‘അയ്യങ്കാറു വീട്ടു അഴകായ്’ കീർത്തി; ദേവലോക സുന്ദരിമാരായി ശോഭിതയും താരിണിയും: നോക്കിനിൽക്കും ബ്രൈഡൽ ലുക്കുകൾ
Mail This Article
ബോളിവുഡിലും തെന്നിന്ത്യയിലുമായി നിരവധി താരങ്ങൾ പ്രണയസാഫല്യം നേടിയ വർഷമായിരുന്നു 2024. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെതാണ് കീർത്തി സുരേഷിന്റെയും ആന്റണിയുടെയും വിവാഹം. അദിതി റാവു മുതൽ കീർത്തി സുരേഷ് വരെയുള്ള താരസുന്ദരിമാർ വിവാഹവേളയിൽ ഓരോ ചടങ്ങിനുമായി തിരഞ്ഞെടുത്ത വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഏറെ ശ്രദ്ധ നേടി. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായ ഈ വർഷത്തെ ചില ബ്രൈഡൽ സ്റ്റൈലുകൾ നോക്കാം.
ലളിതം അദിതിയുടെ ലുക്ക്
തന്റെ സ്റ്റൈലിങ്ങിലൂടെ എപ്പോഴും ആരാധകരുടെ ശ്രദ്ധ നേടിയ അദിതി റാവു തെലങ്കാനയിലെ ക്ഷേത്രത്തിൽ വച്ചാണ് നടൻ സിദ്ധാർഥിന്റെ വധുവായത്. തികച്ചും ലളിതമായ ബ്രൈഡൽ ലുക്കായിരുന്നു താരത്തിന്റേത്. സബ്യസാചി ഹെറിറ്റേജ് ടെക്സ്റ്റൈൽ കളക്ഷനിൽ നിന്നുള്ള വസ്ത്രമാണ് അദിതി തിരഞ്ഞെടുത്തത്. കൈകൊണ്ട് നെയ്തെടുത്ത മഹേശ്വരി ടിഷ്യു ലെഹങ്കയും ബനാറസി ടിഷ്യു ദുപ്പട്ടയുമായിരുന്നു വേഷം. ഒറ്റ നെക്ക് പീസും വളകളും ജിമിക്കിയുമായിരുന്നു ആഭരണങ്ങൾ. ഇവയും സബ്യസാചി ഹെറിറ്റേജ് ജ്വല്ലറിയിൽ നിന്നുമാണ് താരം തിരഞ്ഞെടുത്തത്. ഇതിനുപുറമേ താരത്തിന്റെ മറ്റൊരു ബ്രൈഡൽ ലുക്ക് കൂടി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. രാജസ്ഥാനിൽവച്ചു നടന്ന മറ്റൊരു ചടങ്ങിൽ ചുവപ്പുനിറത്തിലുള്ള ഫുൾ സ്ലീവ് ലെഹങ്കയാണ് താരം അണിഞ്ഞത്. സബ്യസാചിയിൽ നിന്നു തന്നെയാണ് ഈ വസ്ത്രവും തിരഞ്ഞെടുത്തത്. സ്വർണവും മരതകവും ഇടകലർന്ന ആക്സസറികളായിരുന്നു ഈ ലുക്കിന്റെ ഹൈലൈറ്റ്.
സ്വർഗീയ വധുവായി ശോഭിത
ശോഭിത ധൂലിപാലയുടെ നാഗചൈതന്യയുടെയും വിവാഹമായിരുന്നു ചലച്ചിത്ര ലോകത്തെ മറ്റൊരു ആഘോഷവേള. ശോഭിതയുടെ ബ്രൈഡൽ ലുക്ക് ഫാഷൻ പ്രേമികളുടെ മനം കവർന്നു. പരമ്പരാഗത രീതിയിൽ നടന്ന വിവാഹ ചടങ്ങിന് ചേർന്നു പോകുന്ന രൂപത്തിൽ പരമ്പരാഗത വധുവായി തന്നെയാണ് ശോഭിത അണിഞ്ഞൊരുങ്ങിയത്. പ്രധാന വിവാഹ ചടങ്ങിന് സ്വർണ നിറത്തിലുള്ള കാഞ്ചീവരം സാരിയാണ് ശോഭിത അണിഞ്ഞത്. പൊന്നിയിൻ ശെൽവൻ എന്ന ചിത്രത്തിൽ തൃഷയും ഐശ്വര്യ റായിയും ധരിച്ച അതേ മോഡൽ ആഭരണങ്ങളാണ് ശോഭിത തിരഞ്ഞെടുത്തത്. പ്രത്യേകമായി ഈ ആഭരണങ്ങളെല്ലാം ഡിസൈൻ ചെയ്യിപ്പിച്ചെടുക്കുകയായിരുന്നു. ഇതിനുപുറമെ മറ്റൊരു ബ്രൈഡൽ ലുക്ക് കൂടി താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. വെള്ള നിറത്തിൽ ചുവന്ന ബോർഡറോടു കൂടിയ സാരി അണിഞ്ഞ ശോഭിതയെ ഈ ചിത്രങ്ങളിൽ കാണാം.
