ADVERTISEMENT

ഒരു കാലത്ത് ഐഫോണ്‍ പ്രേമികള്‍ പുതിയ മോഡലുകള്‍ക്കായി കാത്തിരുന്നത് അവയുടെ ക്യാമറാ പ്രകടനം എത്ര മെച്ചപ്പെട്ടിരിക്കുന്നു എന്നറിയാന്‍ കൂടിയായിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ ഐഫോണ്‍ ക്യാമറകള്‍ മറ്റു കമ്പനികളുമായി തട്ടിച്ചുനോക്കുമ്പോള്‍ പിന്നിലായി കഴിഞ്ഞതായി വ്യക്തമാണല്ലോ. ഇത് ഡിഎക്‌സ്ഒ റെയ്റ്റിങ്ങിലും മറ്റും വ്യക്തമായി കാണാം. ക്യാമറാ ഫോണുകളുടെ ശക്തി വര്‍ധന വഴിമുട്ടിക്കഴിഞ്ഞു എന്ന വാദങ്ങളും ഉയരുന്ന സമയത്താണ് ആപ്പിള്‍ തങ്ങളുടെ പുതിയ മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഐഫോണ്‍ മോഡലുകള്‍ സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രാഫിയെ മുന്നോട്ടു നയിക്കുമോ? ക്യാമറകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് ഐഫോണ്‍ 12 പ്രോ മോഡലുകള്‍ ഇറക്കിയിരിക്കുന്നത്. ഇവയില്‍ തന്നെ, പ്രോ മാക്‌സ് ഐഫോണുകളെ സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രാഫിയില്‍ മുന്നിലെത്തിച്ചേക്കുമെന്നു കരുതുന്നു.

 

iphone-12-camera-2

ഐഫോണ്‍ പ്രോ മാക്‌സിലാണ് ആപ്പിള്‍ തങ്ങളുടെ മുഴുവന്‍ ക്യാമറാ നിര്‍മാണ ശേഷിയും പ്രകടിപ്പിച്ചിരിക്കുന്നത്. വിഡിയോഗ്രാഫിയിലും ഫൊട്ടോഗ്രാഫിയിലും ഇത് പുതിയ ചില തുടക്കങ്ങള്‍ കുറിച്ചേക്കുമെന്നു കരുതുന്നു. ഒരു സ്മാര്‍ട് ഫോണിനും സാധ്യമല്ലാത്ത തരത്തിലുള്ള ഗുണനിലവാരമുള്ളതാണ് തങ്ങളുടെ ക്യാമറകളെന്നാണ് ആപ്പിളിന്റെ അവകാശവാദം. ഡോള്‍ബിവിഷന്‍ എച്ഡിആര്‍ വിഡിയോ റെക്കോഡിങ് ആണ് ഇതിന്റെ അത്യാകര്‍ഷകമായ ഫീച്ചറുകളിലൊന്ന്. പുതിയ ഏഴ് എലമെന്റുകള്‍ ഉള്‍ക്കൊള്ളിച്ചു നിര്‍മിച്ച വൈഡ് ആങ്ഗിള്‍ ലെന്‍സാണ് ഇതിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. എഫ്/1.6 ആണ് അപേര്‍ചര്‍. ഇത് വെളിച്ചക്കുറവില്‍ വിഡിയോയും ഫോട്ടോയും പകര്‍ത്തുന്നതിന് വളരെ സഹായകമാകും.

 

∙ ലിഡാര്‍: അങ്കോം കാണാം താളീം ഒടിക്കാം

 

