ADVERTISEMENT

പല സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളും 108 എംപി ക്യാമറയും, 10എക്‌സ് ടെലി സൂമും എല്ലാം നല്‍കിയപ്പോഴും അത്തരം ടെക്‌നോളജിയിലേക്കൊന്നും എടുത്തു ചാടാന്‍ ഐഫോണ്‍ നിര്‍മാതാവ് ആപ്പിള്‍ ഒരുക്കമായിരുന്നില്ല. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആപ്പിള്‍ ആദ്യമായി ഒരു പെരിസ്‌കോപ് ടെലി സൂം പരീക്ഷിക്കാന്‍ ഒരുങ്ങുകയാണെന്നാണ്. ആപ്പിള്‍ കമ്പനിയുടെ ഉൽപന്നങ്ങളെക്കുറിച്ച് താരതമ്യേന വിശ്വസയോഗ്യമായ വിവരങ്ങള്‍ നല്‍കുന്ന മിങ്-ചി കുവോ ആണ് പുതിയ പ്രവചനം നടത്തിയിരിക്കുന്നത്. എന്നാൽ പെരിസ്‌കോപ് സ്റ്റൈല്‍ ടെലി സൂം ലെന്‍സ് ഏതുവര്‍ഷമാണ് അവതരിപ്പിക്കുക എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഇത് 2022ല്‍ വരുമെന്നും അതല്ല 2023 ലാണ് എത്തുകയെന്നും പറയുന്നു.

 

∙ എന്താണ് പെരിസ്‌കോപ് സ്റ്റൈല്‍ ഒപ്ടിക്കല്‍ സൂം?

 

ഈ സാങ്കേതികവിദ്യ ആദ്യം അവതരിപ്പിച്ച കമ്പനികളിലൊന്ന് വാവെയ് ആണ്. 2019ല്‍ ഇറങ്ങിയ പി30 പ്രോയിലാണ് വാവെയ് ഇത് ആദ്യമായി അവതരിപ്പിച്ചത്. എന്നാലിപ്പോള്‍ പല കമ്പനികളും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. സാംസങ് ഗ്യാലക്‌സി എസ്20 അള്‍ട്രാ, ഒപ്പോ ഫൈന്‍ഡ് എക്‌സ്2 തുടങ്ങിയവ ഉദാഹരണം. ഒരോ കമ്പനിയും ഈ പെരിസ്‌കോപ് സൂം അവതരിപ്പിക്കുന്നതില്‍ ചെറിയ മാറ്റങ്ങളും കൊണ്ടുവരുന്നുണ്ട്. എന്നാല്‍, ഇവയുടെയെല്ലാം അടിസ്ഥാന തത്വം ഒന്നുതന്നെയാണ്. ക്യാമറയ്ക്കുള്ള ലെന്‍സ് എലമെന്റുകള്‍ മടക്കി (fold) ഉപയോഗിക്കുകയാണ് ചെയ്തിരിക്കുന്നത്. വാവെയുടെ പി30 ഫോണില്‍ 5 മടങ്ങ് ഒപ്ടിക്കല്‍ സൂമും, 50 മടങ്ങ് ഡിജിറ്റല്‍ സൂമുമാണ് ഉള്‍ക്കൊള്ളിച്ചിരുന്നത്.

 

∙ ക്യാമറാ ഡിസൈന്‍

 

വാവെയ് പി30 പ്രോയിലെ പെരിസ്‌കോപ് സ്റ്റൈല്‍ ലെന്‍സില്‍ ഏറ്റവും മുകൾ ഭാഗത്തിരിക്കുന്നത് പെരിസ്‌കോപ് മിറര്‍ ആണ്. പെരിസ്‌കോപ്പില്‍ കാണപ്പെടുന്നതു പോലെയാണിത്. മൂന്നു മിററുകളാണ് അടുക്കി വച്ചിരിക്കുന്നത്. ഇവയിലൂടെ എത്തുന്ന പ്രകാശം ടെലിഫോട്ടോ ലെന്‍സിലേക്കു കടത്തിവിടുന്നു. സെറ്റപ്പിന്റെ മധ്യത്തിലാണ് ടെലി ലെന്‍സ് ഘടിപ്പിച്ചിരിക്കുന്നത്. ഇതുവഴി ടെലി ലെന്‍സിന് ഫോക്കസ് ചെയ്യാന്‍ ശ്രമിക്കുന്ന വസ്തുവിന്റെ കൂടുതല്‍ അടുത്തേക്ക് എത്താന്‍ സാധിക്കുന്നു. ടെലി ലെന്‍സിനു പിന്നിലായാണ് ഇമേജ് പ്രോസസര്‍ വച്ചിരിക്കുന്നത്. മിററുകളിലൂടെയും തുടര്‍ന്ന് ടെലി ലെന്‍സിലൂടെയും കടന്നെത്തുന്ന ചിത്രം പകര്‍ത്തുകയാണ് സെന്‍സര്‍ ചെയ്യുന്നത്. മിററുകള്‍ എങ്ങനെ വയ്ക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ക്യാമറാ നിര്‍മാതാക്കള്‍ക്ക് 15 മടങ്ങ് ഒപ്ടിക്കല്‍ സൂം വരെ ലഭിക്കാമെന്നു പറയുന്നു.

