ജാംനഗറിൽ 14 ക്ഷേത്രം നിർമിക്കാനൊരുങ്ങി അംബാനി കുടുംബം, വിവാഹ ആഘോഷങ്ങൾക്ക് ശുഭാരംഭം
Mail This Article
അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായി ക്ഷേത്രങ്ങൾ നിർമിക്കാനൊരുങ്ങി അംബാനി കുടുംബം. ഗുജറാത്തിലെ ജാംനഗറിലെ ക്ഷേത്ര സമുച്ചയത്തിലാണ് 14 പുതിയ ക്ഷേത്രങ്ങൾ കൂടി നിർമിക്കാൻ ഒരുങ്ങുന്നത്. വൈവിധ്യങ്ങളോടെയാണ് പുതിയ ക്ഷേത്രം നിര്‍മിക്കാനൊരുങ്ങുന്നത്.
സങ്കീർണമായ കൊത്തുപണികളുള്ള തൂണുകൾ, ദേവതകളുടെ ശിൽപങ്ങൾ, ഫ്രെസ്കോ ശൈലിയിലുള്ള പെയിന്റിങ്ങുകൾ എന്നിവയാണ് പുതിയതായി നിർമിക്കുന്ന ക്ഷേത്രത്തിന്റെ പ്രത്യേകതകൾ. ഇന്ത്യയുടെ പാരമ്പര്യത്തനിമ നിലനിർത്തുന്ന രീതിയിലുള്ള വാസ്തുവിദ്യയിലാണ് ക്ഷേത്രം നിർമിക്കുക.
ചിത്രകലയിലെയും വാസ്തുകലയലെ പൊതു തത്വങ്ങളെ ആസ്പദമാക്കി മികച്ച രൂപഭംഗി ക്ഷേത്രത്തിന് നൽകാനാണ് ശ്രമം. കളർ പാറ്റേണുകളും, രൂപഭംഗിയും, ഓരോ ശിൽപത്തിനും നൽകുന്ന ഭാവവുമെല്ലാം മികച്ചതാക്കാനായി നിരവധി പേരാണ് ക്ഷേത്രനിർമാണത്തിൽ പങ്കാളികളായിട്ടുള്ളത്. പ്രഗത്ഭരായ ശിൽപികളാൽ നിർമിക്കുന്ന ക്ഷേത്രങ്ങൾസാങ്കേതിക വിദ്യകളും പാരമ്പര്യങ്ങളും ഉൾക്കൊള്ളുന്നതാണ്.
3 ദിവസം നീണ്ടു നിൽക്കുന്ന പ്രീ വെഡ്ഡിങ് ആഘോഷം മാർച്ച് 1നാണ് ആരംഭിക്കുന്നത്. ആഘോഷത്തിനായി 9 പേജുള്ള ഇവന്റ് ഗൈഡാണ് തയാറാക്കിയത്. വ്യത്യസ്ത തീമുകളെ ആസ്പദമാക്കിയാണ് ആഘോഷം. എവർലാൻഡിലൊരു സായാഹ്നം എന്നതാണ് ആദ്യ ദിവസത്തെ തീം. ഇതിനായി ‘എലഗന്റ് കോക്ക്ടെയ്ൽ’ ഡ്രസ് കോഡാണ് നിർദേശിച്ചത്. വൈകുന്നേരത്തെ പാർട്ടിയാണ് ആദ്യ ദിനം സജ്ജീകരിച്ചിരിക്കുന്നത്. ‘ജംഗിൾ ഫീവർ’ എന്ന തീമിലുള്ള ഡ്രസ് കോഡാണ് രണ്ടാംദിവസം. അംബാനിയുടെ ആനിമൽ റെസ്ക്യൂ സെന്ററിൽ വച്ചാണ് ഈ പരിപാടി നടക്കുക. പിന്നാലെ സൗത്ത് ഏഷ്യൻ ഔട്ട്ഫിറ്റിലും ആഘോഷം സംഘടിപ്പിക്കും. മൂന്നാം ദിവസം രണ്ടു വ്യത്യസ്ത പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ‘ടസ്കർ ടെയിൽസ്’ എന്നതാണ് ആദ്യത്തെ തീം. ഇതിനായി കാഷ്വൽ വസ്ത്രങ്ങൾ ധരിക്കാം. ജാംനഗറിന്റെ ഹരിത അന്തരീക്ഷവുമായി ഇണങ്ങുന്ന രീതിയിലായിരിക്കണം വസ്ത്രങ്ങൾ. അവസാന പാർട്ടി ‘ഹസ്താക്ഷർ (കയ്യൊപ്പ്)’ എന്ന തീമിലാണ്. ഇതിനായി ഇന്ത്യയുടെ പൈതൃകം നിറയ്ക്കുന്ന വസ്ത്രങ്ങളണിയാം.