പ്രോ, പ്രോ മാക്‌സ് മോഡലുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ലിഡാര്‍ (LiDAR) സാങ്കേതികവിദ്യയുടെ കരുത്ത് ഓട്ടോഫോക്കസിന്റെയടക്കം പ്രവര്‍ത്തനത്തില്‍ പ്രകടമായിരിക്കും. ഒരേസമയം ഫൊട്ടോഗ്രാഫിക്കും ഓഗ്‌മെന്റഡ് റിയാലിറ്റിക്കും കരുത്തു പകരുന്ന ഒന്നാണിത്. എന്താണ് ലിഡാര്‍? തങ്ങളുടെ ഐപാഡ് പ്രോ മോഡലുകളിലാണ് ഈ സാങ്കേതികവിദ്യ കമ്പനി ആദ്യമായി അവതരിപ്പിച്ചത്. റാഡാര്‍ സാങ്കേതികവിദ്യയ്ക്കു സമാനമാണ് ഇത്. ലൈറ്റ് ഡിറ്റെക്ഷന്‍ ആന്‍ഡ് റെയ്ഞ്ചിങ് എന്നാണ് ലിഡാറിന്റെ ഫുള്‍ഫോം. ഈ സാങ്കേതികവിദ്യ ഒരു ലെയ്‌സര്‍ പള്‍സ് അതിന്റെ ട്രാന്‍സ്മിറ്ററിലൂടെ പുറപ്പെടുവിക്കുന്നു. തുടര്‍ന്ന് പ്രോട്ടോണുകള്‍ അല്ലെങ്കില്‍ ലൈറ്റ് കണികകള്‍ അതിന്റെ റിസീവറില്‍ ലഭിക്കുന്നു. ഇതിന്റെ പ്രധാന ഉപയോഗം ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ കാര്യത്തിലാണ്. കൂടുതല്‍ നിമഗ്നമായ ഓഗ്‌മെന്റഡ് റിയാലിറ്റി അനുഭവം നല്‍കാന്‍ പ്രോ മോഡലുകള്‍ക്ക് ‌സാധിക്കും. മെച്ചപ്പെട്ട എആര്‍ അനുഭവം കൂടാതെയാണ് വെളിച്ചക്കുറവിലെ ഓട്ടോഫോക്കസ് പ്രകടനം. ഇത്തരം സാഹചര്യങ്ങളില്‍ ലിഡാര്‍ ഇല്ലാത്ത മോഡലുകളെ അപേക്ഷിച്ച് ആറുമടങ്ങു ഭേദപ്പെട്ട പ്രകടനം വരെ പ്രതീക്ഷിക്കാമെന്നാണ് ആപ്പിള്‍ പറയുന്നത്. ലിഡാര്‍ ഒരു അതിനൂതനമായ ഹാര്‍ഡ്‌വെയര്‍ ഫീച്ചറാണ്. ഇതും ആപ്പിളിന്റ കരുത്തന്‍ എ14 ബയോണിക് പ്രോസസറും സംയുക്തമായി പ്രവര്‍ത്തിക്കുമ്പോള്‍ ക്യാമറയുടെ നൈറ്റ് മോഡ്, നൈറ്റ്‌മോഡ് പോര്‍ട്രെയ്റ്റ് ഫൊട്ടോഗ്രാഫി, തുടങ്ങിയവയൊക്കെ മുന്‍ മോഡലുകളേക്കാള്‍ മികച്ച അനുഭവം പകരും. ലോ ലൈറ്റ് ബോ-കെ എഫക്ടും മികച്ചതായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

iphone-12-camera

 

ലിഡാറിന്റെ മകിവില്‍ പ്രകാശക്കുറവുള്ള സ്ഥലത്തും അതിവേഗ ഓട്ടോഫോക്കസും ഷട്ടര്‍ ക്രമീകരണവും സാധ്യമാക്കുമത്രെ. ഇത് ഇത്തരം സാഹചര്യങ്ങളില്‍ പകര്‍ത്തുന്ന വിഡിയോയിലും, ഫോട്ടോയിലും പ്രകടമായിരിക്കും. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വ്യത്യാസം ഇവയുടെ പ്രകടനത്തില്‍ ഉണ്ടാവില്ലെന്നും കമ്പനി അറിയിക്കുന്നു. എന്നാല്‍, ഇവ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത് 5 മീറ്ററിനുള്ളിലായിരിക്കും. ഇവ ഫോട്ടോണുകളുടെ തലത്തില്‍ നാനോ സെക്കന്‍ഡ് സപീഡുകളില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ആപ്പിള്‍ അറിയിക്കുന്നു. ഇത്തരത്തില്‍ ക്യാമറകളും, മോഷന്‍ സെന്‍സറുകളും ശേഖരിക്കുന്ന കൂടുതല്‍ കൃത്യതയുള്ള ഡേറ്റ സുവിശദമായ ഓഗ്‌മെന്റഡ് റിയാലിറ്റി അനുഭവത്തിനും ഗുണകരമായിരിക്കും. ഇതിലൂടെ ഡെവലപ്പര്‍മാര്‍ക്ക് കൂടുതല്‍ മികച്ച ഓഗ്‌മെന്റഡ് റിയാലിറ്റി ആപ്പുകള്‍ സൃഷ്ടിക്കാനുമാകും. ഉദാഹരണത്തിന് ആപ്പിളിന്റെ സ്വന്തം എആര്‍ ആപ്പായ മെഷര്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കും. അതുപോലെ ഓഗ്‌മെന്റഡ് റിയാലിറ്റി ഗെയിമുകളുടെ പ്രകടനവും കൂടുതല്‍ പ്രശ്‌നരഹിതമാക്കും. ഇകൊമേഴ്‌സ് സൈറ്റുകള്‍ക്ക് ഫര്‍ണിച്ചറും മറ്റും തങ്ങളുടെ മുറിക്കുള്ളില്‍ വെര്‍ച്വലായി ഇട്ടു നോക്കാന്‍ ഉപയോക്താക്കളെ അനുവദിക്കാനുള്ള സാധ്യതയടക്കം കൊണ്ടുവരാനായേക്കും. ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്കും ഇത് ഉപയോഗിക്കാന്‍ സാധിച്ചേക്കും.

