ക്ലാസിക്കൽ നൃത്തം ചെയ്ത് നിത അംബാനി, രാധികയെ പൂവെറിഞ്ഞ് സ്വീകരിച്ച് ജാൻവി; ഇനി കല്യാണമേളത്തിനായുള്ള കാത്തിരിപ്പ്
Mail This Article
ജാംനഗറിലെ ആഘോഷമേളം അവസാനിച്ചു. ഇനി വിവാഹ ദിവസത്തിനായുള്ള കാത്തിരിപ്പ്. മൂന്നു ദിവസം നീണ്ടു നിന്ന അനന്ത് അംബാനി രാധിക മെർച്ചന്റ് പ്രീ വെഡ്ഡിങ് ആഘോഷം ഞായറാഴ്ച നടന്ന ‘ഹസ്താക്ഷർ’ ആഘോഷത്തിലൂടെ അവസാനിച്ചു. മാർക്ക് സക്കർബർഗും ബിൽഗേറ്റ്സുമടക്കം ആയിരത്തിൽ പരം അതിഥികളാണ് മൂന്നു ദിവസമായി നടന്ന ചടങ്ങിൽ പങ്കെടുത്തത്.
അവസാന ദിവസത്തെ ആഘോഷത്തിനായി ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങളാണ് അതിഥികൾ തിരഞ്ഞെടുത്തത്. മനോഹരമായ ലഹങ്കയിലാണ് രാധിക ആഘോഷത്തിനെത്തിയത്. വേദിയിലേക്ക് നൃത്തം ചെയ്ത് വരുന്ന രാധികയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വിഡിയോയിൽ ജാൻവി കപൂർ പൂക്കൾ എറിയുന്നതും കാണാം. ക്ഷേത്ര സമുച്ചയത്തിൽ നടന്ന മഹാ ആരതിയോടെയാണ് ഹസ്താക്ഷർ ചടങ്ങുകൾ ആരംഭിച്ചത്.
ചടങ്ങിനെത്തിയവരെല്ലാം പരമ്പരാഗത ഔട്ട്ഫിറ്റിൽ ആഘോഷത്തിൽ തിളങ്ങി. ഗോൾഡൻ നിറത്തിലുള്ള കാഞ്ചീപുരം സാരിയിലാണ് നിത അംബാനി എത്തിയത്. ദക്ഷിണേന്ത്യയിൽ നിന്നുള്ള നെയ്ത്തുകാരാണ് ഈ കൈത്തറി സാരി നിർമിച്ചത്. ഡയമണ്ടും എമറാൾഡും ചേർന്ന ഒരു ലോങ് ചെയിനും മാച്ചിങ് വളകളുമണിഞ്ഞ് ചടങ്ങിൽ നിത അംബാനി താരമായി. മൾട്ടി കളറുള്ള ഗാഗ്ര ചോളിയിലാണ് ശ്ലോക മേത്ത ചടങ്ങിനെത്തിയത്. സിൽവർ ലഹങ്കയാണ് ഇഷ ചൂസ് ചെയ്തത്.
നിത അംബാനിയുടെ ക്ലാസിക്കൽ ഡാൻസും പ്രീവെഡ്ഡിങ് ആഘോഷത്തിന് മിഴിവേകി. ശക്തിയുടെ പ്രതീകമായ ദുർഗാദേവിയെ സ്തുതിച്ചു കൊണ്ടുള്ള ഗാനത്തിനാണ് നിത അംബാനി ചുവടുകൾ വച്ചത്. സംഗീത സംവിധായകരായ അജയ്-അതുൽ, ഗായിക ശ്രേയ ഘോഷാൽ എന്നിവർ ചേർന്നാണ് ഗാനം ഒരുക്കിയത്. വൈഭവി മെർച്ചന്റാണ് നൃത്തസംവിധാനം. ചുവപ്പ് നിറത്തിലുള്ള മനോഹരമായ വസ്ത്രം ഡിസൈൻ ചെയ്തത് മനീഷ് മൽഹോത്രയാണ്.
മാർച്ച് 1നാണ് അനന്തിന്റെയും രാധികയുടെയും പ്രീവെഡ്ഡിങ് ആഘോഷങ്ങൾ ആരംഭിച്ചത്. വ്യത്യസ്ത തീമുകളിലായിരുന്നു പരിപാടികൾ. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബ്ലാക്ക്റോക്ക് സിഇഒ ലാരി ഫിങ്ക്, ബ്ലാക്സ്റ്റോണ്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ഷെവര്‍സ്മന്‍, ഡിസ്നി സിഇഒ ബോബ് ഇഗര്‍, ഇവാങ്ക ട്രംപ്, മോര്‍ഗന്‍ സ്റ്റാന്‍ലി സിഇഒ ടെഡ് പിക്, ബാങ്ക് ഓഫ് അമേരിക്ക ചെയര്‍മാന്‍ ബ്രിയാന്‍ തോമസ് മോയ്നിഹാന്‍ തുടങ്ങി സിനിമാ കായിക രംഗത്തെ പ്രമുഖരും പരിപാടിക്കെത്തി. ജൂലൈയിലാണ് ഇരുവരുടേയും വിവാഹം.