നടി രാഖി സാവന്തിന്റെ മുൻഭർത്താവ് വീണ്ടും വിവാഹിതനായി, വധു ബിഗ്ബോസ് താരം
Mail This Article
ബോളിവുഡ് നടി രാഖി സാവന്തിന്റെ മുൻ ഭർത്താവ് ആദിൽ ഖാൻ ദുറാനി വീണ്ടും വിവാഹിതനായി. ബിഗ്ബോസ് 12 മത്സരാർഥിയും മോഡലുമായ സോമി ഖാനെയാണ് ആദിൽ വിവാഹം ചെയ്തത്. മാർച്ച് 3നായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങൾ ആദിൽ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
കടും ചുവപ്പ് നിറത്തിലുള്ള ലെഹങ്കയിൽ അതിസുന്ദരിയായാണ് സോമി വിവാഹത്തിനൊരുങ്ങിയത്. ഒരു ഓഫ്-വൈറ്റ് എംബ്രോയ്ഡറി ചെയ്ത ഷെർവാണിയാണ് ആദിൽ തിരഞ്ഞെടുത്തത്. ലളിതവും മനോഹരവുമായ നിക്കാഹ് ചടങ്ങ് നടന്നെന്നും അനുഗ്രഹിച്ചവർക്കും പിന്തുണച്ചവർക്കും നന്ദിയെന്ന കുറിപ്പോടെയാണ് ആദിൽ ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായെത്തുന്നത്.
2022ലാണ് ആദിലും രാഖിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് രാഖി തന്നെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ മാസങ്ങൾക്ക് ശേഷം ഇരുവരുടെയും ബന്ധം വഷളായിരുന്നു. വിവാഹമോചനത്തിന് പിന്നാലെ രാഖി ആദിലിനെതിരേ ഗാര്‍ഹിക പീഡനം, പരസ്ത്രീ ബന്ധം, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം തുടങ്ങിയവ ആരോപിച്ച് പോലീസില്‍ പരാതി നല്‍കി. ഇതോടെ ഫെബ്രുവരി 2023ന് മുംബൈ പൊലീസ് ആദിലിനെ അറസ്റ്റ് ചെയ്തിരുന്നു.
പിന്നാലെ രാഖിയെ വിശ്വസിച്ചതാണ് എന്റെ ഏറ്റവും വലിയ തെറ്റെന്നും വിവാഹത്തിന് ശേഷംവും രാഖി മുൻ ഭർത്താവുമായി ബന്ധം വച്ചുപുലർത്തിയെന്നും അത് കണ്ടെത്തിയത് കൊണ്ടാണ് വിവാഹമോചനത്തെ പറ്റി ചിന്തിച്ചതെന്നും ആദിൽ പറഞ്ഞിരുന്നു. ഫെബ്രുവരിയില്‍ തന്റെ വസ്ത്രങ്ങളും മറ്റും എടുക്കാനായി രാഖിയുടെ വീട്ടില്‍ പോയി അന്ന് അവര്‍ കാലില്‍ വീണ് കരയാനും മാപ്പ് പറയാനും തുടങ്ങി. ആ സമയത്താണ് പോലീസ് വീട്ടില്‍ വന്നത്. അവരോട് താന്‍ ഉപദ്രവിക്കുകയാണെന്ന് പറഞ്ഞു. തനിക്കെതിരേ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു. പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തു എന്നും ആദിൽ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ രാഖി വീണ്ടും ആദിലിനെതിരെ രംഗത്തെത്തിയിരുന്നു. തന്റെ നഗ്ന വിഡിയോ ആദിൽ 47 ലക്ഷം രൂപയ്ക്ക് വിറ്റെന്നും ശുചിമുറിയിൽ വച്ചും അല്ലാതെയും നിരവധി നഗ്ന വിഡിയോകൾ ആദിൽ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും, ഇയാളുടെ ഭാര്യ ആയതിനാൽ താൻ പ്രതികരിക്കാതെ ഇരിക്കുകയായിരുന്നുവെന്നും രാഖി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. നഗ്ന വിഡിയോകൾ വൈറലായാൽ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ലെന്നും രാഖി പറഞ്ഞിരുന്നു.