 

∙ ക്യാമറാ സെന്‍സറുകള്‍

iphone-12-features

 

ഐഫോണ്‍ 12 പ്രോ മോഡലില്‍ മൂന്നു പിന്‍ ക്യാമറകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോന്നും 12 എംപി സെന്‍സറുകളാണ്. ഇവ, അഞ്ച് ലെന്‍സ് എലമെന്റുകളുള്ള 13എംഎം അള്‍ട്രാ വൈഡ്, 26എംഎം പ്രധാന ക്യാമറ (ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ എഴ് എലമെന്റുകളുള്ള ലെന്‍സ്), ആറ് എലമെന്റുകളുള്ള ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ഉള്ള 52എംഎം ടെലി ലെന്‍സ് എന്നിവയാണ്.

 

∙ പ്രോ മാക്‌സ്

 

സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രാഫി ഇതുവരെ സൃഷ്ടിച്ച അതിരുകള്‍ ലംഘിക്കുമെന്നു കരുതുന്നത് ഈ മോഡലാണ്. ഇതിന്റെ വൈഡ് ആങ്ഗിള്‍ ലെന്‍സിന്, മുന്‍ മോഡലുകളെക്കാള്‍ 47 ശതമാനം വലുപ്പമുള്ള സെന്‍സറാണ് നല്‍കിയിരിക്കുന്നത്. പ്രകാശക്കുറവുള്ള സ്ഥലങ്ങളിലെ പ്രകടനം 87 ശതമാനം വര്‍ധന കാണിക്കുമെന്നാണ് ആപ്പിളിന്റെ അവകാശവാദം. പിക്‌സലുകള്‍ക്ക് വലുപ്പക്കൂടുതലുണ്ട്- 1.7യുഎം. ടെലി ലെന്‍സിനും മാറ്റമുണ്ട്. 12 പ്രോ മാക്‌സ് മോഡലിന് 2.5X സൂം ലഭിക്കുന്നു. (ഫുള്‍ ഫ്രെയിം ക്യാമറകളുമായി തട്ടിച്ചു സംസാരിച്ചാല്‍ അവയ്ക്ക് 65എംഎം ലെന്‍സ് ലഭിക്കുന്നു എന്നു പറയാം.)

 

എച്ഡിആര്‍ വിഡിയോ റെക്കോഡിങ് ആണ് ഉയര്‍ത്തിക്കാട്ടുന്ന പ്രധാന ഫീച്ചറുകളിലൊന്ന്. ഡോള്‍ബി വിഷന്‍ എച്ഡിആര്‍ വിഡിയോ റെക്കോഡു ചെയ്ത ശേഷം ഫോട്ടോസ് ആപ്പില്‍ തന്നെ അത് എഡിറ്റും ചെയ്യാം.

 

ഈ വര്‍ഷം തന്നെ ആപ്പിള്‍ പ്രോറോ വിഡിയോ റെക്കോഡു ചെയ്യാനുള്ള കഴിവും സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെ നല്‍കും. തങ്ങളുടെ ഡീപ് ഫ്യൂഷന്‍, സ്മാര്‍ട് എച്ഡിആര്‍ ടെക്‌നോളജികളുടെ മികവ് റോ ഫോര്‍മാറ്റില്‍ നല്‍കുക വഴി എഡിറ്റിങ് സമയത്ത് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നും കമ്പനി പറയുന്നു. ഫോണുകളിലുള്ള എല്ലാ ക്യാമറകള്‍ ഉപയോഗിച്ചും പ്രോറോ വിഡിയോ റെക്കോഡു ചെയ്യാനാകും. തേഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് പുതിയ ഫോര്‍മാറ്റ് ഉപയോഗിക്കാനായി അതിന്റെ എപിഐ നല്‍കും.

 

ചുരുക്കി പറഞ്ഞാല്‍, ഐഫോണ്‍ 12 പ്രോ മാക്‌സിന് ഫൊട്ടോഗ്രാഫിയിലും വിഡിയോഗ്രാഫിയിലും മറ്റു മോഡലുകളെ അപേക്ഷിച്ച് വ്യക്തമായ ലീഡ് ആപ്പിള്‍ നല്‍കുന്നു. അതിന്റെ മേന്മ വെളിച്ചക്കുറവുള്ള ഇടങ്ങളിലടക്കം സ്പഷ്ടമായിരിക്കും. ലിഡാര്‍ സാങ്കേതികവിദ്യയും, മൂന്നു ക്യാമറകളുടെ സാന്നിധ്യവും രണ്ടു പ്രോ മോഡലുകളെയും മറ്റു മോഡലുകളില്‍ നിന്ന് വേര്‍തിരിച്ചു നിറുത്തുന്നു. വലുപ്പക്കൂടുതലുള്ള സെന്‍സറുള്ള ഐഫോണ്‍ പ്രോ മാക്‌സ് ഡിഎക്‌സ്ഓമാര്‍ക്ക് റാങ്കിങിലും വളരെ മുന്നേറിയേക്കും.

 

English Summary: What is special about iPhone Pro cameras

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com