 

∙ നാളിതുവരെ ഐഫോണില്‍ അനക്കമില്ലാത്ത ലെന്‍സ്

 

നിലവിൽ ഐഫോണ്‍ ഉപയോക്താക്കളുടെ ക്യാമറയ്ക്ക് സൂം ചെയ്യാനാവില്ല. അതേസമയം, മൂന്നു സൂം പൊസിഷനുകള്‍ ഉപയോഗിക്കാം - അള്‍ട്രാ വൈഡ്, വൈഡ്, ടെലി എന്നിങ്ങനെ. എന്നാല്‍, പെരിസ്‌കോപ് ക്യാമറയിലാകട്ടെ ശരിക്കും സൂം ലെന്‍സ് പോലെ സൂം ചെയ്ത് വസ്തുവിന് അടുത്തെത്താമെന്നതാണ് മെച്ചം. സാംസങ് ഗ്യാലക്‌സി എസ്20 അള്‍ട്രായില്‍ 100 മടങ്ങുവരെ സ്‌പേസ് സൂം ഫീച്ചര്‍ നല്‍കുന്നു. ഇതില്‍ ഒപ്ടിക്കല്‍ സൂം, ഡിജിറ്റല്‍ സൂം, എഐ ശാക്തീകരിച്ച പ്രോസസിങ് എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എന്നാല്‍, 100 മടങ്ങും മറ്റും സൂം ചെയ്യുമ്പോള്‍ ചിത്രത്തിന്റെ ക്വാളിറ്റിയില്‍ കാര്യമായ കുറവു വരുമെന്നും കാണാം. പ്രധാന ക്യാമറയില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ മോശം ചിത്രങ്ങള്‍ പെരിസ്‌കോപ് ക്യാമറയില്‍ നിന്ന് പ്രതീക്ഷിച്ചാല്‍ മതിയെന്നും വാദമുണ്ട്. അതേസമയം, ആപ്പിള്‍ എന്തെങ്കിലും മാജിക് പുറത്തെടുക്കുമോ എന്ന ആകാംക്ഷയിലാണ് ഐഫോണ്‍ ആരാധകര്‍. കുവോയുടെ പ്രവചനങ്ങളില്‍ ഏറ്റവും വലിയ പ്രശ്‌നം അദ്ദേഹത്തിന് ഏതു വര്‍ഷമായിരിക്കും പുതിയ ഫീച്ചര്‍ വരിക എന്നു കൃത്യമായി പറയാനാകുന്നില്ല എന്നതാണ്. അതേസമയം, കഴിഞ്ഞ അഞ്ചു വര്‍ഷമായി ആപ്പിള്‍ ഈ ടെക്‌നോളജി ഉള്‍ക്കൊള്ളിക്കാനുള്ള കഠിന പ്രയത്‌നത്തിലായിരുന്നു എന്നും പറയുന്നു.

 

∙ ഏറ്റവും വലിയ പരീക്ഷണം പെരിസ്‌കോപ് സൂമോ?

 

അതേസമയം, സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രാഫിയില്‍ വരാന്‍ പോകുന്ന ഏറ്റവും വലിയ മാറ്റം പെരിസ്‌കോപ് ക്യാമറ ഒന്നുമായിരിക്കില്ല, സോണി ഇറക്കാന്‍ പോകുന്ന 1-ഇഞ്ച് വലുപ്പമുള്ള സെന്‍സറായിരിക്കുമെന്നും വാദമുണ്ട്. പുതിയ സെന്‍സര്‍ ഉള്‍ക്കൊള്ളിച്ചാല്‍ പിന്‍ ക്യാമറാ സിസ്റ്റത്തിന്റ വലുപ്പം കൂടിയേക്കുമെങ്കിലും ചിത്രങ്ങളുടെ മികവു വര്‍ധിക്കുമെന്നതിനാല്‍ ഇത്തരം ലെന്‍സുകള്‍ തന്നെ വരട്ടെ എന്ന് ആഗ്രഹിക്കുന്നവരാണ് സ്മാര്‍ട് ഫോണ്‍ ഫൊട്ടോഗ്രാഫി ഗൗരവത്തിലെടുക്കുന്നവര്‍. പുതിയ സെന്‍സര്‍ ഈ വര്‍ഷം ഏപ്രിലില്‍ പുറത്തിറക്കുമെന്നാണ് സോണി പറയുന്നത്. സ്മാര്‍ട് ഫോണ്‍ ക്യാമറാ മികവില്‍ എപ്പോഴും ഒരുപിടി മുന്നിലുള്ള വാവെയ് ഈ സെന്‍സര്‍ അടുത്തിറങ്ങാന്‍ പോകുന്ന മെയ്റ്റ് സീരീസില്‍ അവതരിപ്പിച്ചേക്കുമെന്നും പറയുന്നു.

 

English Summary: iPhone cameras to get biggest upgrade ever

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com