ഗോൾഡൻ എംബ്രോയിഡറിയിൽ തിളങ്ങി താരിണി
കാളിദാസമായുള്ള വിവാഹ ദിനത്തിൽ എംബ്രോയിഡറി ചെയ്ത മനോഹരമായ ഡ്യുവൽ ടോൺ സാരി അണിഞ്ഞാണ് താരിണി മനം കവർന്നത്. ചുവപ്പ് - ഓറഞ്ച് നിറങ്ങൾ പ്രതിഫലിക്കുന്ന സാരിയിൽ സ്വർണ നിറത്തിൽ എംബ്രോയിഡറി ചെയ്ത ബോർഡറാണ് ഉണ്ടായിരുന്നത്. ബ്ലൗസിൽ അധിക എംബ്രോയിഡറി നൽകിയത് ബ്രൈഡൽ ലുക്ക് കൂടുതൽ മനോഹരമാക്കി. ചോക്കർ നെക്ലൈസ്, നെറ്റിച്ചുട്ടി, ജിമിക്കി എന്നിവയായിരുന്നു ആഭരണങ്ങൾ. പരമ്പരാഗത ശൈലിയിലുള്ള വിവാഹത്തിന് ചേർന്നു പോകുന്ന രീതിയിലാണ് താരിണി നവവധുവായി അണിഞ്ഞൊരുങ്ങിയത്. മേക്കപ്പിലും മിനിമലിസ്റ്റിക് ശൈലി പുലർത്തി.
ഭരതനാട്യം സ്റ്റൈലിൽ കീർത്തി
ഗോവയിൽ വച്ച് തികച്ചും സ്വകാര്യമായി നടന്ന വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ പുറത്തുവന്നത് മുതൽ കീർത്തി സുരേഷിന്റെ ബ്രൈഡൽ ലുക്ക് ട്രെൻഡിങ്ങാണ്. പരമ്പരാഗത തമിഴ് ശൈലിയിൽ നടന്ന വിവാഹത്തിന് പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ തന്നെയായിരുന്നു താരം തിരഞ്ഞെടുത്തത്. മഞ്ഞനിറത്തിൽ പച്ച ബോർഡറോടുകൂടിയ കാഞ്ചീപുരം സാരി മഡിസർ ശൈലിയിലാണ് കീർത്തി അണിഞ്ഞത്. ഭരതനാട്യം ശൈലിയിലുള്ള ആഭരണങ്ങളായിരുന്നു മറ്റൊരു ആകർഷണം. നെറ്റിച്ചുട്ടി, ഒഡ്യാണം, ജിമിക്കി , നെക്‌ലസ് എന്നീ പരമ്പരാഗത ആഭരണങ്ങൾക്കൊപ്പം അതേ ശൈലിയിലുള്ള ഹെയർ ആക്സസറികളും ധരിച്ചിരുന്നു. കണ്ണുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന തരത്തിലായിരുന്നു താരത്തിന്റെ ബ്രൈഡൽ മേക്കപ്പ്.വിവാഹത്തിന്റെ മറ്റൊരു ചടങ്ങിൽ ഡീപ് റെഡ് നിറമുള്ള സാരി അണിഞ്ഞ ചിത്രങ്ങളും കീർത്തി പങ്കുവച്ചിട്ടുണ്ട്.