ADVERTISEMENT

കഴിഞ്ഞ പതിറ്റാണ്ടില്‍ പ്രചാരംനേടിയ പെരുമാറ്റരീതികളില്‍ പ്രധാനപ്പെട്ടതായിരുന്നു സെല്‍ഫി എടുക്കല്‍. പിന്നീട് 'കൂട്ടസെല്‍ഫി'യും പലര്‍ക്കും ആകര്‍ഷകമായി തോന്നി. കൊറോണ വൈറസ് മനുഷ്യരുടെ പല ശീലങ്ങളെയും തൂത്തെറിഞ്ഞ കൂട്ടത്തില്‍ ഇഷ്ടമുള്ള എല്ലാവരെയും കൂട്ടി നിർത്തിയുള്ള സെല്‍ഫി എന്ന ആശയവും ഇല്ലാതായിരിക്കുകയാണ്. സാമൂഹിക അകലംപാലിക്കല്‍ നിലവിലിരിക്കുമ്പോള്‍ മറ്റുവീടുകളില്‍ താമസിക്കുന്നവരോട് ചേര്‍ന്നു നിന്ന് കൂട്ടസെല്‍ഫിക്കു പോസ് ചെയ്യുന്നത് സമൂഹദ്രോഹമാണെന്ന് ഉത്തരവാദിത്വപ്പെട്ട ഓരോ പൗരനും അറിയാം. ഐഫോണുകളുടെ നിര്‍മാതാവയ ആപ്പിളും ഇതേക്കുറിച്ചു ചിന്തിച്ചിരിക്കുന്നു. ആപ്പിളിന് അടുത്തിടെ ലഭിച്ച പേറ്റന്റുകളിലൊന്ന് കൃത്രിമസംയുക്ത (synthetic) സെല്‍ഫിക്കുളളതാണ് എന്ന് 'പേറ്റന്റ്‌ലി ആപ്പിള്‍' എന്ന മാധ്യമം റിപ്പോര്‍ട്ടുചെയ്യുന്നു.

 

സിന്തെറ്റിക് ഗ്രൂപ് സെല്‍ഫീസ് സോഫ്റ്റ്‌വെയറിലൂടെയായിരിക്കും സൃഷ്ടിക്കുക. സമൂഹമാധ്യമങ്ങളിലും മറ്റും ഇനി ഇത്തരം ഗ്രൂപ്പ് സെല്‍ഫികാളായിരിക്കും പോസ്റ്റ് ചെയ്യപ്പെടുക. ഈ ഫീച്ചര്‍ ഐഫോണിലാണോ, ഐപാഡിലാണോ അതോ ഇരു ഉപകരണങ്ങളിലും ലഭ്യമാക്കുമോ എന്ന കാര്യമൊന്നും ഇപ്പോള്‍ പറയാനാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, സിന്തറ്റിക് സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്നയാള്‍ക്ക് തന്റെ കൂട്ടുകാരെ അതിനായി ക്ഷണിക്കാം. തുടര്‍ന്ന് അവര എങ്ങനെ, എവിടെയൊക്കെ നിർത്തണമെന്ന കാര്യം സോഫ്റ്റ്‌വെയര്‍ പറഞ്ഞുതരുമെന്നു മാത്രമല്ല അവ സംയോജിപ്പിച്ച് ഒറ്റച്ചിത്രമാക്കുകയും ചെയ്യും. 

 

പുതിയതരം ഗ്രൂപ് സെല്‍ഫി, സ്റ്റില്‍ ചിത്രങ്ങളില്‍ നിന്നും, നേരത്തെ എടുത്ത വിഡിയോയില്‍ നിന്നും, ലൈവ് സ്ട്രീമിങ് വിഡിയോയില്‍ നിന്നും ഉണ്ടാക്കാമെന്നും പറയുന്നു. ഇത്തരം ചിത്രങ്ങള്‍ എടുക്കുന്നവര്‍ക്ക് അവ വ്യത്യസ്ത ചിത്രങ്ങളായോ ഒറ്റ ചിത്രമായോ സൂക്ഷിക്കാം. ഈ ചിത്രമെടുക്കുന്നയാള്‍ക്കോ, അത് അയച്ചു കിട്ടുന്നയാള്‍ക്കൊ ഈ സെല്‍ഫിയില്‍ മാറ്റംവരുത്താം. ഉദാഹരണത്തിന് ഓരോരുത്തരും എവിടെ നില്‍ക്കുന്നുവെന്നത് ക്രമീകരിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒന്നിലേറെ കംപ്യൂട്ടിങ് ഉപകരണങ്ങളില്‍ എടുക്കുന്ന ചിത്രങ്ങളെ സംയോജിപ്പിച്ചാകാം പുതിയ ഗ്രൂപ് ഫോട്ടോ എടുക്കുന്നത്. ഇപ്പോള്‍ സാധ്യമായ ഗ്രൂപ് ഫെയ്‌സ്‌ടൈം എന്ന ആശയത്തിന്റെ വിപുലപ്പെടുത്തിയ രീതിയുമായിരിക്കാമിതെന്നും പറയുന്നു.

