ആദ്യ ദിനം സജ്ജീകരിച്ചിരിക്കുന്നത്. ‘ജംഗിൾ ഫീവർ’ എന്ന തീമിലുള്ള ഡ്രസ് കോഡാണ് രണ്ടാംദിവസം. അംബാനിയുടെ ആനിമൽ റെസ്ക്യൂ സെന്ററിൽ വച്ചാണ് ഈ പരിപാടി നടക്കുക. പിന്നാലെ സൗത്ത് ഏഷ്യൻ ഔട്ട്ഫിറ്റിലും ആഘോഷം സംഘടിപ്പിക്കും. മൂന്നാം ദിവസം രണ്ടു വ്യത്യസ്ത പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ‘ടസ്കർ ടെയിൽസ്’ എന്നതാണ് ആദ്യത്തെ തീം. ഇതിനായി കാഷ്വൽ വസ്ത്രങ്ങൾ ധരിക്കാം. ജാംനഗറിന്റെ ഹരിത അന്തരീക്ഷവുമായി ഇണങ്ങുന്ന രീതിയിലായിരിക്കണം വസ്ത്രങ്ങൾ. അവസാന പാർട്ടി ‘ഹസ്താക്ഷർ (കയ്യൊപ്പ്)’ എന്ന തീമിലാണ്. ഇതിനായി ഇന്ത്യയുടെ പൈതൃകം നിറയ്ക്കുന്ന വസ്ത്രങ്ങളണിയാം.
ആഘോഷത്തിനെത്തുന്ന എല്ലാ അതിഥികൾക്കുമായി ഹെയർസ്റ്റൈലിസ്റ്റ്, സാരി ഡ്രേപ്പർ, മേക്കപ്പ് ആർടിസ്റ്റ് എന്നിവരെയും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ മറ്റ് വസ്ത്രങ്ങൾ ധരിച്ചും ആഘോഷങ്ങൾക്കെത്താമെന്നും അറിയിച്ചിട്ടുണ്ട്. അംബാനി കുടുംബത്തിനായി വസ്ത്രമൊരുക്കുന്നത് പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയാണ്.
അംബാനി കുടുംബത്തിലെ ആഘോഷങ്ങൾക്ക് സംഗീത വിരുന്നൊരുക്കാൻ ഹരിഹരനും, പ്രീതവും അർജിത്ത് സിങ്ങും എത്തുമെന്നും റിപ്പോർട്ടുണ്ട്. കൂടാതെ പോപ്പ് ഗായിക റിയാനയും ചടങ്ങിനെത്തിയേക്കും. ഇന്ത്യൻ സിനിമാ ലോകത്തെ പല പ്രമുഖരും വിവാഹ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാനെത്തും. അമിതാഭ് ബച്ചൻ, ഷാറുഖ് ഖാൻ, ആമിർ ഖാൻ, രജനികാന്ത്, സൽമാൻ ഖാൻ, ദീപിക പദുകോൺ, ആലിയ ഭട്ട്, റൺവീർ സിങ്, റൺബീർ കപൂർ എന്നിവരും ആഘോഷത്തിനെത്തും.
ഗുജറാത്തി വിവാഹങ്ങളിലെ ആദ്യ ചടങ്ങായ 'ലഗാൻ ലഖ്വാനു'വോടെയാണ് കഴിഞ്ഞ ദിവസം ആഘോഷങ്ങൾ ആരംഭിച്ചത്.‘കങ്കോത്രി’ എന്നറിയപ്പെടുന്ന ആദ്യ വിവാഹ ക്ഷണക്കത്ത് സൃഷ്ടിക്കുന്നത് ഈ ചടങ്ങിലാണ്. ഔദ്യോഗികമായ വിവാഹ ക്ഷണക്കത്തുകൾ എല്ലാം ചടങ്ങിനു ശേഷമാണ് അയക്കുന്നത്. അനാമിക ഖന്ന പ്രത്യേകമായി ഡിസൈൻ ചെയ്ത ലഹങ്കയിലാണ് രാധിക മെർച്ചന്റ് ചടങ്ങുകൾക്കെത്തിയത്.
ഫ്ലോറൽ ഡിസൈനും സീക്വിനുകളും ഉൾപ്പെടുത്തിയാണ് അനാമിക ഖന്ന ലഹങ്ക അതിമനോഹരമായി അണിയിച്ചൊരുക്കിയത്. കാഴ്ചയിൽ ലളിതമാണെങ്കിലും പ്രൗഡി ഒട്ടും കുറയാത്ത തരത്തിലായിരുന്നു രാധികയുടെ വേഷം. മൂന്നു തട്ടുകളുള്ള വജ്ര നെക്ലേസും നെറ്റിച്ചുട്ടിയും വളകളുമാണ് രാധിക അണിഞ്ഞത്. വസ്ത്രത്തിന് ചേർന്നു പോകുന്ന വിധത്തിൽ ലൗലിൻ രാംചന്ദനി വധുവിന്റെ ഹെയർ സ്റ്റൈലിംഗും മേക്കപ്പും മനോഹരമാക്കി.