ജീവനക്കാർക്ക് വമ്പൻ വിരുന്നൊരുക്കി അംബാനി; 25,000ത്തിലേറെ അതിഥികൾ, മാറ്റുകൂട്ടി ഷാറുഖും സൽമാനും
Mail This Article
അംബാനി കുടുംബത്തിലെ വിവാഹ ആഘോഷങ്ങൾ അവസാനിക്കുന്നില്ല. ജാംനഗറിൽ മൂന്നു ദിവസം നീണ്ടു നിന്ന അനന്ത് രാധിക അത്യാഡംബര പ്രീ വെഡ്ഡിങ് ആഘോഷത്തിന് പിന്നാലെ റിലയൻസ് ഗ്രൂപ്പിലെ ജീവനക്കാർക്കായും ആഘോഷൊരുക്കിയിരിക്കുകയാണ് അംബാനി കുടുംബം. റിലയൻസ് ഗ്രൂപ്പിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമടക്കം 2500ലേറെ പേരാണ് ജാംനഗറിലെ ആഘോഷത്തിനെത്തിയത്.
അനന്തിനും രാധികയ്ക്കും വിവാഹമംഗളാശംസകൾ നേർന്ന് നിരവധി പ്രമുഖരും ആഘോഷത്തിൽ പങ്കുചേർന്നു. ഷാറുഖ് ഖാൻ, സൽമാൻ ഖാൻ റൺവീർ സിങ് എന്നിവരും ആഘോഷത്തിനെത്തി. ഇവരുടെ നൃത്ത പ്രകടനം അതിഥികൾക്ക് ആവേശമായി. അർജിത്ത് സിങ്ങിന്റെ സംഗീത നിശയും ചടങ്ങിന് മാറ്റുകൂട്ടി.
ചടങ്ങിൽ നിത അംബാനി രാധികയെ അംബാനി കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു. അംബാനി കുടുംബത്തിന് ഏറെ പ്രിയപ്പെട്ട ജാംനഗറിനെ പറ്റി അനന്തും രാധികയും വാചാലരായി. ‘ഞാൻ സ്വർഗം കണ്ടിട്ടില്ല. നിങ്ങളും സ്വർഗം കണ്ടിട്ടില്ല. പക്ഷേ, എനിക്ക് ഇതാണ് സ്വർഗം. ഇവിടം സ്വർഗമാക്കിയത് നിങ്ങളാണ്’. അനന്ത് അംബാനി പറഞ്ഞു. അനന്തിന്റെ വാക്കുകളെ ഇരുകയ്യും നീട്ടിയാണ് അതിഥികൾ സ്വീകരിച്ചത്.
പരമ്പരാഗത വസ്ത്രത്തിലാണ് അംബാനി കുടുംബം ചടങ്ങിനെത്തിയത്. സ്വദേശ് കരകൗശല വിദഗ്ധർ രൂപകൽപന ചെയ്ത കാഞ്ചീപുരം കൈത്തറി സാരിയാണ് നിതാ അംബാനി ധരിച്ചത്. മകന്റെ പ്രത്യേകമായി തയാറാക്കിയ സാരിയിൽ അനന്തിന്റെയും രാധികയുടെയും പേരുകളുടെ ആദ്യ ആക്ഷരങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. 102 കാഞ്ചീപുരം പട്ട് സാരി പാറ്റേണുകളുടെ സംയോജനമാണ് ഈ വസ്ത്രം. അതായത് ലോകത്തിൽ ഇത്തരത്തിൽ കണ്ടേക്കാവുന്ന ഒന്നേ ഒന്ന്. സാരിയിലെ ഓരോ സൂക്ഷ്മ ഘടകങ്ങളും ക്ഷേത്രങ്ങളുടെയും ശില്പങ്ങളുടെയും മനോഹാരിതയ്ക്കുള്ള ആദരം കൂടിയാണ്.
പിങ്ക് നിറത്തിലുള്ള ലഹങ്കയാണ് രാധിക സ്റ്റൈൽ ചെയ്തത്. ഇതിന് മാച്ച് ചെയ്ത് ഓറഞ്ച് ബ്ലൗസാണ് ധരിച്ചത്. നിറയെ ഹെവി വർക്കുകൾ വസ്ത്രത്തിൽ നൽകിയിട്ടുണ്ട്. ഹെവി ഡിസൈനോടു കൂടിയ ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തത്. പിങ്ക് നിറത്തിലുള്ള സാരിയിലാണ് ഇഷയും ശ്ലോകയും എത്തിയത്.
മാർച്ച് 1 മുതൽ 3 വരെയാണ് ജാംനഗറില്‍ അനന്ത് രാധിക പ്രീവെഡ്ഡിങ് ആഘോഷങ്ങൾ നടന്നത്. മൂന്നു ദിവസം നീണ്ടു നിന്ന ആഘോഷത്തിൽ മാർക്ക് സക്കർബർഗ്, ബിൽഗേറ്റ്സ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. പിന്നാലെയാണ് മാർച്ച് 6ന് ജീവനക്കാർക്കായി അംബാനി കുടുംബം മറ്റൊരു ആഘോഷം സംഘടിപ്പിച്ചത്. ജൂലൈയിൽ മുംബൈയിൽ വച്ചാണ് വിവാഹം.