 

iphone-selfie

ഈ ആശയം മഹാമാരി സമൂഹമായുള്ള ഒത്തുചേരലുകള്‍ ഇല്ലാതാക്കിയിരിക്കുന്ന ഇക്കാലത്തിന് വളരെ ഉചിതമാണെന്നു തോന്നാമെങ്കിലും ഇത് ആപ്പിള്‍ കൊറോണാവൈറസ് വന്ന ശേഷം ചിന്തിച്ചുണ്ടാക്കിയതല്ല എന്നതാണ് മറ്റൊരു രസകരമായ കാര്യം. ഈ ആശയത്തിനുള്ള പേറ്റന്റിനായുള്ള അപേക്ഷ ആപ്പിള്‍ 2018ലാണ് നല്‍കിയിരുന്നത്. അത് അനുവദിച്ചുകിട്ടിയതാകട്ടെ 2020, ജൂണ്‍ 2നും. എല്ലാ പേറ്റന്റുകളേയും പോലെ ഇക്കാര്യത്തിലും ചില കാര്യങ്ങള്‍ ബാധകമാണ്. പേറ്റന്റ് ലഭിച്ചു എന്നതുകൊണ്ട് ഇത് ഉടനെ ലഭ്യമാകുമെന്നു കരുതേണ്ട. ആപ്പിള്‍ ഇത് എന്ന് അവതരിപ്പിക്കുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല. മറ്റെന്തെങ്കിലും പ്രശ്‌നം കണ്ടെത്തിയാല്‍ ഇതു വേണ്ടെന്നുവയ്ക്കാനും സാധ്യതയുണ്ട്. എന്നാല്‍, ഇതൊര സോഫ്റ്റ്‌വെയര്‍ ഫീച്ചറായതിനാല്‍, അത് കഴിഞ്ഞ ഏതാനും തലമുറയിലുള്ള ഐഫോണും മറ്റും ഉപയോഗിക്കുന്നവര്‍ക്കും നല്‍കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഇനി ഇത് തങ്ങള്‍ക്ക് വേണ്ട പൂര്‍ണ്ണത കൈവരിക്കാനാകാതെ ആപ്പള്‍ വേണ്ടെന്നുവച്ചാലും കമ്പനിയുടെ അനുകര്‍ത്താക്കള്‍ ഇതു സാധ്യാക്കുമെന്നും കരുതാം.

 

തവണ വ്യവസ്ഥയില്‍ ഐഫോണുകള്‍ സ്വന്തമാക്കാന്‍ ആപ്പിള്‍ അനുവദിച്ചേക്കും

 

ആപ്പിളിന്റെ പണമടയ്ക്കല്‍ സംവിധാനമായ 'ആപ്പിള്‍ കാര്‍ഡ്' എന്ന ക്രെഡിറ്റ് കാര്‍ഡിലൂടെ തവണ വ്യവസ്ഥയില്‍ മാസാമാസം പണമടച്ച് പുതിയ ഐഫോണുകളും ഐപാഡുകളും മാക്ബുക്‌സും എയര്‍പോഡ്‌സും അടക്കമുള്ള ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ അവസരം നല്‍കിയേക്കും. ഇക്കാര്യം അടുത്ത ആഴ്ചകളില്‍ തന്നെ അറിയിപ്പുണ്ടാകും. ആപ്പിളില്‍ നിന്ന് നേരിട്ടായരിക്കും പ്രൊഡക്ടുകള്‍ ലഭ്യമാക്കുക എന്നതിനാല്‍ ഇത് ഇന്ത്യയില്‍ ഉടനടി എത്തുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. അടുത്ത വര്‍ഷങ്ങളില്‍ അതിവിപുലമായ ആപ്പിള്‍ സ്റ്റോറുകള്‍ ഇന്ത്യയിലും പണിയുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. തിരച്ചടവിന് പലിശ ഉണ്ടായരിക്കില്ലെന്നും അറിയുന്നു.

 

തുക മുന്‍കൂറായി നല്‍കേണ്ട പകരം 12-മാസങ്ങളെടുത്ത് നല്‍കിയാല്‍ മതിയാകും. വാലറ്റ് ആപ്പിലെ ആപ്പിള്‍ കാര്‍ഡ് സെക്ഷനായിരിക്കും ഇതിനായി ഉപകരിക്കുക. ഇത്തരത്തിലൊരു സംവിധാനം, 24 മാസ വ്യവസ്ഥയില്‍ ഐഫോണ്‍ മാത്രം വാങ്ങാനായി ആപ്പിള്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചിരുന്നു. തവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ മറ്റു കമ്പനികള്‍ അനുവര്‍ത്തിക്കുന്ന രീതി തന്നെയാണ് ഇതും. ആപ്പിള്‍ കാര്‍ഡിലേക്ക് കൂടുതല്‍ പേരെ ചേര്‍ക്കാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ടെന്നും പറയുന്നു.

English Summary: Apple gets a patent for taking group selfies while you're socially distant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com